ഇത് കൊള്ളാലോ! 500 രൂപ പോലും ചെലവ് വരില്ല; വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസിയുടെ അടിപാെളി പാക്കേജ്
കെ എസ് ആർ ടി സിക്കൊപ്പം ഒരു യാത്ര ആയാലോ. അതും കുറഞ്ഞ ചെലവിൽ. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസമാണ് യാത്ര സംഘടിപ്പിക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായുള്ള 'ട്രാവൽ ടു ടെക്നോളജി' പാക്കേജുകൾ കുട്ടികൾ മികച്ചൊരു അവസരമാണ് നൽകുന്നത്. വെറും ഒരു യാത്ര അല്ല ഇത്. പല അറിവുകളും നേടാനുള്ള അവസരം കൂടിയാണ്.
സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി സ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്കായി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം ഒരുക്കുന്ന സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്രയാണ് 'ട്രാവൽ ടു ടെക്നോളജി'. ഐ എസ് ആർ ഒ, കെ എസ് ആർ ടി സി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ & ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെ എസ് ആർ ടി സി 'ട്രാവൽ ടു ടെക്നോളജി' യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വളരുന്ന വ്യാവസായിക മേഖലകളെക്കുറിച്ച് വിദ്യാർത്ഥികൾ കൂടുതൽ മനസ്സിലാക്കുന്നതിനും വികസ്വര സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ വ്യവസായങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് ഈ പ്രോഗ്രാം രൂപ കല്പന ചെയ്തിരിക്കുന്നത്. കീശകാലിയാവാതെ യാത്ര പോയി വരാം. ഈ യാത്രയ്ക്ക് കുട്ടികളിൽ നിന്ന് 500 രൂപയിൽ താഴെയാണ് ഫീസ് വാങ്ങുന്നത്.
വ്യാവസായിക സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ദിവസം കുട്ടികൾക്ക് ഭക്ഷണവും നൽകും. രാവിലെ യാത്ര ആരംഭിച്ച് വൈകുന്നേരം തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം അധ്യാപകരും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും യാത്രകൾ ബുക്ക് ചെയ്യുന്നതിനും സ്കൂളുകൾക്ക് ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications