ഹിറ്റായി കെഎസ്ആര്‍ടിസി വിനോദയാത്ര, പാട്ടും ഭക്ഷണവുമായി കപ്പല്‍യാത്രയും..; അവധിക്കാലത്തെ വരുമാനം
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതി വിനോദസഞ്ചാരികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഈ അവധിക്കാലത്ത് വലിയ നേട്ടമാണ് കെ എസ് ആര്‍ ടി സ ബജറ്റ് ടൂറിസം സെല്‍ കൈവരിച്ചത്. ഈ രണ്ട് മാസം കൊണ്ട് 7,10,07,811 രൂപയാണ്. ഇതില്‍ 45,430,017 രൂപയും ലഭിച്ചത് ഏപ്രില്‍ മാസത്തെ ട്രിപ്പിലൂടെയാണ്. ഇതില്‍ നിന്ന് കെ എസ് ആര്‍ ടി സി വിനോദയാത്ര ജനങ്ങള്‍ എത്രത്തോളം ഏറ്റെടുത്തു എന്ന് മനസിലാക്കാം.
സംസ്ഥാനത്തെ 93 ഡിപ്പോകളില്‍നിന്നുള്ള 1072 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വെറും 1,674,391 രൂപ ലഭിച്ചിടത്ത് നിന്നാണ് ഇത്രയും വലിയ തുക കെ എസ് ആര്‍ ടി സിക്ക് ലഭിച്ചിരിക്കുന്നത്. കെ എസ് ആര്‍ ടി സിയുടെ മൂന്നാര്‍ ഡിപ്പോയ്ക്കാണ് വരുമാനത്തില്‍ വലിയ നേട്ടം. ഏപ്രിലില്‍ 75 ട്രിപ്പുകളാണ് മൂന്നാര്‍ ഡിപ്പോ നടത്തിയത്. ഇതിലൂടെ 3,062,200 രൂപയാണ് ലഭിച്ചത്.

കല്‍പറ്റ ഡിപ്പോ മാര്‍ച്ചില്‍ വെറും ഒമ്പത് ട്രിപ്പുകളിലൂടെ 25,13,539 രൂപ നേടി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 413 ട്രിപ്പുകളിലൂടെ 26,151 പേരാണ് യാത്ര ചെയ്തത് എങ്കില്‍ ഈ വര്‍ഷം 62971 പേരാണ് വിനോദയാത്രയ്ക്കായി കെ എസ് ആര്‍ ടി സിയെ കൂട്ടുപിടിച്ചത്. കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന് ലഭിച്ച് വരുന്ന ജനപ്രീതിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കുറഞ്ഞ നിരക്കില്‍ സുരക്ഷിത യാത്ര എന്ന ആശയം മുന്‍നിര്‍ത്തിയാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ രൂപീകരിച്ചത്.
വിനോദയാത്രയ്ക്ക് സംസ്ഥാനത്തെ 93 ഡിപ്പോകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ 89 ഡിപ്പോകളാണ് ഏപ്രിലില്‍ വവലിയ വരുമാനം കൊയ്തത്. കേവലം വിനോദയാത്ര എന്നതിലുപരി ക്ഷേത്രങ്ങള്‍, ചരിത്രസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവിടങ്ങളിലേക്കും കെ എസ് ആര്‍ ടി സി യാത്ര നടത്തുന്നുണ്ട്. മൂന്നാര്‍, ഗവി പാക്കേജുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷണം.
റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസാണ് മൂന്നാറിലെ പ്രധാന ആകര്‍ഷണം. ഒപ്പം തേയിലത്തോട്ടങ്ങളും പ്രകൃതിരമണീയമായ കാഴചകളും യാത്രയ്ക്ക് പുതിയ അനുഭൂതി നല്‍കും. ഗവിയിലേക്കുള്ള യാത്രയില്‍ കല്ലാര്‍ നദിക്ക് കുറുകെയുള്ള കുട്ടവഞ്ചി സവാരിക്ക് പേരുകേട്ട അടവിയിലേക്കുള്ള യാത്രയും പരുന്തുംപാറയിലേക്കുള്ള ട്രക്കിംഗും ഉള്‍പ്പെടുന്നതാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.
മലക്കപ്പാറയാണ് മറ്റൊരു പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍. എല്ലാ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും മലക്കപ്പാറയിലേക്ക് സര്‍വീസുണ്ട്. അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്, ആനക്കയം പാലം, ഷോളയാര്‍ അണക്കെട്ട്, തേയിലത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ വ്യൂ പോയിന്റുകളുള്ള വനമേഖലയിലൂടെയുള്ള യാത്രയാണ് മലക്കപ്പാറ പാക്കേജിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇത് കൂടാതെ കപ്പല്‍ യാത്ര, ഹൗസ്‌ബോട്ട് യാത്ര എന്നിവയെല്ലാം കെ എസ് ആര്‍ ടി സി നടത്തുന്നുണ്ട്. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി (കെ എസ് ഐ എന്‍ സി) ചേര്‍ന്ന് ആഡംബര കപ്പലായ നെഫെര്‍റ്റിറ്റിയിലേക്കും മറ്റ് കപ്പലുകളായ സാഗരറാണി, സൂര്യാംശു എന്നീ കപ്പലുകളിലുമാണ് യാത്ര. സംഗീതം, ഭക്ഷണം, മറ്റ് വിനോദം എന്നിവ ആസ്വദിച്ച് അറബിക്കടലിലൂടെയാണ് കപ്പല്‍ യാത്ര.
കോട്ടയത്തെ കടുത്തുരുത്തിയിലുള്ള കാര്‍ഷിക തീം പാര്‍ക്കായ മാംഗോ മെഡോസ് മറ്റൊരു ആകര്‍ഷക കേന്ദ്രമാണ്. മാംഗോ മെഡോസും എല്ലാ ഡിപ്പോകളുടെയും പട്ടികയിലുണ്ട്. എറണാകുളത്തെ തിരുവൈരാണിക്കുളത്തേക്കുള്ള സീസണല്‍ പാക്കേജുകള്‍, കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പല യാത്ര, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ എന്നീ തീര്‍ത്ഥാക പാക്കേജുകള്‍ക്കും ആവശ്യക്കാരേറെയാണ്.












Click it and Unblock the Notifications