കോഴിക്കോടെ പച്ചത്തുരുത്തുകൾ ഒന്ന് കറങ്ങി വന്നാലോ? വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടാം; ഏകദിന പാക്കേജ് ഇതാ
കോഴിക്കോട്: ബീച്ചും മാനാഞ്ചിറയും മുട്ടായിത്തെരുവും മാത്രമല്ല കോഴിക്കോട്. പ്രകൃതിയെ അടുത്തറിയാൻ സാധിക്കുന്ന, ഹരിതാഭയും പച്ചപ്പും നിറഞ്ഞ് നിൽക്കുന്ന അതിമനോഹരമായ നിരവധി ഇടങ്ങളുണ്ട് കോഴിക്കോട് ജില്ലയിൽ ഉണ്ട്. എന്നാൽ സഞ്ചാരികൾ പലപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി ഏറെ ദൂരപരിധിയിലുള്ള ഇത്തരം സ്ഥാലങ്ങളെല്ലാം ഒറ്റയടിക്ക് കണ്ട് തീർക്കാൻ സാധിക്കാറില്ലെന്നതാണ്. പലപ്പോഴും ചില സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങേണ്ടി വരുന്നതിലെ നിരാശ സഞ്ചാരികൾ പങ്കുവെയ്ക്കാറുണ്ട്.
എന്തായാലും അങ്ങനെയൊരു യാത്ര നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, മീന്തുള്ളിപ്പാറ, വാച്ച് ടവർ, കരയാത്തുംപാറ തുടങ്ങി കോഴിക്കോട്ടെ ആരേയും മയക്കുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് ഒറ്റ ട്രിപ്പിൽ തന്നെ പോയി വരാൻ സാധിക്കുന്ന പാക്കേജാണ് കണ്ണൂർ ഒരുക്കിയിരിക്കുന്നത്. ഈ കണ്ണൂർ-കോഴിക്കോട് ഏകദിന ട്രിപ്പിനെ കുറിച്ച് കൂടുതൽ വിശദമായി അറിയാം

മെയ് 19 നാണ് യാത്ര പുറപ്പെടുന്നത്. രാവിലെ 6.30 ന് കണ്ണൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. രാത്രി 8.30 ഓടെ കണ്ണൂരിൽ തിരികെയെത്തും. ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്ര തിരിക്കുക. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ചായയും പാക്കേജിൽ ഉൾപ്പെടും. പാക്കേജിൽ ഒരാൾക്ക് 960 രൂപയാണ് ചെലവ് വരുന്നത്.
അതേസമയം ഈ ഏകദിനയ യാത്ര മാത്രമല്ല കേട്ടോ, മെയ് മാസത്തിൽ കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ വൻ ഡിമാന്റുള്ള പാക്കേജുകളിലൊന്നാണ് ഗവിയിലേക്ക് ഉള്ളത്. 90 കിലോമീറ്റർ വനത്തിനുള്ളിലൂടെയുള്ള അതിമനോഹര യാത്രയാണ് പാക്കേജിൽ സഞ്ചാരികൾക്ക് ആസ്വദിക്കാനുക. മാത്രമല്ല ബോട്ടിംഗും യാത്രയിൽ ഒരിക്കിയിട്ടുണ്ട്. മെയ് 10, 23 എന്നീ തിയതികളിലാണ് പാക്കേജ് ഉള്ളത്.
ഇത് കൂടാതെ മൂന്നാറിലേക്കും കാന്തല്ലൂരിലേക്കും പ്രത്യേക പാക്കേജുണ്ട്. വേനൽക്കാലത്ത് നിർബന്ധമായും പോയിക്കാണേണ്ട കാഴ്ചയാണ് മൂന്നാറിലേത്. , 10, 17, 24 തീയതികളലാണ് ഇനി പാക്കേജുള്ളത്. 4,230 രൂപയാണ് ഒരാൾക്ക് ചെലവ് വരുന്നത്. കോട്ടയം ജില്ലയിലെ വാഗമണ്ണിലേക്കും കണ്ണൂരിൽ നിന്നും ഈ മാസം പാക്കേജ് ഉണ്ട്. ചതുരംഗപ്പാറയും കണ്ട് മടങ്ങാവുന്ന തരത്തിലാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. 4100 രൂപയാണ് വാഗമൺ ചതുരംഗപ്പാറ യാത്രയ്ക്കുള്ള ചിലവ്. ഗവി കുമിളി യാത്രയാണ് മെയ് മാസത്തിലെ മറ്റൊരു ആകർഷകമായ പാക്കേജ്. 10, 23 തീയതികളിലാണ് യാത്ര പുറപ്പെടുക. ഇതുകൂടാതെ വയനാടൻ ജംഗിൾ സഫാരിയും ഉണ്ട്. മെയ് 12 നാണ് ജംഗിൾ സഫാരി. ഈ ചുട്ടുപൊള്ളുന്ന വേനലിൽ സഞ്ചാരികൾക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും യാത്ര. ഒരാൾക്ക് 2,600 രൂപയാണ് ഈടാക്കുക. വയനാട്ടിലേക്ക് കണ്ണൂരിൽ നിന്നും എല്ലാ മാസവും ഏകദിന പാക്കേജും നടത്തുന്നുണ്ട്.












Click it and Unblock the Notifications