ലോകനെറുകയില്‍ കാപ്പാടും ചാല്‍ ബീച്ചും, ലഭിച്ചത് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍; കാരണങ്ങള്‍ കേട്ടോ
ബീച്ചുകള്‍ ഏതൊരു നാടിന്റേയും വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷമായ ഇടമാണ്. കേരളത്തില്‍ നിരവധി ബീച്ചുകള്‍ ടൂറിസം രംഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. വിദേശ സഞ്ചാരികളുടെ പ്രിയ്യപ്പെട്ട സ്ഥലമായ കോവളം ബീച്ച് മുതല്‍ നിരവധിബീച്ചുകളാണ് സംസ്ഥാനത്തുള്ളത്. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര ബഹുമതി തേടിയെത്തിയിരിക്കുകയാണ്.
പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റര്‍നാഷണല്‍ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ആണ് സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ച്, കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ച് എന്നിവയെ തേടിയാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരിക്കുന്നത്. ബ്ലൂ ഫ്‌ളാഗ് ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തില്‍ ഈ ബീച്ചുകളുടെ ആകര്‍ഷണീയത വര്‍ധിക്കും.

ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷനാണ് കാപ്പാട്, ചാല്‍ ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന്‍ അനുവദിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍, ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍, മെറീനകള്‍ എന്നിവയ്ക്കാണ് കാലങ്ങളായി പുരസ്‌കാരം നല്‍കി വരുന്നത്.
അതേസമയം സുസ്ഥിര ടൂറിസം കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ പെരുമ കരുത്താര്‍ജ്ജിക്കാന്‍ സര്‍ട്ടിഫിക്കേഷന്‍ സഹായിക്കും എന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കാപ്പാട്, ചാല്‍ ബീച്ചുകള്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ മഹനീയ മാതൃകകളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് ബീച്ച്.
വാസ്‌കോഡ ഗാമയുടെ നേതൃത്വത്തില്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ കപ്പലിറങ്ങുന്നത് ഇവിടെയാണ്. ഈ തീരത്തെത്തുന്ന ദേശാടന പക്ഷികളുടെ സമ്പന്നതയാണ് മറ്റ് ബീച്ചുകളില്‍ നിന്ന് കാപ്പാടിനെ വ്യത്യസ്തമാക്കുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 35 കിലോ മീറ്ററാണ് കാപ്പാട് ബീച്ചിലേക്കുള്ളത്. കോഴിക്കോട് നിന്ന് ബസ് സര്‍വീസുമുണ്ട്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്ത് നിന്ന് 45 കിലോ മീറ്റര്‍ സഞ്ചരിച്ചാലും കാപ്പാട് എത്താം.
പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളാണ് ചാല്‍ ബീച്ചിന് ബ്ലൂ ഫ്‌ലാഗ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ആരംഭിച്ച ബട്ടര്‍ഫ്ളൈ പാര്‍ക്ക്, കടലാമ പ്രജനന കേന്ദ്രം, പ്ലാസ്റ്റിക് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, വാട്ടര്‍ എടിഎം, ഹെര്‍ബല്‍ ഗാര്‍ഡന്‍ എന്നിവയാണ് ചാല്‍ ബീച്ചിനെ വേറിട്ടതാക്കുന്നത്.












Click it and Unblock the Notifications