വൈ-ഫൈയും ഒരല്‍പം സമാധാനവുമാണോ വേണ്ടത്; എന്നാല്‍ ലാപ്‌ടോപ് എടുത്ത് കീശ ചോരാതെ യാത്ര പോകാം
കോവിഡിന് ശേഷവും നിരവധി തൊഴില്‍ മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും തുടരുന്നുണ്ട്. പലപ്പോഴും സഹപ്രവര്‍ത്തകരെ കാണാതെ ഒറ്റയ്ക്ക് ജോലി ചെയ്യുമ്പോള്‍ പലര്‍ക്കും മടുപ്പ് അനുഭവപ്പെടാറുണ്ട്. ലാപ്‌ടോപ്പുമായി യാത്ര പോകാന്‍ സൗകര്യം ഉണ്ടെങ്കില്‍ പോലും യാത്രാച്ചെലവ് ഓര്‍ത്ത് മടിക്കുന്നവരാണ് പലരും.
എന്നാല്‍ ഇനി അത്തരം ആശങ്കകള്‍ ഒന്നുമില്ലാതെ പോകാവുന്ന ചില സ്ഥലങ്ങളാണ് പരിചയപ്പെടുത്തുന്നത്. അതായത് താങ്ങാനാവുന്ന ബജറ്റില്‍, മികച്ച വൈഫൈ കണക്ടിവിറ്റി ലഭിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍. ജോലി ഭാരത്തില്‍ നിന്ന് ഒരല്‍പം ശാന്തതയൂം സമാധാനവും തേടുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ജോലിക്കൊപ്പം ആത്മീയമായ ഊര്‍ജ്ജം ലഭിക്കാന്‍ പറ്റിയ ഇടങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഋഷികേഷ്
ഗംഗാ നദിയുടെയും ഹിമാലയന്‍ പര്‍വതങ്ങളുടെയും അതിമനോഹരമായ കാഴ്ച ലഭിക്കുന്ന പട്ടണമാണ് ഋഷികേഷ്. ഉത്തരാഖണ്ഡിലെ ഏറ്റവും ശാന്തവും മനോഹരവുമായ നഗരമായ ഋഷികേഷ് യോഗ തലസ്ഥാനം കൂടിയാണ്. ജോലിക്കൊപ്പം മനസിന് ശാന്തതയും സമാധാനവും തേടുന്നവര്‍ക്ക് ഏറ്റവും മികച്ച സ്ഥലമാണിത്. മികച്ച വൈഫൈ കണക്ടിവിറ്റി ലഭിക്കുന്ന നിരവധി ബജറ്റ് ഫ്രണ്ട്‌ലി താമസ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. യോഗ വെല്‍നസ് റിട്രീറ്റുകളും ഇവിടെ ലഭ്യമാണ്.

കൂര്‍ഗ്
ഇന്ത്യയുടെ സ്‌കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗ് മനസിനും ശരീരത്തിനും ഒരു പോലെ കുളിര്‍മ നല്‍കും. സമൃദ്ധമായ കാപ്പിത്തോട്ടങ്ങളിലേക്കു തുറക്കുന്ന ജനാലകള്‍ക്കരികിലിരുന്ന് ജോലി ചെയ്യുന്നത് തന്നെ മനസിന് ഉന്മേഷം നല്‍കും. നല്ല തണുത്ത കാലാവസ്ഥയും കൂര്‍ഗിന്റെ പ്രത്യേകതയാണ്. താങ്ങാനാവുന്ന ബജറ്റില്‍ താമസിക്കാന്‍ പറ്റുന്ന നിരവധി ഗസ്റ്റ് ഹൗസുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്. നാട്ടിലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ ഏറ്റവും നല്ല ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണിത്.
ഗോവ
നിരവധി പേരാണ് ജോലി ചെയ്യാനായി ഗോവ തിരഞ്ഞെടുക്കുന്നത്. വിശാലമായ ബീച്ചുകളാണ് പലരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. ജോലിക്ക് ശേഷം ഈ ബീച്ചുകള്‍ക്ക് അരികിലൂടെ നടക്കുമ്പോള്‍ തന്നെ മനസിന് ഉന്മേഷം ലഭിക്കും. ഇതു കൂടാതെ ഗോവയിലെ നൈറ്റ് ലൈഫും ഏറെ പ്രശസ്തമാണ്. ജോലിക്കൊപ്പം തന്നെ ഈ വിനോദങ്ങളെല്ലാം ആസ്വദിക്കാനാകും എന്നതാണ് ഗോവയുടെ പ്രത്യേകത. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ക്ക് അനുയോജ്യമായ ഓഫീസ് സ്‌പേസുകള്‍ ഗോവയില്‍ ഉണ്ട്.
ഹംപി
വിദൂര ജോലിക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ജനപ്രീതി നേടുന്ന സ്ഥലമാണ് ഹംപി. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച സ്ഥലം. ഹംപിയിലെ പഴയ ക്ഷേത്ര, നഗര ശേഷിപ്പുകള്‍ വിനോദസഞ്ചാരികളെ പഴയ കാലത്തേക്ക് കൊണ്ടുപോകും. ജോലി കഴിഞ്ഞുള്ള വിശ്രമവേളകളില്‍ ഈ ചരിത്ര അവശേഷിപ്പുകള്‍ തേടി പോകാം. മികച്ച വൈഫൈ കണക്ടിവിറ്റി ഉള്ള നിരവധി വര്‍ക്കിംഗ് സ്‌പേസുകള്‍ ഇവിടെ ലഭ്യമാണ്.
മക്ലിയോഡ്ഗഞ്ച്
ഹിമാചല്‍ പ്രദേശിലെ ദലൈലാമയുടെ വാസസ്ഥലം. ടിബറ്റന്‍ ബുദ്ധമതക്കാരുടെ പുണ്യകേന്ദ്രമാണ് ഈ സ്ഥലം. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം ജോലി ചെയ്യാന്‍ ഏറ്റവും അനുയോജ്യമാണ്. അതിനൊപ്പം ടിബറ്റന്‍ സംസ്‌കാരം അടുത്തറിയുകയും ചെയ്യാം. വൈഫൈയുള്ള ധാരാളം കഫേകള്‍ ഇവിടെയുണ്ട്. ആത്മീയമായ ഒരു ശാന്തതയാണ് ഈ സ്ഥലത്തിന്റെ സവിശേഷത. ജീവിതച്ചെലവും താരതമ്യേന കുറവാണ്. അതിനാല്‍ തന്നെ ജോലി ചെയ്യാനും മനസിന്റെ ഉന്മേഷം വീണ്ടെടുക്കാനും ഏറ്റവും പറ്റിയ സ്ഥലമാണ്.












Click it and Unblock the Notifications