ഉത്സവ സീസണില്‍ ട്രെയിന്‍ ടിക്കറ്റില്‍ ഇളവ്; റൗണ്ട് ട്രിപ്പ് പാക്കേജുമായി റെയില്‍വേ: ആര്‍ക്കൊക്കെ ലഭിക്കും
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടാകുന്ന കാലഘട്ടമാണ് ഉത്സവ സീസണ്‍. ഈ സീസണിനോട് അനുബന്ധിച്ച് പല മുന്നൊരുക്കങ്ങളും ഇന്ത്യന്‍ റെയില്‍വേ നടത്താറുണ്ട്. ഇക്കുറി യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു അപ്രതീക്ഷിത പ്രഖ്യാപനമാണ് റെയില്‍വേ നടത്തിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ഉത്സവ സീസണിലെ തിരക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആഹ്‌ളാദവും ആശ്വാസവും നല്‍കുന്നതാണ് റെയില്‍വേയുടെ പ്രഖ്യാപനം.
ഉത്സവകാല യാത്രാ തിരക്ക് കുറയ്ക്കുക, ഇരു ദിശകളിലേക്കുമുള്ള ട്രെയിനുകളിലെ തിരക്ക് ക്രമീകരിക്കുക, റെയില്‍വേ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നിവയാണ് ഈ പൈലറ്റ് സംരംഭത്തിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജ്' എന്ന പദ്ധതിയാണ് റെയില്‍വേ അവതരിപ്പിക്കുന്നത്. ആദ്യ യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് ഒരേ സമയം എടുക്കുന്നവര്‍ക്കാണ് ഈ കിടിലന്‍ ഓഫര്‍ ലഭിക്കുന്നത്. മടക്കയാത്രയിലെ ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.
കണ്‍ഫേര്‍മ്ഡ് ടിക്കറ്റിന് മാത്രമാണ് ഈ ഇളവ് ലഭിക്കുക. അതേസമയം, ഈ സ്‌കീമിന് കീഴില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല. രണ്ട് യാത്രകളിലും മാറ്റങ്ങളും അനുവദിക്കില്ല.
യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20 ശതമാനം കിഴിവ് ലഭിക്കും. റെയില്‍വേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ 'കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍' വഴി ഓഗസ്റ്റ് 14 മുതല്‍ 'റൗണ്ട് ട്രിപ്പ് പാക്കേജ്' പദ്ധതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. പൂജ അവധി ദിനങ്ങളില്‍ നാട്ടിലേക്കും അവധി കഴിഞ്ഞ് മടങ്ങുകയും ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടും.
2025 ഒക്ടോബര്‍ 13 നും 2025 ഒക്ടോബര്‍ 26 നും ഇടയിലായിരിക്കണം ആദ്യ യാത്ര. 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ ഒന്നിനും ഇടയില്‍ മടക്ക യാത്ര നടത്തണം. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിലാണ് ഇളവ് ലഭിക്കുക.
യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യണം. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും ലഭിക്കുക. ഫ്‌ളെക്‌സി-ഫെയര്‍ സംവിധാനമുള്ള ട്രെയിനുകളില്‍ ഒഴികെ എല്ലാ ക്ലാസുകളിലും ട്രെയിനുകളിലും (സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ) ഈ പാക്കേജ് ലഭ്യമാകും. മറ്റ് കിഴിവുകള്‍, റെയില്‍ യാത്രാ കൂപ്പണുകള്‍, വൗച്ചറുകള്‍, പാസുകള്‍ ഒന്നും ഈ പാക്കേജില്‍ ലഭിക്കില്ല.












Click it and Unblock the Notifications