തിരുവനന്തപുരം കറങ്ങാം.. മീൻമുട്ടി വെള്ളച്ചാട്ടം,പൊന്മുടി, കല്ലാർ കാണാം..ചെലവ് വെറും 460 രൂപ
പുതിയ വർഷം ഇതാ ഇങ്ങെത്തി. യാത്രാ ആഗ്രഹങ്ങൾ സഫലീകരിക്കാൻ പുതിയൊരു വർഷം കൂടി വന്നു. ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന യാത്രകൾ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചു തുടങ്ങി. ഇപ്പോഴിതാ, തിരുവനന്തപുരം സിറ്റി ബജറ്റ് ടൂറിസം സെൽ തലസ്ഥാനത്തെ പ്രധാന കാഴ്ചകളിലേക്ക് ഏകദിന യാത്ര ഒരുക്കിയിരിക്കുകയാണ്.
പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാര്‌ക്കും ബജറ്റ് യാത്രകൾ പോകാൻ കാത്തിരിക്കുന്നവർക്കുമെല്ലാം പറ്റിയ ഒരു യാത്രയാണ് ജനുവരി ആദ്യം തിരുവനന്തപുരം സിറ്റി ബജറ്റ് ടൂറിസം സെൽ നടത്തുന്നത്. കല്ലാർ, ഗോൾഡൻ വാലി, മീൻമുട്ടി, പൊന്മുടി എന്നിങ്ങനെ വെള്ളച്ചാട്ടങ്ങളും ഹിൽസ്റ്റേഷനും ഒക്കെ കണ്ടുവരുന്ന ഒരടിപൊളി യാത്ര.

കല്ലാര്‍
പൊന്മുടിയിലേക്കുള്ള യാത്രയിൽ ആദ്യം എത്തുന്ന ഏറ്റവും ആദ്യത്തെ കാഴ്ചയാണ് കല്ലാര്‍. നിറയെ കല്ലുകളും അതിനു നടുവിലൂടെ ഒഴുകുന്ന ആറും ചേരുന്ന ഇവിടെ ട്രെക്കിങ്, പക്ഷിനിരീക്ഷണം എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട്.
മീൻമുട്ടി വെള്ളച്ചാട്ടം
തലസ്ഥാനത്തെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മീൻമുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരം- കൊല്ലം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലം കഴിഞ്ഞുള്ള സമയങ്ങളിൽ അതിന്റെ കാഴ്ചകളിലേക്ക് എത്തും. അരയാൽ മരത്തിന്‍റെ വേരുകൾക്കിടയിലൂടെ പതിക്കുന്ന ഈ വെള്ളച്ചാട്ടം തിരുവനന്തപുരത്തെ പ്രധാന ഏകദിന യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. കല്ലാറിൽ നിന്നും ഇവിടേക്ക് വെറും രണ്ട് കിലോമീറ്റർ ദൂരം മത്രമേയുള്ളൂ. വനത്തിലൂടെ ചെറിയൊരു ട്രെക്കിങ് വേണം എന്നതാണ് ഈ യാത്രയുടെ ആകർഷണീയത.
പൊന്മുടി
തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് പൊന്മുടി. മഞ്ഞും മഴയും മാത്രമല്ല, ചാറ്റല് മഴയും ഇളം വെയിലും ഒക്കായായി ഒറ്റയാത്രയിൽ വ്യത്യസ്ത കാലാവസ്ഥകൾ ഇവിടെ അനുഭവിക്കാം. ഹെയര്‍പിൻ വളവു നിറഞ്ഞ റോഡും പച്ചപ്പു നിറഞ്ഞ കാഴ്ചകളും പിന്നെ വഴിയിലെ വെള്ളച്ചാട്ടങ്ങൾ അടക്കമുള്ള കാഴ്ചകളും ആസ്വദിച്ച് ഇവിടേക്ക് വരാം. രാവിലെ ഏഴ് മുതൽ വൈകിട്ട് 4.30 വരെയാണു പ്രവേശന സമയം.
ജനുവരി 2 ന് രാവിലെ പുറപ്പെട്ട് വൈകിട്ട് മടങ്ങയെത്തുന്ന വിധത്തിലാണ് കെ എസ് ആർ ടി സി യാത്ര ക്രമീകരിച്ചിട്ടുള്ളത്. 460 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9995986658,6282383993












Click it and Unblock the Notifications