മാര്‍ച്ചിലെ ചൂടില്‍ നിന്ന് മോചനം നേടാം; കുളിരുകോരുന്നിടത്തേക്ക് കെഎസ്ആര്‍ടിസിയില്‍ യാത്ര പോകാം
കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെല്ലാം കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം വഴി യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തണുത്ത കാലാവസ്ഥയുള്ളിടങ്ങളിലേക്കായിരിക്കും പലരും വിനോദയാത്രകള്‍ നടത്തുന്നത്. ഇത് മുന്നില്‍ക്കണ്ട് കെ എസ് ആര്‍ ടി സിയും ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്.
വേനല്‍ക്കാലത്ത് പലരും തിരഞ്ഞെടുക്കുന്നത് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ തണുത്ത കാലാവസ്ഥ നിലനില്‍ക്കുന്ന മൂന്നാറും വാഗമണ്ണും ഗവിയും ആയിരിക്കും. ഇപ്പോഴിതാ മൂന്നാറിലേയ്ക്കും വാഗമണ്ണിലേയ്ക്കും ഗവിയിലേയ്ക്കുമെല്ലാം വിനോദ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. ഇതിനായി കൊല്ലം ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങിക്കഴിഞ്ഞു.

ഇത് കൂടാതെ ഇല്ലിക്കല്‍ കല്ല്, ഇലവീഴാ പൂഞ്ചിറ, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും കെ എസ് ആര്‍ ടി സി സംഘടിപ്പിക്കുന്നുണ്ട്. ഈ മാസത്തെ ഏക മൂന്നാര്‍ യാത്ര നാളെയാണ്. രണ്ട് പകലും ഒരു രാത്രിയും നീണ്ടുനില്‍ക്കുന്ന ഈ യാത്രയ്ക്ക് 2380 രൂപയാണ് നിരക്ക്. പുലര്‍ച്ചെ 5 മണിയ്ക്ക് യാത്ര പുറപ്പെടും.
കോട്ടയം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളായ ഇല്ലിക്കല്‍ കല്ലും ഇലവീഴാപൂഞ്ചിറയും ഉള്‍പ്പെടുത്തിയുള്ള ഏകദിന യാത്ര മാര്‍ച്ച് 9, 22 എന്നീ തിയതികളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കുന്ന യാത്രയ്ക്ക് 820 രൂപയാണ് ഒരാള്‍ക്ക് വേണ്ടി വരുന്ന നിരക്ക്. വാഗമണ്‍ യാത്ര മാര്‍ച്ച് 16 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പുലര്‍ച്ചെ 5 മണിയ്ക്ക് ആരംഭിക്കുന്ന ഈ യാത്ര ഒരു ദിവസം കൊണ്ട് തീരുന്നതാണ്.
1020 രൂപയാണ് നിരക്ക്. നിലമ്പൂര്‍ യാത്രയ്ക്ക് കനോലിക്കാഴ്ചകള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നിലമ്പൂര്‍ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി തുടങ്ങിയ സ്ഥലങ്ങള്‍ ആണ് ഈ പാക്കേജില്‍ ഉള്ളത്. മാര്‍ച്ച് 20 ന് രാത്രി 8 മണിയ്ക്കാണ് നിലമ്പൂരിലേക്ക് കെ എസ് ആര്‍ ടി സി സ്റ്റാര്‍ട്ട് ചെയ്യുക. രണ്ട് രാത്രിയും രണ്ട് പകലും നീണ്ടു നില്‍ക്കുന്ന ഈ യാത്രയ്ക്ക് 2400 രൂപയാണ് നിരക്ക്.
മാര്‍ച്ച് 23 ന് കൊല്ലം ജില്ലയിലെ റോസ്മലയിലേയ്ക്കും ഇടുക്കിയിലെ രാമക്കമേട്ടിലേയ്ക്കും ഏകദിന യാത്ര സംഘടിപ്പിക്കുന്നുണ്ട്. റോസ്മല യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. രാവിലെ 6 മണിയ്ക്കാണ് യാത്ര ആരംഭിക്കുക. പുലര്‍ച്ചെ 5 മണിയ്ക്കാണ് രാമക്കല്‍മേട് യാത്ര ആരംഭിക്കുക. 1070 രൂപയാണ് നിരക്ക്. ഗവി യാത്ര മാര്‍ച്ച് 24 നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പുലര്‍ച്ചെ 5 മണിയ്ക്ക് യാത്ര പുറപ്പെടും. ഒരു ദിവസത്തെ യാത്രയ്ക്ക് 1750 രൂപയാണ് നിരക്ക്. ഇതിന് പുറമെ, പൊന്മുടി (മാര്‍ച്ച് 9), മണ്ടയ്ക്കാട് (മാര്‍ച്ച് 11), ആറ്റുകാല്‍ (മാര്‍ച്ച് 13), പാണിയേലിപ്പോര് (മാര്‍ച്ച് 15), മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍ (മാര്‍ച്ച് 22), മൂകാംബിക (മാര്‍ച്ച് 27) എന്നിവിടങ്ങളിലേയ്ക്കും കെ എസ് ആര്‍ ടി സി യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications