വരുന്നു കുട്ടി ബസ്!! മുഖം മാറാന്‍ കെഎസ്ആര്‍ടിസി... ഗൂഗിള്‍ പേയും; പ്ലാനുമായി ഗണേഷ് കുമാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി നഷ്ടത്തില്‍, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത്, ജീവനക്കാര്‍ക്ക് ശമ്പളമില്ല... കുറേ കാലമായി കേള്‍ക്കുന്ന വാര്‍ത്തകളാണിത്. മന്ത്രിമാരും സര്‍ക്കാരുകളും മാറി വന്നെങ്കിലും കെഎസ്ആര്‍ടിസിയുടെ ദുരിതം മാത്രം മാറിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ സൗജന്യം വാരിക്കോരി നല്‍കി ബസുകള്‍ ഓടുമ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം നഷ്ടക്കണക്ക് എന്ന ചോദ്യം എല്ലാ മലയാളികളും ഉന്നയിക്കുന്നതാണ്.
'ഞങ്ങള്‍ക്ക് തന്നേക്ക്, ഇപ്പ ശരിയാക്കിത്തരാം' എന്ന വാഗ്ദാനവുമായി ചില സ്വകാര്യ ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും രംഗത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള പദ്ധതിയും അവര്‍ അവതരിപ്പിച്ചു. ഒന്നും നടന്നില്ല. പിന്നെയും കേട്ടത് ശമ്പളം നല്‍കാന്‍ പണമില്ലാത്തതും വിദ്യാര്‍ഥി കണ്‍സഷന്‍ വിവാദങ്ങളും മാത്രം.

ആന്റണി രാജു മാറി കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായതോടെ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പല കോണുകളില്‍ നിന്നും സംസാരം ഉയര്‍ന്നു. നേരത്തെ ഗതാഗത വകുപ്പ് ചുമതലയുണ്ടായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഗണേഷ് കുമാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇത്തവണയും അദ്ദേഹത്തിന് കൃത്യമായ പ്ലാനുണ്ട്.
കെഎസ്ആര്‍ടിസിയെ വന്‍ ലാഭത്തിലാക്കാം എന്ന വലിയ വായിലെ വാഗ്ദാനങ്ങളൊന്നും ഗണേഷ് കുമാര്‍ നല്‍കുന്നില്ല. എങ്കിലും നഷ്ടം കുറയ്ക്കാനുള്ള ചില പൊടിക്കൈകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. അവ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രി. നഷ്ടം കുറയ്ക്കണം, ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ജീവിതം നയിക്കാനാകണം... വളരെ സിംപിള്‍ പോളിസിയുമായിട്ടാണ് ഗണേഷ് കുമാറിന്റെ വരവ്.
മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ തന്റെ ചില പ്ലാനുകള്‍ സംബന്ധിച്ച് വിശദീകരിച്ചു. അതില്‍ വ്യത്യസ്തമായതാണ് കുട്ടി ബസ്. 2001ലെ പദ്ധതി വീണ്ടും വരികയാണ്. കെഎസ്ആര്‍ടിസിയിലെ മിക്ക ബസുകളും ഏതാനും പേരുമായിട്ടാണ് യാത്ര ചെയ്യുന്നത്. ദീര്‍ഘ ദൂര ബസുകളില്‍ ആളുകള്‍ നന്നേ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്റെ കുട്ടി ബസ് ആശയം. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകള്‍.
കുട്ടി ബസ് വീണ്ടും വരും. കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് മൂന്ന് കിലോമീറ്ററാണ്. പല റൂട്ടുകളിലും യാത്രക്കാര്‍ കുറവാണ്. ഗ്രാമീണ മേഖലയില്‍ നല്ല പുതിയ റോഡുകള്‍ നിരവധിയാണ്. ഇത്തരം സാധ്യതകളെല്ലാം പരിശോധിക്കുമ്പോള്‍ ചെറിയ ബസുകളാണ് നല്ലത്. ദീര്‍ഘദൂര ബസിലെ ജീവനക്കാര്‍ക്ക് ചെല്ലുന്നിടത്ത് വിശ്രമിക്കാന്‍ എസി സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഗൂഗിള്‍ പേ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ കൂട്ടില്ല. പകരം വിദ്യാര്‍ഥികള്‍ മാത്രമേ കണ്‍സഷന്‍ ആനുകൂല്യം ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളില്ലാത്ത അവധി ദിവസങ്ങളില്‍ കണ്‍സഷന്‍ നല്‍കില്ല. ജീവനക്കാരെ വിശ്വാസ്യതയിലെടുത്ത് മുന്നോട്ട് പോകുമെന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications