കൊട്ടിയൂരിലേക്ക് തിരക്കില്ലാതെ പോയി വരാം,ഒപ്പം പറശിനിക്കടവും തിരുനെല്ലിയും കാണാം;കെഎസ്ആർടിസി പാക്കേജ്
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്ക് തിരക്കില്ലാതെ ദർശനം നടത്താൻ അവസരമൊരുക്കി പ്രത്യേക യാത്രാ പാക്കേജുമായി കോട്ടയം കെഎസ്ആർടിസി. ജൂൺ 8, ജൂൺ 18 തീയതികളിലാണ് പ്രത്യേക സർവീസുകൾ ഒരുക്കിയിരിക്കുന്നത്.
കൊട്ടിയൂർ, തിരുനെല്ലി, പറശ്ശിനിക്കടവ്, മൃദംഗശൈലേശ്വരി ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പാക്കേജിന് ഒരാൾക്ക് 2570 രൂപയാണ് നിരക്ക്. ബസ് യാത്രയും താമസച്ചെലവും ഇതിൽ ഉൾപ്പെടും. പുഷ്‌ബാക്ക് സീറ്റുകളുള്ള ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ജൂൺ 8-ന് പുലർച്ചെ 5 മണിക്ക് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന സംഘം ജൂൺ 10-ന് രാവിലെ 6 മണിയോടെ തിരിച്ചെത്തും. ജൂൺ 18-നും സമാനമായ പ്രത്യേക തീർഥാടന യാത്ര നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അവധി ദിവസങ്ങളിൽ കൊട്ടിയൂർ മേഖലയിലേക്ക് വലിയ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെ ആവശ്യപ്രകാരമാണ് ഇടദിവസങ്ങളിൽ പ്രത്യേക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം. WhatsApp വഴിയും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.
കൊട്ടിയൂർ വൈശാഖ മഹോത്സവം; പ്രത്യേക യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ, ജൂണിൽ നിരവധി ടൂർ പാക്കേജുകളും
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക തീർഥാടന യാത്രകൾ സംഘടിപ്പിക്കുന്നു. ജൂൺ 2, 5, 9, 12, 16, 19 തീയതികളിലാണ് കൊട്ടിയൂരിലേക്കുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ 5 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന യാത്ര കൊട്ടിയൂർ ദർശനത്തിന് ശേഷം വൈകീട്ട് 6 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. യാത്രാ നിരക്ക് 550 രൂപയാണ്.
കൊട്ടിയൂർ യാത്രകൾക്കൊപ്പം ജൂൺ മാസത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആതിരപ്പള്ളി-മൂന്നാർ, ഗവി, വയനാട്, മൈസൂർ, നെല്ലിയാമ്പതി, ഊട്ടി, സൈലന്റ് വാലി, പൈതൽമല, ഗുരുവായൂർ, മലക്കപ്പാറ, വാഗമൺ, മാമലക്കണ്ടം, വട്ടവട തുടങ്ങിയ കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.
ജൂൺ 6-ന് ആതിരപ്പള്ളി-മൂന്നാർ (1830 രൂപ), ഗവി (3100 രൂപ), ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽ കല്ല്-വാഗമൺ (1500 രൂപ) യാത്രകൾ നടത്തും. ജൂൺ 7, 14, 21, 28 തീയതികളിൽ മൈസൂർ, നെല്ലിയാമ്പതി യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. ജൂൺ 10, 25 തീയതികളിൽ വയനാട് യാത്രയും, ജൂൺ 13, 27 തീയതികളിൽ മാമലക്കണ്ടം-മൂന്നാർ-വട്ടവട പാക്കേജും ഉണ്ടായിരിക്കും.
അതേസമയം, ജൂൺ 18-ന് ഗുരുവായൂർ, മലക്കപ്പാറ യാത്രകളും ജൂൺ 26-ന് ഗവി, സൈലന്റ് വാലി യാത്രകളും സംഘടിപ്പിക്കും. പ്രകൃതി സൗന്ദര്യവും തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തി കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമായ രീതിയിലാണ് വിവിധ പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9946062832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications