ഇസ്രായേല്‍ വിസ ഇനി സിംപിള്‍; 2367 രൂപ ചെലവ്, 10 ദിവസം മാത്രം മതി... ഇന്ത്യക്കാര്‍ക്ക് ഇ-വിസ
ടെല്‍ അവീവ്: ഇന്ത്യന്‍ യാത്രക്കാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വിസാ നടപടികള്‍ ലഘൂകരിച്ചു. ഇ-വിസ സംവിധാനമാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി നടപ്പാക്കിയിരിക്കുന്നത്. നേരിട്ട് പോകാതെ, ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വിസ നേടിയെടുക്കാന്‍ ഇതോടെ സാധിക്കും. അന്താരാഷ്ട്ര ടൂറിസം രംഗത്തെ സജീവമാക്കുന്നതില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇസ്രായേലിന്റെ പുതിയ ഇളവ്.
എവിടെ നിന്നും ഇസ്രായേല്‍ വിസയ്ക്ക് വേണ്ടി ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും. കൂടുതല്‍ സങ്കീര്‍ണമായ നടപടികളുണ്ടാകില്ലെന്ന് മാത്രമല്ല, പത്ത് ദിവസത്തിനകം വിസ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പുതിയ ഇ-വിസ പ്രധാനമായും ലക്ഷ്യമിടുന്നത് വ്യക്തിഗത വിനോദസഞ്ചാരികളെയാണ്. ഗ്രൂപ്പ് വിസയ്ക്ക് വേണ്ടി നേരത്തെയുള്ള സംവിധാനം തന്നെ ആശ്രയിക്കാം...

ഇസ്രായേല്‍ ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇ-വിസയ്ക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കും. എന്തൊക്കെ രേഖകളാണ് ആവശ്യം, അപേക്ഷിക്കുന്ന രീതി എങ്ങനെ, അപേക്ഷ ഫീസ് എത്ര എന്നീ കാര്യങ്ങളെല്ലാം വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് വിശദ വിവരം കിട്ടും.
2018ല്‍ 70800 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് ഇസ്രായേല്‍ സന്ദര്‍ശിച്ചത്. കൊവിഡ് വ്യാപിച്ചതോടെ ഗതാഗതം നിശ്ചലമാകുകയും ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുകയും ചെയ്തതോടെ യാത്രക്കാര്‍ പിന്നീട് കുറഞ്ഞു. 2022ല്‍ 30900, 2023ല്‍ 41800 പേരും ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലെത്തി. 2024ല്‍ ജനുവരി-ഒക്ടോബര്‍ കാലയളവില്‍ 8500 ഇന്ത്യക്കാര്‍ മാത്രമാണ് ഇസ്രായേലിലെത്തിയത്.
പശ്ചിമേഷ്യയിലെ സാഹചര്യം സങ്കീര്‍ണമായതിന് ശേഷം ഇസ്രായേലിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. വൈകാതെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നാണ് പുതിയ വിവരം. ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നിര്‍ദേശ പ്രകാരം മൊസാദ് മേധാവി ദോഹയില്‍ എത്തി ചര്‍ച്ച നടത്തുന്നുണ്ട്.
സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കപ്പെട്ടാല്‍ ഇസ്രായേലിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം കൂടിയേക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇ-വിസ സംവിധാനം അനുവദിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. പലസ്തീനിലും ഇസ്രായേലിലുമായി നിരവധി പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്.
ഇസ്രായേലിന്റെ ഇ-വിസ ലഭിക്കാന്‍ വേണ്ട രേഖകള്‍
1 ഇസ്രായേലില്‍ നിന്ന് മടങ്ങുന്നത് വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടാകണം.
2. നിലവില്‍ വിസ ഉള്ളവരാണെങ്കില്‍ പകര്‍പ്പ് കൈവശമുണ്ടാകണം. കാലാവധി കഴിഞ്ഞ വിസയാണെങ്കിലും പകര്‍പ്പ് കരുതാം.
3. ഏറ്റവും അടുത്ത കാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആവശ്യമാണ്.
4. വിമാന ടിക്കറ്റ് എടുത്തതതിന്റെ പകര്‍പ്പ്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന്റെ പകര്‍പ്പാണ് ആവശ്യം.
5. ഇസ്രായേലില്‍ താമസിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് വേണം.
6. എവിടെയാണ് താമസിക്കുക എന്ന രേഖ വേണം. ഹോട്ടല്‍ ബുക്ക് ചെയ്തതിന്റേയോ, ബന്ധുക്കളുടെ കൂടെ താമസിക്കുന്നതിന്റേയോ രേഖ മതിയാകും.
7. ഇസ്രായേലില്‍ താമസിക്കുമ്പോള്‍ ചെലവാക്കുന്നതിന് മതിയായ പണം കൈവശമുണ്ടാകണം. ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റോ, മറ്റു രേഖകളോ മതിയാകും.
8. നേരത്തെ സന്ദര്‍ശകര്‍ ബി2 ടൂറിസ്റ്റ് വിസയാണ് അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇ-വിസ ബി2 ആണ് ഇനി അപേക്ഷിക്കേണ്ടത്.
9. 90 ദിവസം കാലാവധിയുള്ള വിസയാണ് അനുവദിക്കുക. എന്തെങ്കിലും തടസം നേരിട്ടാല്‍ വിസയുടെ ദൈര്‍ഘ്യത്തില്‍ അന്തിമ തീരുമാനം ഇസ്രായേല്‍ എമിഗ്രേഷന്‍ അതോറിറ്റിയുടേത് ആയിരിക്കും.
10. ഹൃസ്വകാല സന്ദര്‍ശനത്തിന് മാത്രമേ ഇ-വിസ ഉപകരിക്കൂ. കുടുംബ സന്ദര്‍ശനം, ടൂറിസം, ചികില്‍സ ആവശ്യം, ബിസിനസ് ആവശ്യം, കുറഞ്ഞ കാലത്തേക്കുള്ള പഠനം എന്നിവയ്ക്ക് ഉപകരിക്കും. 100 ഇസ്രായേല്‍ കറന്‍സിയാണ് വിസയ്ക്കുള്ള ചെലവ്. അതായത്, 2367 രൂപ.












Click it and Unblock the Notifications