കേരളത്തിന് മറ്റൊരു വന്ദേഭാരത് കൂടി വരുന്നു; പുതിയ റൂട്ട് ഇങ്ങനെ, ഒപ്പം വന്ദേഭാരത് സ്ലീപ്പറും
കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. ഏറ്റവും ഒടുവില്‍ എറണാകുളം-ബെംഗളൂരു റൂട്ടില്‍ തുടങ്ങിയ വന്ദേഭാരത് വന്‍ ഹിറ്റാണ്. ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടുതലാണെങ്കിലും ആയിരക്കണക്കിന് മലയാളികള്‍ക്കും തമിഴ്‌നാട്ടുകാര്‍ക്കും ഉപകാരപ്രദമാണ് ഈ ട്രെയിന്‍. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ ആയതുകൊണ്ടു തിരക്ക് കുറവില്ല.
കാസര്‍കോട്-തിരുവനന്തപുരം, മംഗളുരു-തിരുവനന്തപുരം എന്നീ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് പുറമെയാണ് എറണാകുളം ബാംഗ്ലൂര്‍-വന്ദേഭാരത് എത്തിയത്. ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന ആവശ്യം ശക്തമാണ്. ആലപ്പുഴ എംപി കെസി വേണുഗോപാല്‍ റെയില്‍വെ മന്ത്രിയോട് ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ റെയില്‍വെയുടെ സുപ്രധാന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ആവശ്യം ഉന്നയിച്ചു.

ബാംഗ്ലൂരില്‍ നിന്ന് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ നിലവില്‍ മടങ്ങിപ്പോകുകയാണ് ചെയ്യുന്നത്. ഇതിന് പകരം ഈ ട്രെയിന്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. നിരവധി മലയാളികള്‍ക്ക് ഇത് നേട്ടമാകും. മാത്രമല്ല, തിരക്ക് ഏറുകയും ചെയ്യും. നിലവില്‍ തിരുവനന്തപുരം ബാഗ്ലൂര്‍ റൂട്ടില്‍ വന്ദേഭാരത് ഇല്ല. ഇക്കാര്യത്തില്‍ പരിഹാരമാകുകയും ചെയ്യും.
റെയില്‍വെ മന്ത്രി ചെയര്‍മാനും വകുപ്പ് സഹമന്ത്രിമാര്‍ വൈസ് ചെയര്‍മാന്‍മാരും പാര്‍ലമെന്റ് അംഗങ്ങളും റെയില്‍വെ ബോര്‍ഡ് ഉദ്യോഗസ്ഥരും അംഗങ്ങളും ആയിട്ടുള്ളതാണ് റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യവും ഈ കമ്മിറ്റിയുടെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ഉന്നയിച്ചിട്ടുണ്ട്.
പുതിയ വന്ദേഭാരത് സാധ്യതാ റൂട്ട്
തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ പുതിയ വന്ദേഭാരത് അനുവദിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ബാംഗ്ലൂര്‍ വന്ദേഭാരത് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരത്തിന് നിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരത് രണ്ട് സംസ്ഥാനങ്ങളിലൂടെയാകും യാത്ര.
തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി യോഗത്തില്‍ ആവശ്യമുന്നയിച്ചു. വന്ദേഭാരത് സ്ലീപ്പര്‍ അടുത്ത മാസം മുതല്‍ രാജ്യത്ത് സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടിലാക്കണം എന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ത്തിയത്.
ആവശ്യങ്ങള്‍ വിശദമായ ചര്‍ച്ച ചെയ്ത ശേഷമാകും റെയില്‍വെ ബോര്‍ഡ് അന്തിമ തീരുമാനം എടുക്കുക. കേരളത്തിലൂടെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും നിറഞ്ഞോടുന്നതിനാല്‍ സാമ്പത്തിക വെല്ലുവിളി നേരിടില്ല. ഉത്തര്‍ പ്രദേശില്‍ നിന്ന് അടുത്തിടെ മധ്യപ്രദേശിലേക്ക് ആരംഭിച്ച ട്രെയിനില്‍ യാത്രക്കാരില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തില്‍ എപ്പോഴും വെയ്റ്റിങ് ലിസ്റ്റിലാണ് ട്രെയിന്‍ യാത്രകള്‍.












Click it and Unblock the Notifications