കെഎസ്ആര്‍ടിസിയില്‍ താമസിക്കാം; വെറും 160 രൂപയ്ക്ക്, ഫാമിലി റൂമും റെഡി, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് മലയാളികള്‍. മലബാറിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യമെണ്ണുന്നത് വയനാട് ആണ്. വിനോദ സഞ്ചാരത്തിനും മറ്റുമായി നിരവധി പേരാണ് ഓരോ ദിവസവും വയനാട്ടില്‍ എത്തുന്നത്. യാത്രയ്ക്കിടയില്‍ വിശ്രമിക്കാനും രാത്രി തങ്ങാനും കെഎസ്ആര്‍ടിസി സൗകര്യം ഒരുക്കിയിട്ടുണ്ട്. എസി റൂമില്‍ കിടന്ന് വിശ്രമിച്ച് മടങ്ങാം. വെറും 160 രൂപയാണ് ചെലവ്.
ബസ് യാത്ര ആണെങ്കില്‍ കെഎസ്ആര്‍ടിസിയാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. വളരെ ആയാസകരമായ യാത്രയാണ് കെഎസ്ആര്‍ടിസിയുടെ ആകര്‍ഷണം. അടുത്ത കാലത്ത് വിവിധ മോഡല്‍ ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കിയിട്ടുണ്ട്. തിരുവനന്തപുരത്തും മൂന്നാറിലും ഓടുന്ന ഡബിള്‍ ഡെക്കര്‍ തൃശൂരും എത്തിയിട്ടുണ്ട്. അതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ നിരക്ക് കുറഞ്ഞ താമസ കേന്ദ്രം ശ്രദ്ധേയമാകുന്നത്.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഗ്യാരേജിലാണ് ബസുകളില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. എസി സൗകര്യമുള്ള അഞ്ച് സ്ലീപ്പര്‍ ബസുകളാണ് ഇവിടെയുള്ളത്. ഒറ്റയ്ക്ക് വരുന്നവര്‍ക്കും കുടുംബത്തോടൊപ്പം വരുന്നവര്‍ക്കും താമസിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത് ശൗചാലയവുമുണ്ട്. ഫ്രഷായി യാത്ര തുടരണം എന്ന് കരുതുന്നവര്‍ക്ക് ഇടത്താവളമാണ് ഇവിടെ.
കുടുംബത്തൊടൊപ്പം എത്തുന്നവര്‍ക്ക് 1000 രൂപ
ഡോര്‍മെട്രികള്‍ക്ക് 160 രൂപയാണ് ഒരാള്‍ക്ക് വേണ്ടത്. ഫാമിലി റൂമില്‍ കുറഞ്ഞത് നാലുപേര്‍ക്ക് താമസിക്കാം. 1000 രൂപയാണ് ഈടാക്കുന്നത്. മൂന്ന് ബസുകളില്‍ സാധാരണ ബെര്‍ത്തുണ്ട്. മറ്റൊരു ബസില്‍ സംഘമായി വരുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്. ഇതില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാന്‍ സാധിക്കും. ബെര്‍ത്തിന് 160 രൂപ മതിയാകും.
ഒരു ബസില്‍ കുടുംബത്തിന് താമസിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡബിള്‍ ബെഡും സിംഗിള്‍ ബെഡും ഉള്‍പ്പെടുന്നതാണ് ഒരു മുറി. രണ്ട് മുറികളാണ് ഈ ബസിലുള്ളത്. ഒരു മുറിക്ക് വാടകയായി നല്‍കേണ്ടത് 1000 രൂപയാണ്. ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ വലിയ തുക നല്‍കാന്‍ മടിയുള്ളവര്‍ക്ക് സുല്‍ത്താന്‍ ബത്തേരിയിലെ കെഎസ്ആര്‍ടിസി ഒരുക്കിയ സ്ഥലം തിരഞ്ഞെടുക്കാം.
നീലയും വെള്ളയും നിറത്തില്‍ മോഡി പിടിപ്പിച്ച് ഒരുക്കി നിര്‍ത്തിയിട്ടുണ്ട് ബസുകള്‍. 2022ലാണ് പദ്ധതി തുടങ്ങിയത്. ഇപ്പോഴും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. ദിവസവും ആവശ്യക്കാര്‍ വരുന്നുണ്ടെന്നും പകുതിയില്‍ അധികം ബെര്‍ത്തുകളിലും ആളുകള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബസ് സ്റ്റാന്റില്‍ തന്നെയാണ് എന്നതിനാല്‍ താമസ സൗകര്യം അന്വേഷിച്ച് യാത്രക്കാര്‍ പ്രയാസപ്പെടേണ്ടതില്ല.












Click it and Unblock the Notifications