ജഡായുവിനെ കണ്ട്, പുരവഞ്ചിയിൽ യാത്ര ചെയ്ത് മൂന്നാറും കറങ്ങി വരാം, നാട് കാണാൻ ഐആർസിടിസി പാക്കേജ്
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജഡായുവിനെ കണ്ട് അമ്പരക്കാത്ത സന്ദർശകരില്ല. രാവണനുമായുള്ള യുദ്ധത്തിൽ വെട്ടേറ്റുവീണ രൂപത്തിൽ പക്ഷിഭീമനെ കൊത്തിയിരിക്കുന്ന ഇവിടം ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകളിലൊന്നാണ്. ഒപ്പം തലസ്ഥാനത്തെ ആഴിമലയും പത്മനാഭ ക്ഷേത്രവും കുമരകത്ത് ഹൗസ് ബോട്ടിൽ ഒരു യാത്രയും കൂടി ചെയ്താലോ. ഏതൊരു സഞ്ചാരിയും കേരളത്തിൽ കാണാനും പോകാനും ആഗ്രഹിക്കുന്ന ഇടങ്ങൽ തിരഞ്ഞെടുത്ത് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഐആർസിടിസി.
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഐആർസിടിസിയുടെ വിങ്സ് ഓഫ് ജഡായൂ വിത്ത് ഹൗസ് ബോട്ട് പാക്കേജ് തിരുവനന്തപുരം മുതൽ മൂന്നാർ വരെ ഉഗ്രൻ യാത്രാനുഭവം നല്കുന്ന പാക്കേജാണ്. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന യാത്രയിൽ വൈകിട്ട് ആഴിമല ക്ഷേത്രം കണ്ടാണ് തുടക്കം. തുടർന്ന് കോവളം ബീച്ചിന്‍റെ ഭംഗി ആസ്വദിച്ച് രാത്രി തിരുവനന്തപുരത്തോ കോവളത്തോ താമസവും.

പിറ്റേന്ന് പത്മനാഭ സ്വാമി ക്ഷേത്രം കണ്ട് നേരെ കൊല്ലം ചടയമംഗലത്തെ ജഡായു എർത്ത് സെന്‍ററിലേക്കാണ് പോകുന്നത്. പാറപ്പുറത്ത് വെട്ടേറ്റു കിടക്കുന്ന ജഡായുവിന്‍റെ ശില്പവും അതിനുള്ളിലെ കൗതുക ലോകവുമാണ് ഇവിടെയുള്ളത്. ഇവിടുന്നിറങ്ങി കുമരകത്തേയ്ക്കാണ് പോകുന്നത്. പകൽ കാഴ്ച കണ്ട് രാത്രി ഹൗസ് ബോട്ടിൽ താമസിക്കുന്ന വിധത്തിലാണ് യാത്ര.
മൂന്നാം ദിവസം കുമരകത്ത് നിന്നിറങ്ങി രാവിലെ മൂന്നാറിന് പോകും, പുനർജനിയിലെ സാംസ്കാരിക പരിപാടുകൾ കണ്ട് രാത്രി മൂന്നാറിൽ. നാലാം ദിവസം മുഴുവനും മൂന്നാർ കാഴ്ചകളാണ്. ഇരവികുളം, ടീ മ്യൂസിയം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള തടാകം എന്നിവിടങ്ങൾ കാണും. പിറ്റേന്ന് രാവിലെ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്ര, മറൈൻ ഡ്രൈവ്, ഷോപ്പിങ്ങിനായി ബ്രോഡ് വേ എന്നിവിടങ്ങളാണ് ഈ ദിവസത്തെ ആകർഷണം . അഞ്ചാം ദിവസം ഫോർട്ട് കൊച്ചി കാണുകയാണ് ലക്ഷ്യം. ഡച്ച് പാലസ്, സിനഗോഗ്,തുടങ്ങിയ ഇടങ്ങള്‍ കണ്ട് നിങ്ങളെ റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ വിടുന്നതോടെ യാത്ര സമാപിക്കും.
ട്രിപ്പിള്‍ ഒക്യൂപൻസിയിൽ 22,635 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഡബിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 29,880/- രൂപയും സിംഗിള്‍ ഒക്യുപൻസിക്ക് 57,785/-രൂപയുമാണ് 1 മുതൽ നാല് വരെയുള്ള യാത്രാ ഗ്രൂപ്പില് സെപ്റ്റംബർ 26 വരെ ബുക്ക് ചെയ്യുന്നവർക്കുള്ള തുക. സെപ്റ്റംബർ 26 ന് ശേഷമാണെങ്കിൽ ഇത് യഥാക്രമം ഒരാൾക്ക് 24,155/- രൂപ, 31,775/- രൂപ, 62,005/- രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931959, 8287932117












Click it and Unblock the Notifications