കോട കനിഞ്ഞാൽ മുകളിലെത്താം, കാടും വെളളച്ചാട്ടവും കടന്ന് കൊടികുത്തിമല കയറാം;മലപ്പുറത്തുകാരുടെ ഊട്ടി
മലപ്പുറം: കോടമഞ്ഞ് കാഴ്ച മറക്കുന്ന കൊടികുത്തി മലയിലേക്ക് ഒരു യാത്ര ആയാലോ? മലപ്പുറത്തിന്റെ മിനി ഊട്ടി എന്ന് അറിയപ്പെടുന്ന പ്രദേശമാണ് ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനുകളിൽ ഒന്നായ കൊടികുത്തിമല. ഊട്ടിയെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. കടുത്ത വേനലിൽ പോലും തണുപ്പാണ് ഇവിടെ. മഞ്ഞ് കാലത്താണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടം സ്ഥലം കൂടിയാണിവിടം.
പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. . വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് കൊടികുത്തിമല വ്യാപിച്ച് കിടക്കുന്നത്. മലബാർ സർവ്വേയുടെ ഭാഗാമായാണത്രേ കൊടികുത്തി മലയ്ക്ക് അങ്ങനെയൊരു പേര് വന്നത്. ആ കഥ ഇങ്ങനെ

1921 ൽ നടന്ന മലബാർ സർവേയിൽ കൊടികുത്തിമല ഒരു പ്രധാന സിഗ്നൽ കേന്ദ്രമായിരുന്നു. സർവേയിൽ പ്രദേശത്തെ ഏറ്റവും ഉയർന്ന ഇടമായി കണ്ടെത്തിയ ഇവിടെ അടയാളത്തിനായി അന്ന് ഉദ്യോഗസ്ഥർ ഒരു കൊടി നാട്ടുകയായിരുന്നുവത്രേ. അങ്ങനെ കൊടി നാട്ടിയ ഇടം കൊടികുത്തി മലയായി. സൂര്യാസ്തമയം കാണാനാണ് ഇവിടേക്ക് കൂടുതലായി എത്താറുള്ളത്.
മലയുടെ അടിവാരം വരെ കാറിൽ യാത്ര ചെയ്ത് എത്താം. എന്നാൽ അവിടുന്ന് മുകളിലേക്ക് കയറി തന്നെ ചെല്ലണം. കോട തിങ്ങി നിൽക്കുന്ന വഴികളിലൂടെ ഏകദേശം ഒരു മണിക്കൂറോളം നടന്ന് കയറുകയാണ് വേണ്ടത്. പാത അത്ര ദുഷ്കരമല്ലെന്നത് കൊണ്ട് തന്നെ വളരെ എളുപ്പം മുകളിലേക്ക് കയറി പോകാൻ സാധിക്കും. പോകുന്ന വഴിയിൽ നീരുറവയും ചെറിയ വെള്ളച്ചാട്ടങ്ങളുമൊക്കെ സന്ദർശകർക്ക് കാണാൻ സാധിക്കും.
മുകളിലെത്തിക്കഴിഞ്ഞാൽ പിന്നെ അതിലും രസകരമായ കാഴ്ചകളായിരിക്കും സഞ്ചാരികളെ കാത്ത് നിൽക്കുന്നത്. അതിമനോഹരമായ മലനിരയിൽ നിന്ന് നോക്കിയാൽ താഴെ പെരിന്തൽമണ്ണ നഗരത്തിന്റെ ദൂരക്കാഴ്ച കാണാം. മാത്രമല്ല മലപ്പുറത്തേയും പാലക്കാടേയും മറ്റ് ചില സ്ഥലങ്ങൾ കൂടി സഞ്ചാരികൾക്ക് ആസ്വദിക്കാം.
മൂന്ന് വഴികളിലൂടെ കൊടികുത്തി മലയിൽ എത്താം. ഒന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് വഴി പോകുന്നതാണ്. ഇവിടെ നിന്ന് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ പോകാം. ദേശീയപാത വഴിയാണെങ്കിൽ അമ്മിണിക്കാട് വഴി കയറാം. മലപ്പുറത്തു നിന്നു 32 കിലോ മീറ്ററാണ് ഇവിടേക്കുള്ള ദൂരം.












Click it and Unblock the Notifications