ചുരത്തിലെ ബ്ലോക്കിലൂടെയുള്ള യാത്ര വേണ്ട, 15 മിനിറ്റ് കൊണ്ട് ലക്കിടിയിലെത്താം; വരുന്നു റോപ്പ് വേ പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ സവിശേഷമായ സ്ഥാനമാണ് വയനാട് ജില്ലയ്ക്കുള്ളത്. മലബാറുകാരുടെ ഇഷ്ട ടൂറിസം ഡെസ്റ്റിനേഷനാണ് വയനാട് എന്നതില്‍ സംശയമില്ല. ഒറ്റ ദിവസത്തെ യാത്രയക്കായി കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് വയനാടാണ്. എന്നാല്‍ വയനാട് യാത്രയില്‍ ഒരേ സമയം കൗതുകവും അതേസമയം തന്നെ മടുപ്പും തോന്നിപ്പിക്കുന്നത് ചുരം യാത്രയായിരിക്കും.
ഹെയര്‍പിന്‍ വളവുകളിലൂടെയുള്ള മല കയറിയുള്ള യാത്ര ആവേശമാണെങ്കിലും ചുരത്തില്‍ രൂപപ്പെടുന്ന മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കുകള്‍ രസംകൊല്ലിയാണ് എന്നതില്‍ തര്‍ക്കമുണ്ടാകില്ല. ഇപ്പോഴിതാ ഇതിനൊരു പരിഹാരത്തിനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെ എസ് ഐ ഡി സിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഇതോടെ വയനാടന്‍ യാത്ര ആവേശത്തിനൊപ്പം അല്‍പം സാഹസികവും കൂടിയായി മാറും എന്നുറപ്പായി കഴിഞ്ഞു. അടിവാരം മുതല്‍ ലക്കിടി വരെ ഉള്ള 3.67 കി.മീ ദൂരത്തിലാണ് റോപ് വേ ഉണ്ടാകുക. 100 കോടി രൂപയിലേറെ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
2023 ഒക്ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ വെസ്റ്റേണ്‍ ഘാട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്വേ പദ്ധതിക്ക് നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പദ്ധതിയെക്കുറിച്ച് പഠിച്ചു. ഇതിന് ശേഷം ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ എം ഡിക്ക് നിര്‍ദേശവും നല്‍കി.
കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാനും ധാരണയായി. ഇതോടെയാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് അനുമതി നല്‍കിയത്. ഭൂമി റവന്യു വകുപ്പിനും തുടര്‍ന്ന് കെഎസ്ഐഡിസിക്കും കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.
ഇതോടെ വയനാടിന്റെ ടൂറിസത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന പദ്ധതിയ്ക്കാണ് തുടക്കമാകുന്നത്. കാടിനു മുകളിലൂടെ കാഴ്ചകള്‍ കണ്ടുള്ള റോപ് വേ യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും സമ്മാനിക്കുക. താമരശ്ശേരി ചുരത്തിന്റെ അടിവാരത്ത് നിന്ന് വയനാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന ലക്കിടിയിലേക്ക് റോപ് വേ കണക്ട് ചെയ്യുക. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്വേ ആയിരിക്കും ഇത്.
ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്വേ കടന്നുപോകുന്നത് എന്നതിനാല്‍ മനോഹരമായ ആകാശ കാഴ്ചകള്‍ ഉറപ്പാണ്. ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ വെറും 15 മിനിറ്റ് മതി എന്നതിനാല്‍ തന്നെ ടൂറിസത്തിനുപരിയായി അത്യാവശ്യക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യത്തിലെത്താനുള്ള സഞ്ചാര മാര്‍ഗവുമായിരിക്കും ഇത്. നിലവില്‍ അടിവാരം മുതല്‍ ലക്കിടി വരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് നേരം യാത്ര ചെയ്യണം.
ഒരേ സമയം ആറ് പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എ സി കേബിള്‍ കാറുകളാണ് റോപ്വേയില്‍ ഉണ്ടാകുക എന്നാണ് വിവരം. മണിക്കൂറില്‍ 400 പേര്‍ക്ക് വരെ യാത്ര ചെയ്യാം. റോപ് വേയ്ക്കായി അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു ലക്കിടി വരെയും കോഴിക്കോട് നിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഉണ്ടായിരിക്കാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം നേടിക്കഴിഞ്ഞതിനാല്‍ തന്നെ അതിവേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് അധികൃതരുടെ ശ്രമം. റോപ്വേ പദ്ധതിക്കൊപ്പം അടിവാരം-നൂറാംതോട്-ചിപ്പിലിത്തോട്-തളിപ്പുഴ റോഡ് കൂടി യാഥാര്‍ഥ്യമായാല്‍ ചുരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് മോചനമാകും എന്നാണ് നാട്ടുകാരുടേയും സഞ്ചാരികളുടേയും പ്രതീക്ഷ.












Click it and Unblock the Notifications