കുളു, മണാലിക്ക് 33 % സബ്സിഡിയോടെ ട്രെയിനില്‍ പോകാം; ഉഗ്രന്‍ പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിന്‍
കുറഞ്ഞ ചെലവില്‍ കുളു, മണാലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവരല്ലേ നിങ്ങള്‍. അതും ട്രെയിനിലാണെങ്കില്‍ അടിപൊളി ഫീലായിരിക്കും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളാണ് ഷിംല, കുളു, മണാലി. വേനല്‍ക്കാല അവധി ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കായി മനോഹരമായ പാക്കേജാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. സ്വന്തം നിലയില്‍ പോയാല്‍ വലിയ ചെലവു വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കുറഞ്ഞ ചെലവില്‍ കാണാനുള്ള അവസരം റെയില്‍വേ ഒരുക്കുന്നത്.
വടക്കേ ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഷിംല, കുളു, മണാലി. ഈ സ്ഥലങ്ങളിലേക്ക് 14 ദിവസത്തെ സമഗ്രമായ യാത്രാ പാക്കേജാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രാലയം അംഗീകരിച്ച ടൂര്‍ ടൈംസ്, സൗത്ത് സ്റ്റാര്‍ റെയില്‍ എന്നിവയുമായി സഹകരിച്ചാണ് ഈ വേനല്‍ക്കാല സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. ഈ പാക്കേജിന്റെ ഏറ്റവും വലിയ സവിശേഷത യാത്രക്കാര്‍ക്ക് ലഭിക്കുന്ന 33 ശതമാനം സബ്സിഡിയാണ്.

ഏപ്രില്‍ 10-ന് പുറപ്പെടുന്ന ഈ ട്രെയിനിലേക്കുള്ള ബുക്കിംഗുകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഹിമാചല്‍ പ്രദേശിലെ മനോഹരമായ മലനിരകള്‍ക്ക് പുറമേ ആഗ്ര, ഡല്‍ഹി, അമൃത്സര്‍ തുടങ്ങിയ പ്രധാന വടക്കേ ഇന്ത്യന്‍ നഗരങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരികളെ പ്രധാനമായും ലക്ഷ്യമിട്ടാണ് ഈ ട്രെയിന്‍ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പെനുകൊണ്ട, ധര്‍മ്മവാരം, അനന്തപൂര്‍, ഗൂട്ടി, ധോണ്‍, കുര്‍ണൂല്‍, ഗഡ്വാള്‍, അഹബുബ്നഗര്‍, സെക്കന്തരാബാദ് എന്നീ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിനില്‍ കയറാന്‍ സൗകര്യമുണ്ടായിരിക്കും.
പതിമൂന്ന് ദിവസത്തെ കൃത്യമായ യാത്രാ പ്ലാനില്‍ ആഗ്രയിലെ താജ്മഹല്‍, ഷിംലയിലെയും മണാലിയിലെയും മഞ്ഞുമലകള്‍, അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം, ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വിവിധ ക്ലാസുകളിലായി ആകര്‍ഷകമായ നിരക്കുകളാണ് പാക്കേജിനായി നിശ്ചയിച്ചിരിക്കുന്നത്. സ്ലീപ്പര്‍ ക്ലാസിന് 38,500 രൂപയും തേര്‍ഡ് എസിക്ക് 43,300 രൂപയുമാണ് അടിസ്ഥാന നിരക്ക്. കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെക്കന്‍ഡ് എസി 49,100 രൂപയ്ക്കും ഫസ്റ്റ് എസി 58,400 രൂപയ്ക്കും ലഭ്യമാണ്. കുടുംബമായി വിനോദയാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്നതും സുരക്ഷിതവുമായ ഒരു യാത്രാ അനുഭവമാണ് റെയില്‍വേ ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.












Click it and Unblock the Notifications