കൊച്ചി എയര്‍പോര്‍ട്ടിലേക്കാണോ? ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ജനശതാബ്ദിക്ക് പുതിയ സ്റ്റോപ്പ്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ പുതിയ തീരുമാനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനാണ് അറിയിച്ചത്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും നേട്ടമാകുമിത്.
നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ക്ക് അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍ ആലുവയാണ്. നിലവില്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ ട്രെയിനില്‍ കൊച്ചിയിലെത്തിയ ശേഷം എയര്‍പോര്‍ട്ടിലേക്ക് ടാക്‌സി വിളിക്കുകയോ മറ്റോ ആണ് ചെയ്യുന്നത്. എറണാകുളത്ത് എത്തിയ ശേഷം ഏകദേശം 35 കിലോമീറ്ററോളം വീണ്ടും യാത്ര ചെയ്യേണ്ടി വരുന്നു എന്ന് ചുരുക്കം.

കൊച്ചിയിലെ ട്രാഫിക് കടന്ന് ദീര്‍ഘദൂരം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലെത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന് പരിഹാരമാണ് റെയില്‍വെയുടെ പുതിയ തീരുമാനം. എന്നാല്‍ എന്ന് മുതലാണ് ജനശതാബ്ദിക്ക് ആലുവയില്‍ സ്റ്റോപ്പ് തുടങ്ങുക എന്ന് വ്യക്തമായിട്ടില്ല. വൈകാതെ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനശതാബ്ദിക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാര്‍ക്ക് സമയവും പണവും ലാഭിക്കാന്‍ സഹായിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വെ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം പി കൃഷ്ണകുമാര്‍ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍ എന്ന നിലയില്‍ ആലുവയില്‍ മിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ട്.
ജനശതാബ്ദി എക്‌സ്പ്രസ് സ്‌റ്റോപ്പുകള്‍ അറിയാം
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് നിലവില്‍ ആലുവയില്‍ സ്റ്റോപ്പുണ്ട്. ഈ ട്രെയില്‍ ആലപ്പുഴ വഴിയാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്. ഇപ്പോള്‍ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് കൂടി (12081/12082) സ്റ്റോപ്പ് അനുവദിക്കുന്നതോടെ ആലുവ സ്‌റ്റേഷനിലെ തിരക്ക് കൂടുമെന്ന് പ്രതീക്ഷിക്കുന്നു.
കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന്റെ സ്റ്റോപ്പുകള്‍ അറിയാം- പുലര്‍ച്ചെ 4.55നാണ് കണ്ണൂരില്‍ നിന്ന് പുറപ്പെടുക. തലശേരി, വടകര പിന്നിട്ട് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം ആറ് മണിയാകും. തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍ കഴിഞ്ഞാല്‍ എറണാകുളം ടൗണിലായിരുന്നു ഇതുവരെ സ്‌റ്റോപ്പ്. ഇനി തൃശൂര്‍ കഴിഞ്ഞാല്‍ ആലുവയില്‍ നിര്‍ത്തിയ ശേഷമാകും എറണാകുളം ടൗണിലെത്തുക.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം കഴിഞ്ഞാലാണ് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുക. അപ്പോഴേക്കും സമയം 1.40 ആകും. ഉച്ചയ്ക്ക് ശേഷം 2.50നാണ് കണ്ണൂരിലേക്കുള്ള മടക്ക യാത്ര. രാത്രി 12.30നാണ് കണ്ണൂരിലെത്തുക.














Click it and Unblock the Notifications