കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ സാഹസിക ബോട്ട് യാത്ര, വെറും 100 രൂപ മാത്രം; കടലുണ്ടി വിളിക്കുന്നു
പുഴയോരത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ അത്ഭുതകരമായ കാഴ്ചയാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥയെ വരെ സന്തുലിതമാക്കുന്നവയാണ് കണ്ടല്‍ക്കാടുകള്‍. അതിനാല്‍ തന്നെ നയനമനോഹര കാഴ്ചകള്‍ക്കപ്പുറം വലിയ പ്രാധാന്യവും കണ്ടല്‍ക്കാടുകള്‍ക്കുണ്ട്. കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെയുള്ള ബോട്ട് യാത്രകള്‍ എപ്പോഴും വലിയ അനുഭവം സമ്മാനിക്കുന്നവയാണ്.
ബോട്ട് യാത്ര തന്നെ പലര്‍ക്കും ആവേശവും അമ്പരപ്പും ഉണ്ടാക്കുന്നവയാണ്. അങ്ങനെയുള്ളവര്‍ക്ക് കണ്ടല്‍ക്കാടിനിടയിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും വാഗ്ദാനം ചെയ്യുക എന്നത് തീര്‍ച്ചയാണ്. ഇത്തരമൊരു അനുഭവങ്ങള്‍ നുകരാന്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുകയാണ് കടലുണ്ടി. കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ മാത്രം അകലെയുള്ള കടലുണ്ടി ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്.

പടര്‍ന്ന് പന്തലിച്ച കണ്ടല്‍വനങ്ങള്‍ക്കിടയിലൂടെ പുഴയുടെ ഭംഗി കണ്‍നിറയെക്കണ്ടുള്ള ബോട്ട് യാത്രയാണ് കടലുണ്ടി വാഗ്ദാനം ചെയ്യുന്നത്. റെയില്‍വേ ട്രാക്ക് കടന്ന് പോകുന്ന പാലത്തിന് താഴെയിലൂടെയായിരിക്കും ബോട്ട് യാത്ര. ബോട്ട് യാത്രക്കൊപ്പം തുരുത്തിലെ കുടിലില്‍ ഇരുന്ന് ഗ്രാമീണ വിഭവങ്ങള്‍ ആസ്വദിക്കാം. കടലുണ്ടി പക്ഷിസങ്കേതവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ദേശാടനക്കിളികളേയും കണ്ടല്‍ക്കാടിനുള്ളിലൂടെയുള്ള ബോട്ട് യാത്ര അല്‍പം സാഹസികം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന ഇടമായി വളരെ പെട്ടെന്നാണ് കടലുണ്ടി മാറുന്നത്. ബോട്ട് യാത്രക്ക് വെറും 100 രൂപ മാത്രമാണ് ഈടാക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. ഒരു മണിക്കൂറാണ് ബോട്ട് യാത്രയുടെ സമയം.
കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടലുണ്ടിയിലെത്താം. മാനാഞ്ചിറയില്‍ നിന്ന് കടലുണ്ടിയിലേക്ക് ബസ് സര്‍വീസും ഉണ്ട്. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ കടലുണ്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കടലുണ്ടി പക്ഷി സങ്കേതത്തില്‍ നിര്‍മ്മിച്ച പ്രകൃതി സഞ്ചാര പാത കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
ടൂറിസം വകുപ്പ് 1.10 കോടി രൂപ ചെലവിട്ടാണ് കടലുണ്ടി പുഴയോരത്ത് പദ്ധതി നടപ്പാക്കിയത്. പുഴയോരത്ത് പാര്‍ശ്വഭിത്തി കെട്ടി നിരപ്പാക്കിയ പാതയില്‍ പൂട്ടുകട്ട പാകിയിരിക്കുകയാണ്. അലങ്കാര വിളക്കുകള്‍, ഇരുമ്പു കൈവരി എന്നിവയെല്ലാം പ്രകൃതി സഞ്ചാര പാതയില്‍ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങള്‍, ശുചിമുറി, കഫെറ്റീരിയ, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവയും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഇക്കോ ടൂറിസം കേന്ദ്രം ഓഫീസ് പരിസരം മുതല്‍ കടലുണ്ടിക്കടവ് പാലം വരെ 1.10 കിലോമീറ്ററില്‍ പുഴയോരത്ത് നിര്‍മ്മിക്കുന്ന നടപ്പാതയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications