ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം; വമ്പന്‍ പദ്ധതിക്ക് കേന്ദ്രം... ഒരേസമയം രണ്ടു ഉപയോഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ അന്തര്‍ദേശീയ ചര്‍ച്ചയായിരിക്കുകയാണ് ലക്ഷദ്വീപ്. മോദിയുടെ സന്ദര്‍ശനത്തെ മാലദ്വീപിലെ മന്ത്രിമാര്‍ പരിഹസിച്ചതാണ് വിവാദത്തിന് തുടക്കം. അതേസമയം, വിവാദം ചൂടുപിടിച്ചതോടെ ലക്ഷദ്വീപ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇവിടെയുള്ള വിനോദ സഞ്ചാര മേഖല സജീവമാകുമെന്നാണ് കരുതുന്നത്.
ലക്ഷദ്വീപില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതയുള്ള ദ്വീപ്, ഇന്ത്യയുടെ തന്ത്രപ്രധാന മേഖല കൂടിയാണ്. അറബി കടല്‍ വഴിയും ഇന്ത്യന്‍ മഹാസമുദ്രം വഴിയും ലഹരിക്കടത്ത് നടക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം വരുന്നത്.

മിനികോയ് ദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കണമെന്നാണ് വ്യോമസേനയുടെ താല്‍പ്പര്യം. ഒരേ സമയം സൈനിക വിമാനത്തിനും സിവിലിയന്‍ വിമാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനത്താവളം നിര്‍മിക്കണമെന്നാണ് പ്രൊപ്പോസല്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മിനിക്കോയ് ദ്വീപില്‍ പുതിയ വിമാനത്താവളം വേണമെന്ന് മാത്രമായിരുന്നു നേരത്തെയുള്ള ശുപാര്‍ശ. സൈനിക-സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് സാധ്യമാകുന്ന വിമാനത്താവളം വേണമെന്നാണ് പുതിയ ശുപാര്‍ശ. കടല്‍ കൊള്ളക്കാരുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പുതിയ വിമാനത്താവളം വരുന്നതിലൂടെ ലക്ഷദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം വേണമെന്ന നിര്‍ദേശം തീരസേനയാണ് ആദ്യം മുന്നോട്ട് വച്ചത്. ഇന്ത്യന്‍ വ്യോമസേന കൂടി ഇപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടത്രെ. അറബി കടലിലെ നിരീക്ഷണ പരിധി വര്‍ധിപ്പിക്കാന്‍ ഇതിലൂടെ വ്യോമസേനയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. ടൂറിസം മേഖലയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നിലവില്‍ അഗത്തിയില്‍ മാത്രമാണ് വിമാനത്താവളമുള്ളത്. ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.
നിലവില്‍ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വീസുണ്ട്. എന്നാല്‍ സമീപകാലത്ത് ഇതേ കുറിച്ച് ദ്വീപ് നിവാസികള്‍ ഒട്ടേറെ പരാതി ഉന്നയിച്ചിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദ്വീപിന്റെ സ്വഭാവം മനസിലാക്കാതെയാണ് പരിഷ്‌കാങ്ങള്‍ നടപ്പാക്കുന്നത് എന്നാണ് ദ്വീപ് വാസികളുടെ പ്രതികരണം.












Click it and Unblock the Notifications