ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണോ? പുതിയ അപ്‌ഡേറ്റുമായി റെയില്‍വേ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വസിക്കാം
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു വലിയ അപ്‌ഡേറ്റുമായാണ് ഇന്ത്യന്‍ റെയില്‍വേ വന്നിരിക്കുന്നത്. യാത്രക്കാര്‍ നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ടിനുള്ള പരിഹാരം എന്ന നിലയിലാണ് റെയില്‍വേ ഈ പുതിയ പദ്ധതി അവതരിപ്പിച്ചത്. ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ ടെന്‍ഷന്‍ അടിച്ചിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ട്രെയിന്‍ പുറപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമേ സീറ്റ് ഉറപ്പായോ എന്ന് അറിയാന്‍ സാധിക്കൂ.
വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് വലിയൊരു തലവേദന ആയിരുന്നു ഈ ചുരുങ്ങിയ സമയം. ടിക്കറ്റ് എങ്ങാനും കിട്ടിയിട്ടില്ലെങ്കില്‍ മറ്റ് യാത്രാമാര്‍ഗങ്ങള്‍ തേടാനും ബുദ്ധിമുട്ട് നേരിടുന്നു. വെയ്റ്റിങ് ലിസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാറ്റാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ടിക്കറ്റ് കണ്‍ഫേം ആണോ എന്ന് നേരത്തെ തന്നെ അറിയാനുള്ള സംവിധാനമാണ് റെയില്‍വേ ഒരുക്കുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റെയില്‍വേ അന്തിമ പാസഞ്ചര്‍ ചാര്‍ട്ട് പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടിക്കറ്റ് കണ്‍ഫേം ആയോ എന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് മാത്രമേ അറിയാന്‍ സാധിക്കൂ. ഇനി അത് 24 മണിക്കൂര്‍ മുമ്പ് അറിയാന്‍ കഴിയും.
രാജസ്ഥാനിലെ ബിക്കാനീര്‍ റെയില്‍വേ സ്റ്റേഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇത് വൈകാതെ നടപ്പാക്കാനാണ് റെയില്‍വേയുടെ പദ്ധതി.
അന്തിമ പാസഞ്ചര്‍ ചാര്‍ട്ട് പുറത്തിറക്കുന്നതോടെ യാത്രക്കാരുടെ യാത്രാദുരിതത്തിന് വലിയ ആശ്വാസം ഉണ്ടാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. കാരണം ഒരാള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അയാള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് യാത്ര ചെയ്യുന്ന ദിവസം വരെ അറിയാന്‍ കഴിയില്ല. ഇത് മറ്റ് യാത്രാ മാര്‍ഗങ്ങള്‍ നഷ്ടപ്പെടാനും കാരണമാകുന്നു. 24 മണിക്കൂര്‍ മുന്‍പ് ചാര്‍ട്ട് പുറപ്പെടുവിക്കുന്നതോടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ യാത്ര ആസൂത്രണം ചെയ്യാന്‍ സാധിക്കും. അഥവാ ടിക്കറ്റ് ഇല്ലെങ്കില്‍ ബസിലോ മറ്റ് യാത്രാ മാര്‍ഗങ്ങളോ തേടാന്‍ സമയം കിട്ടും.
ജോലിക്കായുള്ള അഭിമുഖങ്ങള്‍ക്കും അവധിക്ക് നാട്ടിലേക്കും മറ്റും പോകുന്നവര്‍ക്കും ഈ സൗകര്യം വളരെയധികം പ്രയോജനപ്പെടും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശപ്രകാരമാണ് ബിക്കാനീര്‍ ഡിവിഷനില്‍
റെയില്‍വേ ഈ പദ്ധതിയുടെ ട്രയല്‍ നടപ്പാക്കിയത്. ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, മുംബൈ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രധാന റൂട്ടുകളിലും വൈകാതെ ഇത് നടപ്പാക്കും.












Click it and Unblock the Notifications