ടൂറിസ്റ്റുകള്‍ ഏറെ; പക്ഷേ, ഒരൊറ്റ വിമാനത്താവളം ഇല്ല, ഈ രാജ്യങ്ങളിലേക്കുള്ള പ്രവേശനം ഇങ്ങനെ
മനുഷ്യരുടെ യാത്രകള്‍ക്ക് വേഗത ഏറിയ കാലമാണിത്. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡിലക്‌സ് നോണ്‍ സ്‌റ്റോപ്പ് ബസുകള്‍ മുതല്‍ അതിവേഗ ട്രെയിനുകള്‍ വരെ സജീവമാണിന്ന്. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളും ആവശ്യമാണ്. കൊച്ചു കേരളത്തില്‍ പോലും നാല് വിമാനത്താവളമുണ്ട്. ഇനിയും വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുകയും ചെയ്യുന്നു.
ഇതിനിടെയാണ് ഒരു വിമാനത്താവളം പോലുമില്ലാത്ത രാജ്യങ്ങളുണ്ട് എന്ന അതിശയകരമായ കാര്യം. ഇഷ്ടംപോലെ വിനോദ സഞ്ചാരികളും തീര്‍ഥാടകരുമെല്ലാം എത്തുന്ന ഈ രാജ്യങ്ങളില്‍ വിമാനത്താവളങ്ങളില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പേരാണ് ഇവിടെ വന്നുപോകുന്നത്. അയല്‍ രാജ്യങ്ങളില്‍ വിമാനമിറങ്ങി ട്രെയിനിനോ ബസിനോ ടാക്‌സിക്കോ വേണം ഇവിടെ എത്താന്‍. അറിയാം അത്തരം 5 രാജ്യങ്ങളെ കുറിച്ച്...

കത്തോലിക്കാ സഭാ വിശ്വാസികള്‍ വലിയ പ്രാധാന്യത്തോടെ കാണുന്ന രാജ്യമാണ് വത്തിക്കാന്‍. ലോകത്തെ ഏറ്റവും ചെറിയ സ്വതന്ത്ര പരമാധികാര രാജ്യമാണിത്. ലക്ഷക്കണക്കിന് പേരാണ് ഇവിടേക്ക് ഓരോ വര്‍ഷവും എത്താറുള്ളത്. വളരെ കുറഞ്ഞ ഭൂമിയാണ് ഈ രാജ്യത്തിന് സ്വന്തമായുള്ളത്. വിമാനത്താവളമില്ലാത്ത ഈ രാജ്യത്തേക്ക് വരാന്‍ റോമിലെ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സാധിക്കുക. സെന്റ് പീറ്റേഴ്‌സ് ബസലിക്കയും സിസ്റ്റൈന്‍ ചാപ്പലുമെല്ലാമുള്ള വത്തിക്കാനിലേക്ക് തീര്‍ഥാടകരായി മാത്രം എത്തുന്നത് ലക്ഷങ്ങളാണ്.
ഫ്രാന്‍സിനും സ്‌പെയിനിനും ഇടയിലുള്ള രാജ്യമണ് അന്‍ഡോറ. മലയോരത്തുള്ള രാജ്യമായതുകൊണ്ടാണ് ഇവിടെ വിമാനത്താവളമില്ലാത്തത് എന്നാണ് പൊതുവേ പറയാറ്. മാത്രമല്ല, കൊച്ചു രാജ്യവുമാണ്. സ്‌പെയിനിലും ഫ്രാന്‍സിലും വിമാനമിറങ്ങി വേണം അന്‍ഡോറയിലേക്ക് ടാക്‌സി പിടിക്കാന്‍. വിമാനത്താവളമില്ലെങ്കിലും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിത്. ഡ്യൂട്ടി ഫ്രീ ഷോപ്പിങ് തന്നെ ആകര്‍ഷണം. പിന്നെ സ്‌കീയിങും.
സ്വിറ്റ്‌സര്‍ലാന്റിനും ഓസ്ട്രിയക്കുമിടയിലുള്ള ചെറിയ രാജ്യമാണ് ലിഷ്റ്റന്‍സ്‌റ്റൈന്‍. ഈ രാജ്യത്ത് വിമാനത്താവളമില്ല. സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ച് വിമാനത്താവളത്തില്‍ ഇറങ്ങി വേണം ഇങ്ങോട്ട് എത്താന്‍. സൂറിച്ചില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ ലിഷ്റ്റന്‍സ്‌റ്റൈനില്‍ എത്താം. റോഡ്, റെയില്‍ മാര്‍ഗം വഴിയാണ് ഇവിടേക്ക് ആളുകള്‍ എത്തുന്നത്. രാജ്യം ചെറുതാണെങ്കിലും ഇവിടെ വിമാനത്താവളം ഇല്ല എന്നേയുള്ളൂ. മറ്റു യാത്രാ മാര്‍ഗങ്ങള്‍ ഏറെയുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല.
ലോകത്തെ ഏറ്റവും പഴക്കംചെന്ന റിപബ്ലിക്കുകളില്‍ ഒന്നാണ് സാന്‍ മരിനോ. ഇറ്റലിയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്ത് വിമാനത്താവളം ഇല്ല. ഇറ്റലിയിലെ റിമിനി വിമാനത്താവളം ആണ് അടുത്തുള്ളത്. അല്‍പ്പ ദൂരം റോഡ് മാര്‍ഗം ചെലവഴിച്ചാണ് സാന്‍ മരിനോയില്‍ എത്തും. പുരാതന നിര്‍മിതകള്‍ ഏറെയുള്ള ഈ രാജ്യത്തേക്ക് ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും എത്തുന്നത്. മനോഹരമായ മലോയര കാഴ്ചകളും ഈ രാജ്യത്തെ ടൂറിസ്റ്റുകളുടെ ഇഷ്ടഗേഹമാക്കുന്നു.
ഫ്രാന്‍സിനോട് ചേര്‍ന്നുള്ള മൊനാകോ ഒരു കൊച്ചു രാജ്യമാണ്. ഇവിടെയും വിമാനത്താവളമില്ല. വിദൂരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ ഇറങ്ങി മൊനാകോയിലേക്ക് വണ്ടിപിടിക്കാം. യാത്രക്കാരെ എത്തിക്കാന്‍ ഹെലികോപ്റ്റര്‍ സര്‍വീസുണ്ട്. ആഡംബര ടൂറിസത്തിന് പേര് കേട്ട പ്രദേശമാണിത്. ചൂതാട്ട കേന്ദ്രവും നിരവധിയാണ്. അതുകൊണ്ടുതന്നെ പണമെറിഞ്ഞ് ആഘോഷിക്കാന്‍ കൊതിയുള്ളവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്.












Click it and Unblock the Notifications