കാപ്പിമല കണ്ട് കാഞ്ഞിരക്കൊല്ലി കയറാം, കാടിന്‍റെ കാഴ്ചകളിലേക്ക് ജംഗിള്‍ സഫാരി, ഒപ്പം മൂന്നാറും
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇക്കൊല്ലം കഴിയുന്നതിന് മുൻപ് അടിച്ചുപൊളിച്ചൊരു യാത്രപോയാലോ? ചെലവ് കുറഞ്ഞൊരു പാക്കേജാണ് ആലോചിക്കുന്നതെങ്കിൽ പയ്യന്നൂർ കെ എസ് ആർ ടി സി യാത്രാപ്രേമികൾക്കായി ചെലവ് കുറഞ്ഞ ചില പാക്കേജുകൾ അവതരിപ്പിച്ചി്ടുണ്ട്. ക്രിസ്മസും പുതുവർഷുമെല്ലാം ഗംഭീരമായി ആഘോഷിക്കാൻ പറ്റുന്ന തരത്തിലുള്ളവയാണ് പാക്കേജുകൾ. യാത്രകളെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?
പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര
ട്രക്കിങ് ഇഷ്ടമാണോ? എങ്കിൽ ഇപ്പോൾ തന്നെ ഈ യാത്ര ബുക്ക് ചെയ്തോളൂ. കാടും മലയും പുൽമേടുകളുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഇടമാണ് പൈതൽമല. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് പൈതൽമല സ്ഥിതി ചെയ്യുന്നത്. തണുപ്പും പറയാതെയെത്തുന്ന കോടഞ്ഞും ഇവിടെ വേണ്ടുവോളം ആസ്വദിക്കാം.

ഡിസംബര്‍ 14 ന് അതിരപ്പള്ളി-വാഴച്ചാല്‍-മലക്കപ്പാറ
കേരളത്തിലെ നയാഗ്രയാണ് അതിരപ്പള്ളി. മഴക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ ആസ്വദിക്കാനാകുന്ന വെള്ളച്ചാട്ടം. അതിരപ്പിള്ളി പോലെ രൗദ്രഭാവം ഇല്ലെങ്കിൽ വാഴച്ചാലും സഞ്ചാരികളുടെ മനം നിറക്കും. തമിഴ്നാട്-കേരള അതിർത്തി ഗ്രാമമായ മലക്കപ്പാറയും കണ്ടിട്ടാകും മടക്കം.
എക്സ്പ്ലോര്‍ കോഴിക്കോട്
ഡിസംബര്‍ 15 നാണ് കോഴിക്കോട് ചുറ്റിക്കറങ്ങാനുള്ള പാക്കേജ്. തൊട്ടടുത്ത ജില്ലയായിട്ടും കോഴിക്കോട് ആസ്വദിച്ചില്ലെന്ന പരാതിയുള്ളവർക്ക് ഈ വണ്ടി പിടിക്കാം
വയനാട് കാണാതെ എന്ത് ഡിസംബർ
മഞ്ഞ് കാലത്ത് കേരളത്തിൽ എവിടെ പോകണമെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം വയനാട് ആയിരിക്കും. ഡിസംബറിലെ വയനാടിന് ഒരുപ്രത്യേക ഭംഗിയുണ്ട്. ഇടയ്ക്കിടെ വന്ന് പോകുന്ന കോടയും തണുപ്പും പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന മനോഹര കാഴ്ചയുമെല്ലാം വയനാട്ടിൽ വേണ്ടുവോളം ആസ്വദിക്കാം.
മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍, ക്രിസ്മസ് പൊളിക്കാം
ഡിസംബര്‍ 24, 25, 26 തീയതികളിലാണ് മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഈ ഡിസംബറിൽ അല്ലാതെ മൂന്നാറിൽ എപ്പോൾ പോകും അല്ലേ? തേയില തോട്ടങ്ങളും തണുപ്പും കോടമൂടിയ വഴികളും ആയിരിക്കും ഡിസംബർ കാഴ്ചകൾ. ശീതകാല പച്ചക്കറികളാണ് കാന്തല്ലൂരിലെ ആകർഷണം. മറയൂരിൽ പോയാൽ ചന്ദനക്കാടുകളും കാണാം.
ഡിസംബര്‍ 27, 28, 29 തീയതികളിൽ ഗവി-കുമളി-അടവി-പരുന്തുംപാറ, ഡിസംബര്‍ 29ന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി, ഡിസംബര്‍ 28 വയനാട് ജംഗിള്‍ സഫാരി യാത്രകള്‍ സംഘടിപ്പിക്കുന്നു. മാത്രമല്ല നെഫെര്‍ട്ടിട്ടി കപ്പല്‍ യാത്രയും ഉണ്ട് കേട്ടോ. ആഡംബര ക്രൂയിസ് കപ്പലിൽ കറങ്ങാൻ ഇതിലും മികച്ചൊരു അവസരം വേറെ കിട്ടില്ല കേട്ടോ.












Click it and Unblock the Notifications