കാശ്മീരിലെ മഞ്ഞ് തീർന്നിട്ടില്ല; ഇപ്പോൾ പോയാൽ അതിമനോഹരം, പാക്കേജുമായി ഐആർസിടിസി
കാശ്മീർ.. ഭൂമിയിലെ സ്വർഗം, മാന്ത്രികത നിറഞ്ഞ കാഴ്ചകളും അത്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതിയും സ്നേഹം നിറഞ്ഞ മനുഷ്യരുമുള്ള ഇടം. കേട്ടറിഞ്ഞ നാടിനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ഒരാഗ്രഹമില്ലേ.. അങ്ങനെയുണ്ടെങ്കിൽ ഇനി അധികം കാത്തിരിപ്പില്ല. പഹൽഗാമും സോനാമാർഗും ഗുൽമാർഗും ഉൾപ്പെടെയുള്ള ഇടങ്ങൾ കണ്ടുവരുന്ന യാത്ര പാക്കേജ് ഐആർസിടിയിസാണ് നടത്തുന്നത്.
ബാംഗ്ലൂരിൽ നിന്നും മാർച്ച് 16ന് പുറപ്പെടുന്ന യാത്ര തിരികെ 21 മടങ്ങിയെത്തും. അഞ്ച് രാത്രിയും ആറ് പകലും നീളുന്ന യാത്ര നിങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ശിക്കാര ബോട്ടിലുള്ള യാത്രയും ഹൗസ് ബോട്ടിലെ താമസവും ഉൾപ്പെടുന്ന കാശ്മീർ യാത്രയെക്കുറിച്ച് വായിക്കാം.

മാർച്ച് 16ന് രാവിലെ 8.00 മണിക്ക് ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 2. 40 ഓടെ ശ്രീനഗറിൽ എത്തും. ഡൽഹി വഴിയുള്ള കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ടാണ് ഇത്രയും സമയം. ആദ്യ ദിവസം ശിക്കാര റൈഡും ചാർ ചിനാർ സന്ദർശനവുമാണ് ഒരുക്കിയിരിക്കുന്നത്. ഇത് സ്വന്തം ചിലവിലാണെന്നുള്ള കാര്യം മറക്കരുത്.
രണ്ടാമത്തെ ദിവസം സമുദ്രനിരപ്പിൽ നിന്നും 2800 മീറ്റർ ഉയരത്തിലെ സോനാമാർഗിലേക്കാണ് യാത്ര. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. അന്ന് വൈകിട്ട് ശ്രീനഗറിലേക്ക് മടങ്ങും. പിറ്റേന്ന് രാവിലെ പോകുന്നത് ഗുൽമാർഗിലേക്കാണ്. മഞ്ഞുപുതച്ച താഴ്വാരങ്ങളാണ് ഇവിടെ കാണാനുള്ളത്. ലോകസഞ്ചാരികളുടെയിടയിൽ ഗുൽമാര്‍ഗിനെ പ്രസിദ്ധമാക്കുന്ന ഗൊണ്ടോള കാർ റൈഡ് കയറാൻ സൗകര്യമുണ്ടെങ്കിലും അതിനുള്ള തുക നിങ്ങൾ സ്വയം ചെലവഴക്കണം. രാത്രിയോട ശ്രീനഗറിലേക്ക് മടങ്ങും. രാത്രി താമസവും ശ്രീനഗറിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
അടുത്ത ദിവസം പഹൽഗാമാണ് സന്ദർശിക്കുന്നത്. കുങ്കുമപ്പൂപ്പാടങ്ങൾ ഈ യാത്രയിൽ കാണാൻ സാധിക്കും. താഴ്വരയുടെ മനോഹാരിത ആവശ്യത്തിന് സമയം ചെലവഴിച്ച് നിങ്ങൾക്ക് ആസ്വദിക്കാം. പല ഹിന്ദി സിനിമകളിലും കണ്ടിട്ടുള്ള പഹൽഗാം ഒരിക്കലെങ്കിലും നേരിട്ട് കാണേണ്ട സ്ഥലം തന്നെയാണ്. ബേതാബ് വാലി, ചന്ദൻവാരി, അരുവാലി തുടങ്ങിയ സ്ഥലങ്ങളും ഈ യാത്രയിൽ സന്ദർശിക്കുന്നുണ്ട്. പക്ഷേ, ഇതിനുള്ള ചെലവ് പാക്കേജിൽ ഉൾപ്പെടുന്നില്ല.
കാശ്മീരിൽ കാഴ്തകൾക്കായി ചെലവഴിക്കുന്ന അവസാന ദിവസമാണ് അഞ്ചാം ദിവസം. പൽഗാമിൽ നിന്നും രാവിലെയിറങ്ങി വരുന്ന വഴി ശ്രീശങ്കരാചാര്യ ക്ഷേത്രം, ഹസ്രതുൽ ഷ്രൈൻ എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് രാത്രി ദാൽ തടാകത്തിലെ ഹൗസ് ബോട്ടിലാണ് ചെലവഴിക്കുന്നത്. പിറ്റേന്ന് രാവിലെ ബോട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് നേരെ വിമാനത്താവളത്തിലേക്ക് പോകും. ഉച്ചകഴിഞ്ഞ് 2.45 നാണ് മടക്കവിമാനം. രാത്രി 7.25 ന് ബാംഗ്ലൂരിലെത്തുന്നതോടെ മനോഹരമായ ഓർമ്മകളുമായി മടക്കം.
സിംഗിൾ ഒക്യൂപൻസിയിൽ 48,650 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44,500 രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക് 43,350 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് കുട്ടികൾക്കും നിരക്ക് ബാധകമാണ്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 35,950 രൂപ, ബെഡ് വേണ്ടെങ്കിൽ 39,640/-രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 33,550/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ്.












Click it and Unblock the Notifications