ഇറാന്‍ എന്തുകൊണ്ട് പിന്നാക്കം പോയി; ഇനി വിസ ഇല്ലാതെ പറ്റില്ല, കൂടെ മറ്റൊരു രാജ്യവും, ഇന്ത്യ 55ല്‍
ലോകത്തെ പാസ്‌പോര്‍ട്ടുകളുടെ കരുത്ത് പരിശോധിച്ച് എല്ലാ വര്‍ഷവും പട്ടിക പുറത്തിറക്കാറുണ്ട് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്. ഈ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാന്‍ വകയുണ്ടെങ്കിലും തിരിച്ചടിയുമുണ്ട്. പട്ടികയിലെ പദവിയില്‍ ഇന്ത്യ മുന്നേറി. പക്ഷേ, വിസ ഇല്ലാതെ ഇന്ത്യയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ കുറഞ്ഞു.
2025ലെ പട്ടികയില്‍ ഇന്ത്യയുടെ പദവി 85 ആയിരുന്നു. ഈ വര്‍ഷത്തെ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ 80 ആയി മെച്ചപ്പെട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പൂര്‍ ആണ്. കൂടുതല്‍ രാജ്യങ്ങള്‍ വിസ ഇല്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പാസ്‌പോര്‍ട്ടിന്റെ കരുത്ത് പരിശോധിക്കുന്നതും പട്ടിക തയ്യാറാക്കുന്നതും.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ 57ല്‍ നിന്ന് 55ലേക്ക് കുറഞ്ഞതോടെ ഏതാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ട് രാജ്യങ്ങള്‍ എന്ന ചോദ്യം ഉയര്‍ന്നു. ഇറാനും ബൊളീവിയയുമാണ് ഈ രാജ്യങ്ങള്‍. ചരിത്രപ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങളുള്ള രാജ്യമാണ് ഇറാന്‍. വിസ ഇല്ലാതെ പ്രവേശിക്കാന്‍ അനുമതി നല്‍കിയതോടെ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒഴുക്കായിരുന്നു ഇറാനിലേക്ക്.
ഇറാന്‍ ഇളവ് റദ്ദാക്കാന്‍ കാരണം
ഇറാന്‍ നല്‍കിയ ഇളവ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യക്കാരെ കുരുക്കിലാക്കാന്‍ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം വന്നു. പല ഇന്ത്യക്കാരെയും യാത്രയും ജോലിയും വാഗ്ദാനം ചെയ്ത് ഇറാനില്‍ എത്തിക്കുകയും കെണിയിലാക്കുകയും ചെയ്യുന്നതായിരുന്നു സംഭവങ്ങള്‍.
മോചന ദ്രവ്യം ആവശ്യപ്പെട്ട ശേഷമാണ് പലരെയും വിട്ടയച്ചത്. ഈ സാഹചര്യത്തില്‍ ഇറാനിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം എന്ന നിര്‍ദേശം ഇറാന്‍ നല്‍കി. മാത്രമല്ല, വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ വീഴരുത് എന്ന ഇന്ത്യയുടെ മുന്നറിയിപ്പും വന്നു. തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 22ന് ഇന്ത്യക്കാര്‍ക്ക് ഇറാന്‍ വിസ നിര്‍ബന്ധമാക്കിയത്.
അതിന് മുമ്പു വരെ ഇറാനിലേക്ക് പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമുണ്ടായിരുന്നില്ല. വിസ ഇല്ലാതെ ഇറാനിലെത്തി നിശ്ചിത ദിവസം തങ്ങാം. അതിന് ശേഷവും താമസിക്കണം എങ്കില്‍ വിസ എടുക്കേണ്ടി വരും. മാത്രമല്ല, ഇറാനില്‍ തങ്ങുന്ന ദിവസങ്ങളില്‍ താമസം, ചെലവ് എന്നതിനുള്ള പണമുണ്ട് എന്ന രേഖ ആവശ്യമാണ്. ആറ് മാസം കാലവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധവുമായിരുന്നു.
ബൊളീവിയ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യമാണ് നേരത്തെ അനുവദിച്ചിരുന്നത്. അതായത്, വിമാനത്താവളത്തില്‍ എത്തിയാല്‍ അപേക്ഷ സമര്‍പ്പിച്ച് യാത്രയ്ക്കും താമസത്തിനുമുള്ള രേഖ നേടിയെടുക്കുന്ന രീതി. ഇപ്പോള്‍ ഇത് നിര്‍ത്തിവച്ചു. തുടര്‍ന്ന് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി വിസയ്ക്ക് അപേക്ഷ സമപ്പിച്ച്, മെയില്‍ വഴി വിസ ലഭിച്ച ശേഷം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കാണിക്കേണ്ടി വരും. അപേക്ഷ നല്‍കാന്‍ നേരിട്ട് പോകേണ്ടതില്ല എന്നാണ് നേട്ടം.












Click it and Unblock the Notifications