കാശിയിലേക്ക് ട്രെയിനില്‍ സബ്‌സിഡിയോടെ യാത്ര; കാശി പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിന്‍: നിരക്ക്
എല്ലാ തീര്‍ഥാടകരുടെയും ആഗ്രഹമാണ് കാശി സന്ദര്‍ശിക്കുക എന്നത്. തീര്‍ഥാടകരുടെ ആഗ്രഹം പോലെ കാശിയിലേക്ക് താരതമ്യേന കുറഞ്ഞ ചെലവിലുള്ള പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഓഗസ്റ്റ് 31 -ന് ആരംഭിച്ച് സെപ്റ്റംബര്‍ എട്ടിന് അവസാനിക്കുന്ന ഒമ്പത് ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് (ഐആര്‍സിടിസി).
കാശി പാക്കേജിനൊപ്പം ദക്ഷിണേന്ത്യന്‍ ടൂറും ഐആര്‍സിടിസി സംഘടിപ്പിക്കുന്നുണ്ട്. രണ്ടും തീര്‍ഥാടന യാത്രകളാണ്. കര്‍ണാടകയിലുള്ളവര്‍ക്ക് ഈ രണ്ട് യാത്രകള്‍ക്കും പ്രത്യേകം സബ്സിഡിയും അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ടിക്കറ്റ് നിരക്കില്‍ വലിയ ഇളവ് ലഭിക്കും.

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് ഒന്‍പതു ദിവസത്തെ യാത്ര. വാരണാസി (കാശി വിശ്വനാഥ ക്ഷേത്രം, തുളസി മന്ദിര്‍, സങ്കട് മോചന ഹനുമാന്‍ മന്ദിര്‍), അയോധ്യ (രാമ മന്ദിര്‍, ഹനുമാന്‍ ഗര്‍ഹി), ഗയ, ബോധ് ഗയ (വിഷ്ണുപാദ് ക്ഷേത്രം, മഹാബോധി ക്ഷേത്രം), പ്രയാഗ്രാജ് (ത്രിവേണി സംഗമം, ഹനുമാന്‍ ക്ഷേത്രം) എന്നിവ ഉള്‍പ്പെടുന്നതാണ് പാക്കേജ്.
കാശി യാത്രയ്ക്ക് ഒരാള്‍ക്കുള്ള നിരക്ക് 22,500 രൂപയാണ്, കര്‍ണാടകയില്‍ താമസിക്കുന്ന യാത്രക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 7,500 രൂപയുടെ പ്രത്യേക സബ്സിഡി അനുവദിക്കുന്നു. ഇതോടെ നിരക്ക് 15,000 രൂപയായി കുറയും. ബെംഗളൂരു, യശ്വന്ത്പൂര്‍, തുമകുരു, ബിരൂര്‍, ദാവണഗരെ, ഹാവേരി, ഹുബ്ബള്ളി, ബെലഗാവി എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉള്ളത്.
രണ്ടാമത്തെ യാത്രയായ ദക്ഷിണേന്ത്യന്‍ ടൂര്‍ സെപ്റ്റംബര്‍ 11 ന് ആരംഭിക്കും ആറ് ദിവസത്തെ യാത്രയാണിത്. കന്യാകുമാരി (ഭഗവതി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയല്‍), തിരുവനന്തപുരം (പത്മനാഭസ്വാമി ക്ഷേത്രം), രാമേശ്വരം (രാമനാഥസ്വാമി ക്ഷേത്രം), മധുര (മീനാക്ഷി ക്ഷേത്രം) എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 15,000 രൂപയാണ്, കര്‍ണാടകയില്‍ താമസിക്കുന്ന യാത്രക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 5,000 രൂപയുടെ പ്രത്യേക സബ്സിഡി ലഭിക്കും, ഇതോടെ നിരക്ക് 10,000 ആയി കുറയും. ബെലഗാവി, ഹുബ്ബള്ളി, ഹാവേരി, ദാവണഗരെ, ബിരൂര്‍, തുമകുരു, ബെംഗളൂരു എന്നിവിടങ്ങളിലാണ് ബോര്‍ഡിംഗ് പോയിന്റുകള്‍.
പൂര്‍ണമായും സസ്യാഹാരമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഓരോ കോച്ചിനും ടൂര്‍ എസ്‌കോര്‍ട്ട് ഉണ്ടാകും. യാത്രാ ഇന്‍ഷുറന്‍സ്, ഐആര്‍സിടിസി ടൂര്‍ മാനേജര്‍, സുരക്ഷ എന്നീ സേവനങ്ങളും ലഭിക്കും. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാവുന്നതാണ്.












Click it and Unblock the Notifications