ഗുരുവായൂരില്‍ നിന്ന് കെഎസ്ആര്‍ടിസിയില്‍ പാട്ടുംപാടി ഉല്ലാസയാത്ര.. നിരക്കുകള്‍ അറിയാം
ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ എസ് ആര്‍ ടി സി ഒരുക്കുന്ന വിനോദയാത്രകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മൂന്നാര്‍, ഗവി, കാന്തല്ലൂര്‍, നെല്ലിയാമ്പതി തുടങ്ങിയ കേരളത്തിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കെ എസ് ആര്‍ ടി സി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം തന്നെയാണ് യാത്രകള്‍ ഹിറ്റാകാനുള്ള കാരണവും.
കെ എസ് ആര്‍ ടി സി ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച ഉല്ലാസ യാത്രകള്‍ക്കും ഇപ്പോള്‍ വലിയ ഡിമാന്റാണ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നവംബര്‍ 24 ന് എന്‍ കെ അക്ബര്‍ എം എല്‍ എയാണ് കെ എസ് ആര്‍ ടി സി ഗുരുവായൂര്‍ ഡിപ്പോയുടെ ഉല്ലാസയാത്ര പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടക്കം തൊട്ട് ജനങ്ങള്‍ ഈ പദ്ധതിയെ ഏറ്റെടുക്കുകയായിരുന്നു. ഉല്ലാസ യാത്രയ്ക്ക് പുറപ്പെട്ടവര്‍ രൂപീകരിച്ച ആയിരത്തിലധികം പേരുടെ ഉല്ലാസയാത്ര കൂട്ടായ്മ വാട്‌സ് ആപ് ഗ്രൂപ്പും സജീവമാണ്.

മോഹനന്‍ ചൂണ്ടല്‍, ഗണേഷ് കാക്കനാട്ട്, കെ കെ ഷിജു, കൃഷ്ണദാസ്, സദാശിവന്‍ മതുക്കര, ടി എസ് സുരേഷ്, ബേബി, ബദറുദ്ദീന്‍ എന്നിവരാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ അമരക്കാര്‍. ഈ കൂട്ടായ്മയുടെ പേരില്‍ വിനോദയാത്രയ്ക്ക് പോകുമ്പോള്‍ ആഘോഷിക്കാനും പാട്ടുപാടാനുമായി ഇപ്പോള്‍ മ്യൂസിക് സിസ്റ്റവും സമ്മാനിച്ചിരിക്കുകയാണ്. 13,000 രൂപയോളം ചെലാക്കിയാണ് മ്യൂസിക് സിസ്റ്റം വാങ്ങിച്ചിരിക്കുന്നത്.
ഇന്നലെ ഇത് കെ എസ് ആര്‍ ടി സിക്ക് കൈമാറുകയും ചെയ്തു. കെ എസ് ആര്‍ ടി സി ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച ഉല്ലാസ യാത്ര പദ്ധതിയില്‍ നെല്ലിയാമ്പതി, മലക്കപ്പാറ, കാന്തല്ലൂര്‍, ഗവി ട്രിപ്പുകള്‍ ഹൗസ് ഫുള്‍ ആയിരുന്നുവെന്നാണ് യാത്ര കോ ഓര്‍ഡിനേറ്റര്‍ എന്‍ ആര്‍ ഷിജു പറയുന്നത്. വിനോദ യാത്രയ്ക്ക് പരിചയ സമ്പന്നരായ സ്ഥിരം ക്രൂ പാനല്‍ നിയോഗിച്ചിട്ടുണ്ട്.
പുഷ് ബാക്ക് സീറ്റ് അടക്കം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഫെബ്രുവരി രണ്ടിനാണ് ഇനി പുതിയ ഷെഡ്യൂളിലെ ഉല്ലാസയാത്രകള്‍ ആരംഭിക്കുന്നത്. രണ്ടാം തിയതി മലക്കപ്പറയിലേക്കാണ് യാത്ര. 690 രൂപയാണ് നിരക്ക്. ഏഴാം തിയതി മാംഗോ മെഡോസലിക്കോയിരിക്കും യാത്ര, നിരക്ക് 1650 രൂപ. ഒമ്പതാം തിയതിയിലെ ഗവി, പരുന്തുംപാറ പാക്കേജിന് 2600 രൂപയാണ് നിരക്ക് വരുന്നത്.
13-ാം തിയതി നെല്ലിയാമ്പതിയിലേക്കാണ് യാത്ര, നിരക്ക് 700 രൂപ. 19-ാം തിയതി കാന്തല്ലൂര്‍ (നിരക്ക് 1600 രൂപ), 23-ാം തിയതി സീ കുട്ടനാട് (660 രൂപ), 25-ാം തിയതി മാമലക്കണ്ടം (1060) എന്നിങ്ങനെയാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. 28-ാം തിയതി വീണ്ടും മലക്കപ്പാറയിലേക്ക് പോകും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാം- ഫോണ്‍. 9995268326.












Click it and Unblock the Notifications