ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പാക്കേജുമായി കെഎസ്ആര്‍ടിസി
കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം യാത്രയ്ക്ക് യാത്രക്കാരില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.
കെഎസ്ആര്‍ടിസിയുടെ കൊല്ലം ബജറ്റ് സെല്‍ ആണ് ഈ യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൂടെയുള്ള യാത്രയാണ് കെ എസ് ആര്‍ ടി സി ഒരുക്കുന്നത്. മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍ ആണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാളെയാണ് (ഫെബ്രുവരി 22) കെ എസ് ആര്‍ ടി സി ശിവരാത്രിയോട് അനുബന്ധിച്ചുള്ള യാത്ര ആരംഭിക്കുന്നത്.

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുനക്കര മഹാദേവക്ഷേത്രം, ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം എന്നീ ഏഴ് ക്ഷേത്രങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 5.00 മണിക്ക് യാത്ര ആരംഭിക്കും. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലായിരിക്കും ആദ്യം എത്തുക.
പിന്നീട് ശിവക്ഷേത്ര ത്രയങ്ങള്‍ എന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തും. ഈ മൂന്ന് ക്ഷേത്രങ്ങളും സന്ദര്‍ശിക്കുന്നത് കൈലാസം സന്ദര്‍ശിക്കുന്നതിന് തുല്യമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഉച്ചപ്പൂജയ്ക്ക് മുമ്പ് ഇവിടെ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ആലുവയിലേക്ക് പോകും.
പ്രസിദ്ധമായ ആലുവ ശിവരാത്രി ആഘോഷിക്കുന്ന മണപ്പുറത്ത് അല്‍പനേരം ചെലവഴിക്കും. ശേഷം അഞ്ച് മണിക്ക് ക്ഷേത്രം തുറന്ന് ദര്‍ശനം നടത്താം. ഇവിടെ നിന്ന് കോട്ടയത്തെത്തി തിരുനക്കര ക്ഷേത്രത്തിലും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നതോടെ യാത്ര അവസാനിക്കും. രാത്രി 9.00 മണിയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചര്‍ ബസിന് 660 രൂപയാണ് നിരക്ക്. സൂപ്പര്‍ ഡീലക്ല് ബസിന് 820 രൂപയും എസി ബസിന് 1060 രൂപയും ആണ് നിരക്ക് വരുന്നത്. അതേസമയം ഭക്ഷണത്തിനുള്ള നിരക്ക് യാത്രക്കാര്‍ തന്നെ വഹിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9747969768, 9995554409 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications