കടമക്കുടിയിൽ ഓണം കളറാക്കാം; കാഴ്ചകളും പാട്ടുമായി ഓണം ക്രൂയിസ് യാത്ര..പോരുവല്ലേ?
കൊച്ചിക്കായലിന്റെ മടിയിൽ മറഞ്ഞുകിടക്കുന്ന മനോഹരമായ ഒരു തുരുത്താണ് കടമക്കുടി. പ്രകൃതിയുടെ തനിമയും ഗ്രാമീണ സൗന്ദര്യവും മഴയുടെ കുളിരും ഒത്തുചേരുമ്പോൾ കടമക്കുടി സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുന്നു. കൊച്ചിയിൽ നിന്ന് ഒരു ദിവസത്തെ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തീർച്ചയായും കടമക്കുടിയിലേക്ക് വെച്ച് പിടിക്കാം, പ്രത്യേകിച്ചും മഴക്കാലത്ത്. ഇവിടുത്തെ കാഴ്ചകൾ സഞ്ചാരികളെ അതിശയിപ്പിക്കും തീർച്ച. ഇതൊക്കെ വായിക്കുമ്പോൾ ഒന്ന് പോകണമെന്ന് തോന്നുന്നല്ലേ? എന്നാൽ അധികം കാത്തിരിക്കേണ്ട, കടമക്കുടി പൂർണമായും ആസ്വദിക്കാനായി ഒരു മികച്ച യാത്ര പാക്കേജ് തയ്യാറായിട്ടുണ്ട്. ആട്ടവും പാട്ടും കാഴ്ചകളും ഒത്തുചേരുന്ന ഈ യാത്ര, സെപ്റ്റംബർ 1 മുതൽ 10 വരെയാണ് ഒരുക്കിയിരിക്കുന്നത്. വിശദമായി നോക്കിയാലോ?

കടമക്കുടിയുടെയും വൈപ്പിൻ ദ്വീപുകളുടെയും സൗന്ദര്യം ആഘോഷിച്ച് പോകാൻ കഴിയുന്നൊരു ക്രൂയിസ് യാത്രയാണ് ഇത്. പ്രകൃതിഭംഗി, പ്രാദേശിക ജീവിതരീതികൾ, ചരിത്രപരമായ കാഴ്ചകൾ എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ഈ ഉല്ലാസയാത്ര, കൊച്ചിയുടെ കായൽ സൗന്ദര്യം അടുത്തറിയാൻ സുവർണ്ണാവസരം നൽകും.
വൈപ്പിൻ കരയുടെയും പ്രത്യേകിച്ച് കടമക്കുടിയുടെയും പൊക്കാളി പാടങ്ങൾ, ചീനവലകൾ, ചെമ്മീൻ കെട്ടുകൾ തുടങ്ങി ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ കാണികൾക്ക് പുതിയൊരു അനുഭവമാകും. വിനോദ വിജ്ഞാനത്തിനുള്ള സൗകര്യങ്ങൾ ക്രൂയിസിൽ ഉണ്ടാകും.യാത്രക്കിടെ വിവിധ കരകളിൽ ഇറങ്ങാനും കലാപരിപാടികൾ ആസ്വദിക്കാനും അവസരമുണ്ട്. ഗാനങ്ങളും നൃത്തവും സംഗീതവും ഉൾപ്പെടെ വിവിധ കലാപ്രകടനങ്ങൾ ക്രൂയിസിന് ആവേശകരമായ ഒരു അന്തരീക്ഷം നൽകും. ഇതിനു പുറമെ, ചെറുവഞ്ചികൾ, കയാക്കിങ്, പെഡൽ സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളും ക്രൂയിസിന് അനുബന്ധമായി ഒരുക്കുന്നുണ്ട്.
ഒരാൾക്ക് വെറും 550 രൂപ
അഞ്ച് മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് ഈ ക്രൂയിസ് യാത്ര. ഭക്ഷണമുൾപ്പെടെ ഒരാൾക്ക് 550 രൂപയാണ് ചെലവ് വരുന്നത്. ക്രൂയിസ് യാത്ര സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന്
ബോൾഗാട്ടി റോ-റോ ജെട്ടിയിൽ വെച്ച് കെ എൻ. ഉണ്ണിക്കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വൈപ്പിൻകരയുടെയും കടമക്കുടിയുടെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ ക്രൂയിസ് സഹായകമാകും. വിനോദവും വിജ്ഞാനവും ഒരുമിക്കുന്ന ഈ ഓണക്കാല ബോട്ടുയാത്ര, കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ അറിഞ്ഞ് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരം ആയിരിക്കുമെന്ന് എം എൽ എ പറഞ്ഞു. മുതിർന്നവരും കുട്ടികളുമടക്കം 200 പേർക്ക് ക്രൂയിസിൽ സൗജന്യയാത്ര നൽകുമെന്നും എം എൽ എ അറിയിച്ചു.
എംഎൽഎ പറഞ്ഞു.












Click it and Unblock the Notifications