ബെംഗളൂരു മലയാളികളെ ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ബസ് കിട്ടിയില്ലേ?; ടെൻഷൻ വേണ്ട, കൂടുൽ ബസുകളുമായി കെഎസ്ആർടിസി
നാട്ടിൽ പോകാതെ എന്ത് ക്രിസ്മസും ന്യൂയറും അല്ലേ. എന്നാൽ ഈ അവധി ദിനങ്ങളിൽ നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നവരിൽ പലർക്കും കിട്ടിയിരിക്കുന്നത് എട്ടിന്റെ പണിയാണ്. ബസിലോ ട്രെയിനിലോ ഒന്നും ഒരു സീറ്റും കിട്ടാനില്ല. കാലേക്കൂട്ടി ബുക്ക് ചെയ്യാത്തതിന്റെ പ്രശ്നം തന്നെയാണെങ്കിലും അവധി ആഘോഷം കുടുംബത്തിനൊപ്പമല്ലാതെ പറ്റുമോ?
ആശങ്ക വേണ്ട, സീറ്റ് നേരത്തേ ബുക്ക് ചെയ്യാത്തവർക്ക് ഇതാ ആശ്വാസമായി അധിക സർവ്വീസുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. കേരളത്തിൽ നിന്നും ബാഗ്ലൂർ, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം സർവ്വീസുകൾ ഉണ്ട്.

ബാംഗ്ലൂരിലേക്ക് മാത്രം 34 ബസുകൾ
നിലവിൽ 48 (90 ബസ്സുകൾ) സർവ്വീസുകളാണ് കേരളത്തിൽ നിന്നും ഇവിടങ്ങളിലേക്ക് ഉള്ളത്. ഇതുകൂടാതെ 38 ബസുകളാണ് അന്തർസംസ്ഥാന യാത്രകൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ തന്നെ ബാംഗ്ലൂരേക്ക് മാത്രം 34 ബാഗ്ലൂർ ബസുകൾ ഉണ്ട്. ചെന്നൈയിലേക്ക് 4 ബസുകളാണ് ഉള്ളത്. ശബരിമല സ്പെഷ്യൽ ആയി അന്തർസംസ്ഥാന സർവ്വീസുകൾ നേരത്തേ തന്നെ കെ എസ് ആർ ടി സി തയ്യാറാക്കിയിരുന്നു. ഇതിന് പുറമെയാണ് അധികസർവ്വീസുകൾ.
സംസ്ഥാനത്തുള്ളവർക്കും ആശങ്ക വേണ്ടെന്നേ
കേരളത്തിൽ തന്നെ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് ക്രിസ്മസ്-ന്യൂയർ അവധിക്ക് നാട്ടിൽ പോകാനും കെ എസ് ആർ ടി സിയെ ആശ്രയിക്കാം. തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം - കോഴിക്കോട് ,കണ്ണൂർ റൂട്ടിൽ ഇക്കുറി കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 ബസുകളാണ് അധികമായി നൽകിയിരിക്കുന്നത്.
കോഴിക്കോട് - തിരുവനന്തപുരം റൂട്ടിലും, കോഴിക്കോട് - എറണാകുളം റൂട്ടിലും നാല് വോൾവോ സർവിസുകൾ അടക്കം 8 ബസുകൾ കോഴിക്കോട് നിന്നും അധികമായി ഓടും. കൂടാതെ 4 ലോഫ്ലോർ, 4 മിന്നൽ, 3 ഡീലക്സ് 5 സൂപ്പർഫാസ്റ്റ് ബസ്സുകൾ അടക്കം 16 ബസ്സുകൾ ഉപയോഗിച്ച് തിരുവനന്തപുരം - കണ്ണൂർ , തിരവനന്തപുരം - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തും. 8 സർവീസുകളാണ് നടത്തുക.
ഇത് കൂടാതെ കൊട്ടാരക്കര - കോഴിക്കോട് , അടൂർ - കോഴിക്കോട് , കുമിളി കോഴിക്കോട്, എറണാകുളം - കണ്ണൂർ, എറണാകുളം - കോഴിക്കോട്, എന്നിങ്ങനെ അഡീഷണൽ സർവിസുകളും ഉണ്ട്. അതോടൊപ്പം കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂർ, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചർ സർവിസുകളും അനുവദിച്ചിട്ടുണ്ട്.
ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്
തിരുവനന്തപുരം- 0471 2323886
എറണാകുളം- 0484 2372033
കോഴിക്കോട്- 0495 2723796
കണ്ണൂർ- 0497 2707777












Click it and Unblock the Notifications