വന്ദേഭാരതിൽ വെള്ളച്ചോറും മെഴുക്ക്പുരട്ടിയും തിന്ന് വിശപ്പടക്കേണ്ട, ഇനി തലശേരി ബിരിയാണി വിളമ്പും
ട്രെയിൻ യാത്രയിൽ ശുചിമുറി കഴിഞ്ഞാൽ പലർക്കും ഏറ്റവും കൂടുതൽ മടുപ്പിക്കുന്ന കാര്യം ഭക്ഷണം ആയിരിക്കും. ട്രെയിനിലെ ഭക്ഷണത്തിൻ്റെ രുചിയെ കുറിച്ചും ഗുണത്തെ കുറിച്ചുമൊക്കെ പരാതി പറയാത്തവർ പൊതുവെ കുറവാണ്. പ്രീമിയം ട്രെയിനായ വന്ദേഭാരതിലും ഭക്ഷണത്തിൻ്റെ കാര്യത്തിൽ പല പരാതികളും ഉയർന്നിട്ടുണ്ട്.
പരാതികൾ ഉയർന്നതോടെ ഗുണമേൻമയുള്ള ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ അടുത്തിടെ റെയിൽവെ ആരംഭിച്ചിരുന്നു. എന്തായാലും ഇനി രുചികരമായ പ്രാദേശിക ഭക്ഷണം തന്നെ വിളമ്പാനൊരുങ്ങുകയാണ് റെയിൽവെ. യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. എന്തൊക്കെയാണ് വിളമ്പുകയെന്ന് നോക്കിയാലോ?

കേരളത്തിലോടുന്ന വന്ദേഭാരതിൽ ആദ്യം ഭക്ഷണം വിതരണം ചെയ്തിരുന്നത് എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യസ്ഥാപനമായിരുന്നു. എന്നാൽ ഇതിനെതിരെ ദിനംപ്രതിയെന്നോണം പരാതി ഉയർന്നു. ഒടുവിൽ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. പരാതി കുമിഞ്ഞ് കൂടിയതോടെ ഇവരെ പിന്നീട് ഒഴിവാക്കിയിരുന്നു. തുടർന്ന് മറ്റ് കമ്പനിക്ക് കരാർ നൽകി.കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് നിലവിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.
നിലവിൽ ഭക്ഷത്തിൻ്റെ ഗുണമേൻമയെ കുറിച്ച് പരാതി ഇല്ല. എന്നിരുന്നാലും പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിക്കൂടേയെന്ന ചോദ്യം യാത്രക്കാർ നിരന്തരം ഉയർത്തിയിരുന്നു. മാത്രമല്ല കറികൾ വെള്ളമായതിനാൽ പലപ്പോഴും യാത്രക്കാരുടെ ദേഹത്ത് വീഴുന്ന സാഹചര്യമുണ്ട്. ഇതുകൊണ്ട് കട്ടിയുള്ള കറികൾ വേണെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇത്തരം ആവശ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ഭക്ഷണമെനുവിൽ റെയിൽവെ അടിമുടി മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ വന്ദേഭാരതിൽ ബുക്ക് ചെയ്യുന്നവർക്ക് രാവിലെ ചായ അല്ലെങ്കിൽ കാപ്പി അല്ലെങ്കിൽ ഗ്രീൻ ടി, കട്ടൻ ചായ, കട്ടൻ കാപ്പി ഇവയിലേതെങ്കിലും ലഭിക്കും. ഇതിനൊപ്പം ബ്രാന്‍ഡഡ് ബിസ്കറ്റുകളോ കുക്കീസുകളോ ഉണ്ടാകാറുണ്ട്. എക്സിക്യൂട്ടീവ് ക്ലാസിൽ ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ ഓപ്ഷനുകളുണ്ട്. കോണ്‍ ഫ്ലേക്സ്, മ്യൂസ്ലി, ഓട്സ്,ചോക്കോ ബൈ, അണ്ടിപ്പരിപ്പ്, പിസ്ത, ബദാം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തും.
ഉച്ചയ്ക്കാണെങ്കിൽ വെള്ളച്ചോറ്, ചെറുപയര്‍ മെഴുക്ക്പുരട്ടി, കടലക്കറി, കേരള പറാത്ത, തൈര്, പാലടപ്പായസം എന്നിവയാണ് നൽകുന്നത്. എന്നാൽ പുതിയ മെനു പ്രകാരം ചോറിന് പുറമെ തലശ്ശേരി ബിരിയാണി, മലബാർ ദം ബിരിയാണി എന്നിവ ലഭിക്കും. കൂടാതെ പ്രഭാതഭക്ഷണത്തിൽ പാലപ്പം, വെജിറ്റബിൾ കുറുമ, ഇടിയപ്പം, മുട്ടക്കറി,ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പഴംപൊരി തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും. കേസരിക്ക് പുറമെ ഗുലാബ് ജാമുൻ, മഫിൻ, ബനാന കസ്റ്റാഡ്, ഫ്രൂട്ട് ട്രൈഫുൽ എന്നിവയാണ് മധുര പലഹാരങ്ങളായി ലഭിക്കുക. കാസര്‍കോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളില്‍ വൈകാതെ പുതിയ മെനു നിലവിൽ വരും.












Click it and Unblock the Notifications