വന്ദേഭാരത് എത്തുമ്പോള്‍ കെഎസ്ആര്‍ടിസി എസി ബസ്; ലാഭം കൂട്ടാം, കൊല്ലൂര്‍ യാത്രക്കാര്‍ക്കും നേട്ടം
കേരളത്തിന് നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണുള്ളത്. അതിലൊന്നാണ് തിരുവനന്തപുരം-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നാണിത്.
എന്നാല്‍ കാസര്‍കോട് ഇറങ്ങുന്നവര്‍ക്ക് കൊല്ലൂരിലേക്ക് ഒരു കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ യാത്രക്കാര്‍ക്കും കെഎസ്ആര്‍ടിസിക്കും നേട്ടമാകുമെന്ന് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
ദീര്‍ഘദൂര യാത്രക്കാര്‍ വരുന്നതിനാല്‍ കൊല്ലൂരിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് ഏര്‍പ്പെടുത്തിയാല്‍ ഉചിതമാകും. മംഗലാപുരത്തേക്കും മണിപ്പാല്‍ ആശുപത്രിയിലേക്കും പോകുന്നവര്‍ക്ക് ഈ സര്‍വീസ് ഉപയോഗപ്പെടുത്താം. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30നാണ് കാസര്‍കോട് എത്തുന്നത്. 2.30ന് കെഎസ്ആര്‍ടിസി ബസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ചാല്‍ ലാഭകരമാകുമെന്നാണ് നിര്‍ദേശം.

വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിനും മറ്റുമായി ഒരു മണിക്കൂര്‍ വേണ്ടി വരും. ഇതിന് ശേഷം 2.30ന് കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടാല്‍ വൈകീട്ട് കൊല്ലൂരിലെത്താം. മംഗളൂരു, സൂറത്കല്‍, ഉഡുപ്പി വഴിയുള്ള സര്‍വീസാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ താല്‍പ്പര്യപ്പെടുന്നത്. നിരവധി മലയാളികള്‍ എത്തുന്ന കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് ട്രെയിന്‍ സമയത്തിന് അനിയോജ്യമായ രീതിയില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം വരില്ല.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. ഈ വേളയില്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന വിധത്തില്‍ കൊല്ലൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. തീര്‍ഥാടകര്‍, മണിപ്പാല്‍ ആശുപത്രിയിലേക്ക് പോകുന്നവര്‍, മംഗലാപുരം യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം അനുഗ്രഹമാകുന്ന സര്‍വീസിനാണ് ആവശ്യം ശക്തമായിരിക്കുന്നത്.
കാസര്‍കോട് നിന്ന് കൊല്ലൂരിലേക്ക് ഉച്ചയ്ക്ക് ശേഷവും കൊല്ലൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് രാവിലെയും എസി ബസ് ഏര്‍പ്പെടുത്തുന്നത് കെഎസ്ആര്‍ടിസിക്ക് നേട്ടമാകും. ഇത്തരത്തില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കൊല്ലൂരിലേക്കുള്ള ഭക്തര്‍ക്ക് ദീപാരാധന, ശീവേലി, നിര്‍മാല്യ ദര്‍ശനം എന്നിവയില്‍ പങ്കെടുത്ത് മടങ്ങാന് സാധിക്കും. കൂടുതല്‍ രാത്രികള്‍ തങ്ങേണ്ടി വരികയുമില്ല.


Click it and Unblock the Notifications
