കാടിന് നടുവിൽ പതഞ്ഞൊഴുകുന്ന കർണാടകയിലെ ജോഗ്; പോക്കറ്റ് കാലിയാകാതെ കെഎസ്ആർടിസിയിൽ പോകാം,പാക്കേജ്
ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുറഞ്ഞ ചെലവിൽ ആളുകൾക്ക് കണ്ടാസ്വദിക്കുകയെന്ന ലക്ഷ്യത്തിലാണ് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ബജറ്റ് ടൂറിസം യാത്രകൾ ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ യാത്രകൾ ആളുകൾ ഏറ്റെടുത്തു. കുറഞ്ഞ ചെലവെന്നതും വളരെ എളുപ്പത്തിൽ യാത്ര സാധ്യമാകുമെന്നതുമാണ് ഇതിന് കാരണം ഏകദിന യാത്രകൾ കൂടാതെ രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രകൾ വരെ, താമസസൗകര്യം നല്കി ബജറ്റ് സെൽ വിജയകരമായി നടത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നായി 30 ഓളം സ്ഥങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളുണ്ട്.
ഇനി എപ്പോഴാണ് അന്യസംസ്ഥാനങ്ങളിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം ആരംഭിക്കുകയാണെന്നാണ് പലർക്കും അറിയേണ്ടത്. പ്രത്യേകിച്ച് കർണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര. എന്തായാലും അത്തരം യാത്രകൾക്ക് അൽപം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ നിരാശപ്പെടേണ്ട, കേരളത്തിലെ പോലെ തന്നെ കർണാടകയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇത്തരത്തിൽ കണ്ടുമടങ്ങാൻ കർണാടക ആർടിസിയും പാക്കേജുകൾ നടപ്പാക്കുന്നുണ്ട്. അത്തരത്തിൽ കർണാടക ആർടിസിയുടെ ജോഗ് വെള്ളാച്ചാട്ടം പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.

കർണാടകയിലെ അതിമനോരഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഷിമോഗ ജില്ലയിൽ ഉള്ള ജോഗ്. വന്യമായി പതഞ്ഞ് താഴോട്ടൊഴുകുന്ന ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗി അറിയണമെങ്കിൽ ആ കാഴ്ച നേരിട്ട് തന്നെ കാണണം. ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് 253 മീറ്റർ(829 അടി) ഉയരത്തിൽ നിന്നാണ് പതിക്കുന്നത്. ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും വെള്ളച്ചാട്ടം അറിയപ്പെടുന്നു.
രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ജലപാതങ്ങള്‍ ചേര്‍ന്നതാണ് ജോഗ് വെള്ളച്ചാട്ടം. ഇവ നാലിനും വ്യത്യസ്ത ഭഫാവങ്ങളാണ്. ഗാംഭീര്യത്തോടെ താഴേക്ക് പതിക്കുന്നതാണ് രാജ. റോററാവട്ടെ ആർത്തലച്ച് എത്തുന്നതാണ്. റാണി പൊതുവേ ശാന്തമായാണ് താഴേക്ക് പതിക്കുന്നത്. റോക്കറ്റ് ജല പാതം വളരെ വേഗത്തില്‍ ഒരു ജെറ്റ് പോലേയും. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണാൻ ഏറ്റവും ഭംഗി. ഇത് കാണാനായി പ്രത്യേക വ്യൂ പോയിന്റും ഉണ്ട്. മൺസൂൺ കഴിഞ്ഞാൽ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ജോഗ് കാണാൻ മികച്ച സമയം.
ജോഗ് വെള്ളച്ചാട്ടത്തോടൊപ്പം ഷിമോഗയിലെ സാഗറിന് അടുത്തുള്ള വരദഹള്ളി, തുംഗഭദ്രയുടെ പോഷകനദിയായ വരദ ഉത്ഭവിക്കുന്ന വരദ മൂല, കർണ്ണാടകയുടെ ചരിത്ര നഗരമായ ഇക്കേരി, വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായ നായകർ ഭരിച്ചിരുന്ന കേളടി എന്നീ സ്ഥലങ്ങളും പാക്കേജിൽ ആസ്വദിക്കാം. മുതിർന്നവർക്ക് 2500 രൂപയും 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2300/-രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് https://www.ksrtc.in/oprs-web/pkg/tours.do












Click it and Unblock the Notifications