ഹോളി ആഘോഷം വീട്ടിലാവട്ടെ; ബാംഗ്ലൂർ-കണ്ണൂർ സ്പെഷ്യൽ ട്രെയിനുമായി റെയിൽവെ, സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: ഹോളി ആഘോഷിക്കാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. മാർച്ച് 26 തിങ്കളാഴ്ച ഹോളി വരുന്നതിനാൽ ഇത്തവണ നീണ്ട വാരാന്ത്യമാണ് ലഭിച്ചിരിക്കുന്നത്. നാല് ദിവസത്തെ അവധി തരപ്പെടുത്താനായാൽ നിങ്ങൾക്ക് 9 ദിവസത്തെ അവധി കിട്ടും. ഹോളിക്കൊപ്പം പെസ്ഹ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ എന്നിവയെല്ലാം ചേർത്താണ് അവധി ഒരുങ്ങുന്നത്. തങ്ങളുടെ ഇഷ്ട സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഇതിനോടകം തന്നെ പലരും ബുക്ക് ചെയ്ത് കഴിഞ്ഞു. ബസ് ട്രെയിൻ സീറ്റുകൾക്കെല്ലാം ആളുകൾ പരക്കം പായുകയാണ്. ഇതൊന്നമല്ലാതെ അവധി വീട്ടിൽ തന്നെ ആഘോഷിക്കാൻ പദ്ധതിയിടുന്നവരും കുറവല്ല.
ബാംഗ്ലൂരുകാരെ സംബന്ധിച്ചെടുത്തോളം നീണ്ട വാരാന്ത്യം നാട്ടിലേക്കുള്ള യാത്രകളാണ്. പ്രത്യേകിച്ച് മലബാർ ഭാഗത്തുള്ളവർക്ക് ഹോളി ആഘോഷം കാര്യമായി ഇല്ലാത്തതിനാൽ തന്നെ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ ലക്ഷ്യം വെച്ചാണ് യാത്രകൾ. ട്രെയിനിന് നാട് പിടിക്കാൻ ഒരുങ്ങുന്നവർക്ക് ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ളത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും ഉള്ള ഈ ട്രെയിനുകൾ ഇരു റൂട്ടിലും രണ്ട് സർവീസ് വീതം നടത്തും. ഹോളി വാരാന്ത്യത്തിൽ നാട്ടിലേക്ക് പോകാനും തിരികെ ബാംഗ്ലൂരിലേക്ക് വരാനും ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന സര്‍വീസുകളാണിത്.

ബാംഗ്ലൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ 06557/06558
മാര്‍ച്ച് 19, 26 എന്നീ തിയതികളിൽ രാത്രി 11.55 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 2:00 മണിക്ക് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 20, 27 എന്നീ ദിവസങ്ങളിൽ രാത്രി 8:00 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് ബാംഗ്ലൂരിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ബാംഗ്ലൂർ - കൊച്ചുവേളി ട്രെയിന്‍
06555/06556
മാർച്ച് 23, 30 എന്നീ ശനിയാഴ്ചകളിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചുവേളിയിലേക്കും മാര്‍ച്ച് 24, 31 എന്നീ ഞായറാഴ്ചകളിൽ കൊച്ചുവേളിയിൽ നിന്ന് ബാംഗ്ലൂരിലേക്കും സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും. കേരളത്തിൽ പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.












Click it and Unblock the Notifications