കുമ്പളങ്ങി 'നൈറ്റ്സ് ' ഇനി പൊളിക്കും; കവര് പൂത്തു, കാണാൻ പോന്നോളു
കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ സഞ്ചാരികളുടെ ഇടയിൽ ഹിറ്റായതാണ് കുമ്പളങ്ങിയിലെ കവര്. കായലിനു നടുവിൽ പൂത്തു നിൽക്കുന്ന കവരും അതിന്‍റെ മാസ്മരിക നീലവെളിച്ചവും കുമ്പളങ്ങിയെ യാത്രികരുടെ പ്രിയ കേന്ദ്രമാക്കി. ഒരുപക്ഷേ, ഇന്ത്യയിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമം എന്നതിനേക്കാൾ കുമ്പളങ്ങി അറിയപ്പെടുന്നത് കായലിലെ കവരിന്‍റെ പേരിലാണ്.
നിലാവിന്‍റെ വെളിച്ചത്തിൽ തിളങ്ങുന്ന കവര് ഇപ്പോൾ വീണ്ടും കുമ്പളങ്ങിയിൽ പൂത്തിരിക്കുകയാണ്. ഒരു കാലത്ത് കൊച്ചിയിൽ മാത്രം അറിയപ്പെട്ടിരുന്ന കവരിന്‍റെ കൗതുകം കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി അഞ്ച് വർഷം പിന്നിട്ടിട്ടും ഇനിയും തീർന്നിട്ടില്ലാ എന്ന് ഇവിടെ കവര് കാണാൻ എത്തുന്നവരുടെ എണ്ണം നോക്കിയാൽ മനസ്സിലാകും

വേനൽക്കാലത്ത്, പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവര് പൂക്കുന്നത്. ചിലപ്പോൾ മേയ് മാസം വരെയും രാത്രികാലങ്ങളിൽ കവരിന്‍റെ മനോഹര കാഴ്ച കാണാം. ഉപ്പിന്‍റെ അംശം കൂടുതലായുള്ള പാടങ്ങളിലെ വെള്ളത്തിലാണ് കവര് കൂടുതയാലും കാണപ്പെടുന്നത്. കനത്ത ചൂടിൽ കായലിലെ വെള്ളിത്തിൽ ഉപ്പിന്‍റെ അംശം വർധിക്കുന്നതും ആണ് കവര് വരാനുള്ള കാരണം. അതേസമയം ഈ സീസൺ കഴിഞ്ഞാൽ പിന്നെ കവര് കാണാൻ അടുത്ത വർഷം വരെ കാത്തിരിക്കുകയും വേണം.
പ്രകൃതി എന്ന മാന്ത്രികന്‍റെ കൈവശമുള്ള വിരുതുക ഒന്നാണ് കവര്. ബയോലുമിനൻസ് എന്ന പ്രതിഭാസത്തെയാണ് നമ്മൾ വളരെ ലളിതമായി കവര് എന്നു വിളിക്കുന്നത്. ആൽഗാ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ ജീവികളുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന പ്രകാശമാണിത്. ജൈവദീപ്തി എന്നും ഇതിനെ പറയുന്നു. നമുക്ക് കൗതുകം എന്നതിനപ്പുറം ജീവികളെ സംബന്ധിച്ചെടുത്തോളം ഇത് അവരുടെ പ്രതിരോധ മാർഗവും ഇണകളെ ആകർഷിക്കുവാനുള്ള വഴിയും ഒക്കെയാണ്.
സീസണിൽ കവര് പൂക്കുന്നിടത്ത് എത്തിയാൽ ഇത് കാണാൻ സാധിക്കണമെന്നില്ല. കായലിലെ വെള്ളത്തിന് ഇളക്കം തട്ടിയാൽ മാത്രമേ ഈ നീലവെളിച്ചം മുന്നിലെത്തൂ. കായലിലെ വെള്ളത്തെ കൈവെള്ളയിൽ കോരിയെടുത്താലും ഈ നീലവെളിച്ചം കാണാം.
കവര് പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ കവര് കാണാൻ എത്തുന്ന ആളുകളുടെ എണ്ണത്തിലും വർധവ് ഉണ്ടായിട്ടുണ്ട്. കുമ്പളങ്ങിയുടെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ കവരിന് കഴിഞ്ഞിട്ടുണ്ട്. ഹോം സ്റ്റേകളിൽ താമസിച്ച് കവര് കണ്ട് കുമ്പളങ്ങി എക്സ്പ്ലോർ ചെയ്തു മടങ്ങുന്ന വിധത്തിൽ യാത്രകൾ പ്ലാൻ ചെയ്യാം. എത്തിച്ചേരുന്ന കാര്യത്തിലോ താമസം, ഭക്ഷണം പോലുള്ള കാര്യങ്ങളിലും കുമ്പളങ്ങി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.












Click it and Unblock the Notifications