പാലക്കാട് വരെ ചെന്നിട്ട് കൊല്ലങ്കോട് കണ്ടില്ലെങ്കിൽ നഷ്ടമാണേ! 'വെട്ട'ത്തിലെ റെയിൽവേസ്റ്റേഷനും കാണാം
പാലക്കാട്, പല സിനിമകളിലും പാലക്കാടിന്റെ ഭംഗി നമ്മൾ കണ്ടുകാണും. മലയും, പാടവും പനയും ഒക്കെ ചേർന്ന് പ്രകൃതി തന്നെ വരച്ചുവെച്ച ഒരു ചിത്രം പോലെയാണ് പാലക്കാട്. പലപ്പോഴും പാലക്കാടേക്ക് നമ്മൾ യാത്രകൾ പോയിട്ടുണ്ടാവും. എന്നാൽ കൊല്ലങ്കോട്ടേക്ക് പോയിട്ടുണ്ടോ? നിങ്ങൾ ഒരു യാത്രാ പ്രേമിയാണെങ്കിൽ പാലക്കാട് വരെ ചെന്നിട്ട് കൊല്ലങ്കോട് കാണാതെ വന്നാൽ വൻ നഷ്ടമാണ് കേട്ടോ..
പാലക്കാടിന്റെ ഗ്രാമ ഭംഗി ആസ്വദിച്ച് കാണണമെങ്കിൽ നേരെ കൊല്ലങ്കോട്ടേക്ക് വിട്ടോളൂ. പാലക്കാട് ടൗണിൽ നിന്ന് 25 കിലോ മീറ്റർ സഞ്ചരിച്ചാൽ കൊല്ലങ്കോട് എത്താം. നെല്ലിയാമ്പതി മലകൾ അതിരുന്ന കൊല്ലങ്കോട്ടിന്റെ സൗന്ദര്യം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. നെൽവയലുകളും പച്ചപ്പും കരിമ്പനകളും, ഓലമേഞ്ഞ പുരകളും മൊത്തത്തിൽ ഗ്രാമത്തിന്റെ പച്ചയായ ഭംഗി ഇവിടെ കാണാം. കൊല്ലങ്കോടിന്റെ അടുത്ത് തന്നെ കാണാൻ പറ്റിയ വിനോദ സഞ്ചാര സ്ഥലങ്ങൾ ഉണ്ട്.

സീതാർകുണ്ടും ചിങ്ങൻചിറയും
ആൽമരങ്ങളാണ് ചിങ്ങൻചിറയുടെ പ്രത്യേക. ആൽമരങ്ങളുടെ നടുവിലായി കറുപ്പ് സ്വാമിയുടെ ക്ഷേത്രമുണ്ട്. ഇവിടുത്തെ ആൽമരങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട് എന്നാണ് പറയുന്നത്. ഇതിനടുത്താണ് ചിറയും ( കുളം). ചിങ്ങം ചിറയിൽ നിന്ന് രണ്ട് കിലോ മീറ്റർ മാത്രം അകലെയാണ് സീതാർകുണ്ട്. സീതാ ദേവി സ്നാനം ചെയ്ത കുണ്ട് പിന്നീട് സീതാർകുണ്ടായി അറിയപ്പെടുന്നുവെന്നാണ് ഐതിഹ്യം.
നെല്ലിയാമ്പതി മലനിരകളിൽ നിന്ന് വരുന്ന സീതാർകുണ്ട് വെള്ളച്ചാട്ടവും ഈ സ്ഥലത്തിന്റെ മനോഹാരിത കൂട്ടുന്നു. വനംവകുപ്പിന്റെ അധീനതിയിലാണ് വെള്ളച്ചാട്ടം.
പോത്തുണ്ടി
പാലക്കാട് പട്ടണത്തിൽ നിന്ന് 42 കിലോ മീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ തന്നെ മണ്ണുകൊണ്ട് ഉണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്.
മുതലമട:
കൊല്ലങ്കോട് വന്നാൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് മുതലമട റെയിൽവേ സ്റ്റേഷൻ. നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട് മുതസമട റെയിൽ വേ സ്റ്റേഷൻ. ഈ സ്റ്റേഷനിൽ അധികം ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലെങ്കിലും ഈ സ്ഥലം കാണാൻ നിരവധി പേർ എത്താറുണ്ട്.












Click it and Unblock the Notifications