കൊളുക്കുമലയിൽ മഞ്ഞുപെയ്യുന്നത് കണ്ടാലോ; സൂര്യനുദിച്ചാൽ തേയിലത്തോട്ടങ്ങളുടെ ആ കാഴ്ച...വേഗം വിട്ടോളൂ
കൊച്ചി: മലമുകളിലെ മഞ്ഞിൽ പൊതിഞ്ഞ കാഴ്ചകളോളം സന്തോഷം തോന്നിപ്പിക്കുന്ന മറ്റെന്തുണ്ടല്ലേ. മനസും ശരീരവും അറിഞ്ഞ് അത്തരമൊരു ഗംഭീര കാഴ്ചകാണാൻ നേരെ വണ്ടിപിടിക്കാം കൊളുക്കുമലയിലേക്ക്. മൂന്നാറിൽ നിന്നും വെറും 38 കിമി ദൂരത്ത് തമിഴ്നാട്ടിലെ തേനിയിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നും 8000ത്തോളം അടി ഉയരത്തിലാണ് സഞ്ചാരികളുടെ പറുദീസയായ കൊളുക്കല നിലകൊള്ളുന്നത്. സ്വദേശികളെന്നോ വിദേശികളെന്നോ ഇല്ലാതെ സൂര്യോദയം കാണാനാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്. റോഡ് മാർഗമുള്ള പ്രവേശനം കേരത്തിൽ നിന്ന് മാത്രമാണ് ഉള്ളത്. ഏകദേശം ഒന്നര മണിക്കൂർ ജീപ്പിൽ യാത്ര ചെയ്ത് വേണം ഇവിടെയെത്താൻ. ഒരു ജീപ്പിന് 2500 രൂപയോളമാണ് ചിലവ് വരുന്നത്.


പുലർച്ചെ തന്നെ ഇവിടം തമ്പടിക്കാനായി ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യങ്ങൾ അടക്കമുള്ളവ ലഭ്യമാണ്. തീർത്തും സിനിമാറ്റിക്ക് എന്ന് തോന്നിപോകുന്ന കാഴ്ചകളാണ് രാവിലെ ഇവിടെ ദൃശ്യമാകുക. പാൽ കടൽ പോലെ മഞ്ഞ് മലമുകളിൽ പടർന്ന് നിൽക്കുന്നത് കാണാം. സൂര്യനുദിച്ചാൽ പിന്നെ തേയിലത്തോട്ടങ്ങളിലേക്ക് വെളിച്ചം വീഴുന്ന അതിമനോഹര കാഴ്ചകണ്ട് മതിമറന്ന് നിന്ന് പോകും.
പകൽ മാത്രമല്ല കേട്ടോ രാത്രിയും ആസ്വദിക്കാനുള്ള നിറയെ കാര്യങ്ങൾ ഇവിടെ ഉണ്ട്. നിരവധി ഹോം സ്റ്റേ സൗകര്യങ്ങൾ സഞ്ചാരികൾകക് ലഭിക്കും. ടെന്‍റും ക്യാംപ് ഫയറും ഭക്ഷണവുമെല്ലാം ലഭിക്കുന്ന പാക്കേജുകൾ ഇവിടെ ലഭ്യമാണ്. ഇവരുടെ നേതൃത്വത്തിൽ തന്നെ മുകളിൽ സൂര്യോദയം കാണാൻ പോകുകയും ചെയ്യാം. മീശപ്പുലിമല, തിപ്പാടമല, തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊളുക്കുമലയ്ക്ക് ചുറ്റുമാണ്. ഇവിടെയെത്തിയാൽ ഈ സ്ഥലങ്ങളും സന്ദർശിക്കാൻ മറക്കേണ്ട.
കൊളുക്കുമലയിലേക്ക് കുറഞ്ഞ ചിലവിൽ കെ എസ് ആർ ടി സി
എറണാകുളത്തു നിന്നും കൊളുക്കുമലയിലേക്ക് എത്താൻ കെ എസ് ആർ ടി സി സർവ്വീസിനെ ആശ്രയിക്കാം. എറണാകുളം- സൂര്യനെല്ലി കെ എസ് ആർ ടി സി ബസാണ് യാത്രയ്ക്കുള്ളത്. എറണാകുളത്തു നിന്നാരംഭിച്ച് പെരുമ്പാവൂർ-കോതമംഗലം-കല്ലാർ-മൂന്നാർ-ദേവികുളം വഴി സൂര്യനെല്ലിയിൽ എത്തും.ഉച്ചയ്ക്ക് 12.40 നാണ് എറണാകുളം ഡിപ്പോയിൽ നിന്നും ബസ് എടുക്കുന്നത്. എറണാകുളത്തു നിന്നും സൂര്യനെല്ലിക്ക് ഒരാൾക്ക് 195 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകീട്ട് ഏഴോടെയാണ് ബസ് സൂര്യനെല്ലിയിലെത്തുക.












Click it and Unblock the Notifications