കൊല്ലത്താണോ? തെൻമല മുതൽ സാമ്പ്രാണിക്കൊടി വരെ..ഈ സ്ഥലങ്ങൾ കാണാതെ മടങ്ങല്ലേ
കൊല്ലം: കലോത്സവം കാണാൻ കൊല്ലത്ത് എത്തിയോ? എന്തിന് കലോത്സവ കാഴ്ചകൾ മാത്രം കണ്ട് കൊല്ലത്ത് നിന്ന് മടങ്ങണം. ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും പോകാൻ തോന്നിപ്പിക്കുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും കാഴ്ചകളും ഉള്ള സ്ഥലമാണ് കൊല്ലം. അപ്പോൾ പിന്നെ കൊല്ലം കാണാൻ ഇറങ്ങുകയല്ലേ? പോകേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് അറിയാം
തെൻമല
രാജ്യത്തെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മല. കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ സഞ്ചരിച്ചാൽ തെൻമലയിലെത്താം. പ്രകൃതി സൗന്ദര്യത്തിനും സാഹസിക ടൂറിസത്തിനും ഒരുപോലെ പേര് കേട്ട സ്ഥാലം കൂടിയാണ് ഇത്.ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലായിട്ടാണ് തെൻമല ഇക്കോ ടൂറിസം വ്യാപിച്ച് കിടക്കുന്നത്. ഹൈക്കിംഗ് ,ക്യാമ്പിങ്, ട്രക്കിങ് ,സഫാരി തുടങ്ങിയ കാര്യങ്ങളും ഇവിടെ ആസ്വദിക്കാം.

ജടായുപാറ
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് കൊല്ലം ചടയമംഗലത്തുള്ള ജഡായുപാറ. സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജഡായുവിന്റെ പക്ഷി പ്രതമിയ്ക്ക് അടുത്ത് പോകാൻ ഇവിടെ കേബിൾ കാർ സൗകര്യമുണ്ട്. ശിൽപത്തിന്റെ ഭാഗമായി എന്റെർടെയിൻമെന്റ് പാർക്കും ആംഫി തീയറ്റും പ്രവർത്തിക്കുന്നുണ്ട്.
പാലരുവി വെള്ളച്ചാട്ടം
കൊല്ലത്ത് നിന്ന് 75 കിമി അകലെയാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണെങ്കിൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കണ്ടാൽ ആ സങ്കടം മാറും.
മൺറോതുരുത്ത്
കൊല്ലത്തു നിന്ന് 27 കിലോമീറ്ററാണ് മൺറോ തുരുത്തിലേക്ക് ഉള്ളത്. എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് മൺറോ തുരുത്ത്. ദ്വീപുകളിലെ കനാലിലും ചെറുതോടുകളിലൂടെയുമുള്ള തോണി യാത്രയാണ് ഇവിടുത്തെ കൗതുകം. വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തുന്നുണ്ട്. സൂര്യോദയവും സൂര്യാസ്തമയുവുമാണ് കാണേണ്ട കാഴ്ചകൾ.
സാമ്പ്രാണിക്കൊടി
അഷ്ടമുടിക്കായലിന്റെ നടുവിലുള്ള തുരുത്താണ് സാമ്പ്രാണിക്കൊടി. തീരത്ത് നിന്ന് 350 മീറ്റർ മാറിയാണ് തുരുത്ത്. അരക്കൊപ്പം വെള്ളത്തിൽ അപകടമില്ലാതെ നടക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ബോട്ടിംഗ് സൗകര്യവുമുണ്ട്.
ഈ സ്ഥലങ്ങൾ കൂടാതെ പിനാക്കിൾ വ്യൂ പോയിന്റ്, മീൻചാടിപ്പാറ, ആലുംകടവ്, റോസ്മല , അമ്പനാട് , കുമ്പാവുരുട്ടി വെള്ളച്ചാട്ടം, അച്ഛൻ കോവിൽ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം












Click it and Unblock the Notifications