ഓസ്ട്രേലിയയ്‌ക്കൊപ്പം ഇടംപിടിച്ച് കേരളത്തിലെ ഈ നഗരം; വിനോദസഞ്ചാരികള്‍ ഏറ്റവും തിരയുന്നത്
ആഗോള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കൊച്ചി അതിവേഗം വളരുകയാണ്. 2026-ലെ ലോകത്തിലെ ഏറ്റവും ട്രെന്‍ഡിങ് ആയ പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൊച്ചിയും ഇടംപിടിച്ചു. പ്രമുഖ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിങ്.കോം പുറത്തുവിട്ട വാര്‍ഷിക യാത്രാ പ്രവചന റിപ്പോര്‍ട്ടിലാണ് കൊച്ചിയുടെ ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. വിയറ്റ്‌നാമിലെ മുയി നെ, ഓസ്ട്രേലിയയിലെ പോര്‍ട്ട് ഡഗ്ലസ് തുടങ്ങിയ പ്രശസ്തമായ അന്താരാഷ്ട്ര കേന്ദ്രങ്ങള്‍ക്കൊപ്പമാണ് കേരളത്തിന്റെ ഈ തീരദേശ നഗരവും സ്ഥാനം പിടിച്ചത്.
കൊച്ചിയുടെ ചരിത്രപരമായ പ്രധാന്യം, നഗരത്തിന്റെ മനോഹാരിത, കായലുകള്‍, ബീച്ചുകള്‍, ചീനവല, ദ്വീപുകള്‍, പാടങ്ങള്‍ എന്നിങ്ങനെ ഒരു ചെറിയ പ്രദേശത്ത് വൈവിധ്യമാര്‍ന്ന കാര്യങ്ങളാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

2026-ന്റെ ആദ്യ പകുതിയിലെ കണക്കുകള്‍ പ്രകാരം കൊച്ചിയിലെ താമസസൗകര്യങ്ങള്‍ തേടിയുള്ള വിനോദ സഞ്ചാരികളുടെ തിരച്ചിലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. നഗരത്തിന്റെ പൈതൃക ഭംഗി, ശാന്തമായ കായല്‍ കാഴ്ചകള്‍, ബീച്ചുകള്‍, ആത്മീയ കേന്ദ്രങ്ങള്‍ എന്നിവയാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. കേരളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്തുമെത്തി. ഹോട്ടലുകള്‍ക്ക് പകരം അവധിക്കാല വീടുകള്‍, ഹോംസ്റ്റേകള്‍, വില്ലകള്‍ എന്നിവയ്ക്കാണ് ആഗോള സഞ്ചാരികള്‍ ഇപ്പോള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.
ഓസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ കൊച്ചിയെ ഒരു മുന്‍നിര ലക്ഷ്യസ്ഥാനമായി കാണുന്നു. ഉത്തരവാദിത്ത ടൂറിസത്തിലും പ്രാദേശിക സംസ്‌കാരത്തിലും കേരളം നല്‍കുന്ന ഊന്നലാണ് ഈ ആഗോള അംഗീകാരത്തിന് പിന്നിലെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചിയുടെ ആധുനിക സൗകര്യങ്ങളും സമുദ്ര പൈതൃകവും ഒത്തുചേരുന്ന സവിശേഷമായ അന്തരീക്ഷമാണ് ഇന്ത്യക്കാരെയും വിദേശികളെയും ഒരുപോലെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.












Click it and Unblock the Notifications