കുട്ടികള്‍ക്ക് ഈ യാത്ര തീര്‍ച്ചയായും ഇഷ്ടപ്പെടും; ഡിസംബറിലെ അവധിക്ക് പോകാന്‍ പറ്റിയ രണ്ടു സ്ഥലങ്ങള്‍
കുട്ടികളുമായി യാത്ര ചെയ്യുന്നത് ഒരല്‍പം ടാസ്‌ക്കുള്ള കാര്യമാണ്. കാരണം മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലങ്ങളെല്ലാം കുട്ടികള്‍ക്ക് ഇഷ്ടപെടണമെന്നില്ല. ശാന്തമായ സ്ഥലങ്ങളെക്കാളും ഒരല്‍പം ലൈവ് ആയ സ്ഥലങ്ങളാണ് കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് വാഹനങ്ങളിലുഉള യാത്ര ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം കുട്ടികളും.
ദീപാവലി കൂടി കഴിഞ്ഞതോടെ ഇനി വരാനിരിക്കുന്നത് ശൈത്യകാലമാണ്. ശൈത്യകാലത്ത് അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. മഞ്ഞിനെ വകഞ്ഞു മാറ്റിയുള്ള ഈ യാത്രകള്‍ ട്രെയിനില്‍ ആണെങ്കിലോ? അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഹൃദ്യമായ അനുഭവമായിരിക്കും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നിരവധി ടോയ് ട്രെയിന്‍ യാത്രകള്‍ ഇന്ത്യയിലുണ്ട്. അതും മാതാപിതാക്കളുടെ പോക്കറ്റ് കാലിയാകാത്ത ചെലവില്‍. ഷിംല മുതല്‍ ഊട്ടി വരെ നിങ്ങളുടെ ബജറ്റ് അനുസരിച്ച് മനോഹരമായ യാത്രകള്‍ ആസൂത്രണം ചെയ്യാം.

കല്‍ക്ക-ഷിംല ട്രെയിന്‍ യാത്ര
കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മനോഹരമായ കാഴ്ചകളാണ് ഈ യാത്രകള്‍ സമ്മാനിക്കുന്നത്. ഇതില്‍ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച റെയില്‍വേ സ്റ്റേഷനുകള്‍ വരെയുണ്ട്. രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്ര എന്ന് വിശേഷിപ്പിക്കാവുന്നത് കല്‍ക്ക-ഷിംല റെയില്‍ പാതയാണ്. ഹരിയാനയില്‍ നിന്ന് തുടങ്ങി ഹിമാചല്‍ പ്രദേശ് വരെ നീളുന്നതാണ് ഈ റെയില്‍പാത. ടോയ് ട്രെയിനുകളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്.
2008 കല്‍ക്ക-ഷിംല റെയില്‍വേ സ്റ്റേഷനില്‍ യുനെസ്‌കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. 1903-ല്‍ ബ്രിട്ടീഷുകാരാണ് ഈ റെയില്‍ പാത നിര്‍മ്മിച്ചത്. അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചകള്‍ക്ക് പേര് കേട്ടതാണ് ഈ സ്ഥലം
96 കിലോമീറ്റര്‍ നീളമുള്ള ഈ പാതയില്‍ നൂറിലേറെ തുരംഗങ്ങളും 900ലേറെ പാലങ്ങളും പര്‍വതങ്ങളും ഒക്കെ കടന്നുപോകുന്നുണ്ട്. നാലഞ്ചു മണിക്കൂര്‍ നീളുന്ന യാത്രയില്‍ ഉടനീളം കണ്ണിനെയും മനസ്സിനെയും മയക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് കടന്നുപോകുന്നത്.
നീലഗിരി മൗണ്ടന്‍ റെയില്‍വേ
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു മലയോര റെയില്‍വേ പാതയാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. മേട്ടുപ്പാളയത്തെ ഊട്ടിയുമായി ബന്ധിപ്പിക്കുന്ന ഈ റെയില്‍ പാത 1908-ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. വിന്റേജ് സ്റ്റീം എന്‍ജിന്‍ ടോയ് ട്രെയിനിലാണ് യാത്ര എന്നത് കുട്ടികള്‍ക്ക് ഏറെ ആവേശം പകരും. ചെറിയ ബജറ്റില്‍ ഈ യാത്ര സാധ്യമാകും.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് ലഭിക്കാന്‍ ഈ യാത്രകള്‍ സഹായിക്കും. കുടുംബങ്ങള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ചരിത്രത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഈ ടോയ് ട്രെയിന്‍ യാത്ര നല്ലൊരു യാത്രാനുഭവം സമ്മാനിക്കും. വിക്ടോറിയന്‍ കാലഘട്ടത്തിന്റെ ഓര്‍മകള്‍ പകരുന്ന ഈ യാത്രയില്‍ നീലഗിരി കുന്നുകളുടെ മനോഹരമായ കാഴ്ചകളും കണ്ട് ആസ്വദിക്കാനാകും.












Click it and Unblock the Notifications