ബെംഗളൂരുവില്‍ നിന്ന് തിരുപ്പതിയിലേക്ക് പ്രീമിയം യാത്ര; തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാക്കേജ്: നിരക്ക് അറിയാം
ബെംഗളൂരുവില്‍ നിന്ന് തിരുപ്പതിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ക്കായി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) പ്രത്യേക ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചു. വിനോദ യാത്രയും ദര്‍ശന ടിക്കറ്റും ഭക്ഷണവും എല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രീമിയം ബസ് യാത്രയാണ് തീര്‍ത്ഥാടകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടൂര്‍ പാക്കേജിലൂടെ ദര്‍ശന ടിക്കറ്റും യാത്രയും ഒന്നിച്ച് ലഭിക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വലിയ ആശ്വാസമാകും.
ബെംഗളൂരുവില്‍ നിന്ന് രാത്രി പുറപ്പെടുന്ന ബസുകള്‍ പുലര്‍ച്ചെ തിരുപ്പതിയിലെത്തും. ഐരാവത്, ക്ലബ് ക്ലാസ് തുടങ്ങിയ ലക്ഷ്വറി എസി ബസുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഈ ടൂര്‍ പാക്കേജുകളില്‍ വേഗത്തിലുള്ള ദര്‍ശനവും സാധ്യമാക്കും. 300 രൂപയുടെ സ്‌പെഷ്യല്‍ എന്‍ട്രി ദര്‍ശനമാണ് ഈ പാക്കേജിനൊപ്പം ലഭിക്കുന്നത്. ഇതിലൂടെ നീണ്ട ക്യൂ ഒഴിവാക്കി വേഗത്തില്‍ ദര്‍ശനം നടത്താം.

ദര്‍ശന സമയത്ത് യാത്രക്കാരെ സഹായിക്കാനും കാര്യങ്ങള്‍ ഏകോപിപ്പിക്കാനും ഒരു ഗൈഡിന്റെ സേവനവും ഉണ്ടാകും. തിരഞ്ഞെടുക്കുന്ന പാക്കേജുകള്‍ അനുസരിച്ച് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാണ്.
ഒരാള്‍ക്ക് 2,200 രൂപ മുതല്‍ 2,600 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി ഓണ്‍ലൈനായി ബുക്കിംഗ് നടത്താം. കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെഎസ്ടിഡിസി) പോര്‍ട്ടല്‍ വഴിയും ബുക്കിംഗ് സാധ്യമാണ്. കര്‍ണാടകയിലുടനീളമുള്ള പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലും അംഗീകൃത കൗണ്ടറുകളിലും യാത്രക്കാര്‍ക്ക് ഓഫ്ലൈനായി ടിക്കറ്റുകള്‍ വാങ്ങാം.
തിരുപ്പതിയില്‍ തീര്‍ത്ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടാറുള്ളതിനാല്‍, യാത്രയ്ക്ക് 15 ദിവസം മുന്‍പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിക്കുന്നു. തിരുപ്പതി ദര്‍ശനത്തിന് ഒറിജിനല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ബുക്കിംഗ് സമയത്ത് ആധാര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ സഹായത്തിനായി കെഎസ്ആര്‍ടിസി കസ്റ്റമര്‍ കെയര്‍ നമ്പറായ 080-26252625 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications