ബെംഗളൂരുവില്‍ നിന്ന് നിലയ്ക്കലേക്ക് നേരിട്ടുള്ള എസി വോള്‍വോ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ശബരിമലയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്ക് സന്തോഷ വാര്‍ത്ത. മണ്ഡലകാലത്ത് ബെംഗളൂരില്‍ നിന്ന് നിലയ്ക്കലേക്ക് നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും ഈ സര്‍വീസ്. ഐരാവത് എസി വോള്‍വോ ബസാണ് സര്‍വീസ് നടത്തുന്നത്.
മകരവിളക്ക് കഴിയുന്നതു വരെ സ്‌പെഷ്യല്‍ സര്‍വീസ് നടത്താനാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തീരുമാനം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. ടിക്കറ്റ് റിസര്‍വേഷന്‍ അടുത്ത ദിവസം മുതല്‍ തുടങ്ങും. 28 മുതലാണ് ബെംഗളൂരുവില്‍ നിന്ന് നിലയ്ക്കലേക്ക് സര്‍വീസ് തുടങ്ങുന്നത്.

ബെംഗളൂരുവിലെ ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് ബസ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബെംഗളൂരു-നിലയ്ക്കല്‍ വോള്‍വോ ബസ് സര്‍വീസ് വൈകിട്ട് 6.45 ന് നിലയ്ക്കലില്‍ എത്തും. തിരിച്ചുള്ള സര്‍വീസ് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് രാവിലെ 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരും. 1950 രൂപയാണ് ഒരു വശത്തേക്കുള്ള സര്‍വീസിന്റെ നിരക്ക്. പത്രക്കുറിപ്പിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം അറിയിച്ചത്.
ശാന്തിനഗര്‍ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന ബെംഗളൂരു-നിലയ്ക്കല്‍ സര്‍വീസ് മൈസൂര്‍, കോഴിക്കോട്, തൃശൂര്‍, അങ്കമാലി, കോട്ടയം, എരുമേലി വഴിയാണ് സര്‍വീസ് നടത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെ മണ്ഡലകാലത്ത് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ബെംഗളൂരില്‍ നിന്ന് ശബരിമലയില്‍ എത്തുന്നത്. ഇവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്നതായിരിക്കും ഈ പുതിയ സര്‍വീസ്. ഇക്കുറി തീര്‍ത്ഥാടകരുടെ വലിയ തിരക്ക് പരിഗണിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സര്‍വീസുകളാണ് ശബരിമലയിലേക്കു നടത്തുന്നത്.
കെഎസ്ആര്‍ടിസിയും ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തിന് നടത്തിയിട്ടുള്ളത്. 1302 സ്‌പെഷ്യല്‍ സര്‍വീസുകളാണ് നടത്തുന്നത്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പമ്പയില്‍ നിന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. തെങ്കാശി, പളനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉള്ളത്.
നോണ്‍ എസി ലോ ഫ്‌ളോര്‍, വോള്‍വോ എസി ലോ ഫ്‌ളോര്‍, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ എല്ലാ വിഭാഗം ബസുകളും സംസ്ഥാനത്തിനകത്തും പുറത്തേക്കുമുള്ള സര്‍വീസിനായി സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications