ചറപറ പെയ്യുന്ന മഴ നനഞ്ഞ്, വെള്ളച്ചാട്ടം കണ്ട്, മല കയറി..എടാ മോനെ..ഇങ്ങോട്ടേക്ക് കയറി പോര്
യാത്ര ആസ്വദിക്കാൻ പറ്റിയ സമയമാണ് മഴക്കാലം. മഴയെ അതിന്റെ പൂർണ സൗന്ദര്യത്തിൽ ആസ്വദിക്കാൻ പറ്റുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ട്. ഇത്തവണത്തെ മഴക്കാലയാത്ര അങ്ങോട്ടാക്കിയാലോ? ഏതൊക്കെയാണെന്ന് നോക്കാം
മൂന്നാർ
കേരളത്തിൽ നിന്ന് തന്നെ തുടങ്ങാം അല്ലേ. മഴക്കാലത്ത് ഇതുപോലെ സുന്ദരമായ മറ്റൊരിടം കേരളത്തിൽ ഇല്ലെന്ന് പറയാം. കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടവും കോടമഞ്ഞും മഴയിൽ കുളിച്ച് നിൽക്കുന്ന തേയിലത്തോട്ടങ്ങളുമെല്ലാം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. മഴയായാൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുകുന്നത് പതിവാണ്.സിഗ്നൽ പോയിന്റ്, ലോക്ക്ഹാര്‍ട്ട് ഫോട്ടോ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലൈ കള്ളന്‍കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഓറഞ്ച് പ്ലാന്റ്, ആനയിറങ്കല്‍ഡാം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ , ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി വിസിറ്റ്- മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, പുതുകടി വ്യൂ പോയിന്റ്, കുണ്ടള ഡാം, ചണ്ടുവരൈ വെസ്റ്റ് വ്യൂ പോയിന്റ്, ടോപ് സ്റ്റേഷന്‍ , കന്നിമലൈ വ്യൂ, ഏട്ടാം മൈല്‍വ്യൂ പോയിന്റ്, തലയാര്‍വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, ചട്ട മുന്നാര്‍ വ്യൂ, സാന്‍ഡല്‍ഫോറസ്റ്റ്, ശര്‍ക്കര ഫാക്ടറി, മുനിയറ വ്യൂ ഇങ്ങനെ പോകുന്നു മൂന്നാറിൽ കാണേണ്ട കാഴ്ചകൾ.

ലോനാവാല
മഴക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന മഹാരാഷ്ട്രയിലെ ഹിൽ സ്റ്റേഷനാണ് ലോനാവാല. സഹ്യാദ്രി മലകളുടെ ഭാഗമായ ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.മഴക്കാലത്തെ കോടമഞ്ഞും അരുവികളും കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ലോനവാലയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. ജൂൺ മുതൽ സപ്റ്റംബർ വരെയാണ് ഇവിടം സന്ദർശിക്കേണ്ടത്. ഡ്യൂക്ക് നോസ് ട്രെക്ക്, ബുഷി ഡാം, ലോനാവാല തടാകം, ലയണ്‍സ് പോയിന്‍റ്, അംബി വാലി തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ കാണാം
മതേരാൻ
മഴക്കാലത്തെ സഞ്ചാരികളുടെ സ്വർഗം, അതാണ് മതേരാൻ. സമുദ്രനിരപ്പിൽ നിന്നും 2,625 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മതേരാൻ മഹാരാഷ്ട്രയിലെ രായ്ഗഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കൊതിതീരുവോളം മഞ്ഞും മഴയും പച്ചപ്പ് നിറഞ്ഞ അതിമനോഹര കാഴ്ചകളും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം.ലേക് പോയിന്റ്, അലക്സാണ്ടർ പോയിന്റ്, ഹണിമൂൺ പോയിന്റ്, മാലാങ് പോയിന്റ്, എക്കോ പോയിന്റ്, ലൂസിയ പോയിന്റ്, പോർക്യുപൈൻ പോയിന്റ് എന്നിവയാണ് ഇവിടുത്ത കാണേണ്ട കാഴ്ചകൾ.
ആഗുംബേ
24 മണിക്കൂറും മഴ പെയ്യുന്നൊരിടം. മഴ കൊള്ളണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഗുംബയിലേക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ പോകാം.മഴയെന്ന് വെച്ചാൽ വെറുതെ ചാറി പോകുന്ന മഴയല്ല കേട്ടോ, നല്ല ചറപറ പെയ്യുന്ന മഴ. കര്‍ണാടകയില്‍ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കിലാണ് ആകുംബേ സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയുടെ ചിറപുഞ്ചിയെന്നും രാജവെമ്പാലകളുടെ തലസ്ഥാനമെന്നൊക്കെ ആകുംബേയ്ക്ക് പേരുണ്ട്. മഴക്കാലത്തെ പ്രകൃതിയും വെള്ളച്ചാട്ടങ്ങളും അരുവികളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ വേണ്ടുവോളം കാണാം.
കൂർഗ്
മഴ ആസ്വദിച്ച് നടക്കാൻ പറ്റിയ മറ്റൊരു ഇടമാണ് കർണാടകയിലെ കൂർഗ്. പ്രകൃതി ഒരുക്കിയ ഒരുപാട് വിസ്മയങ്ങൾ സഞ്ചാരികൾക്കിവിടെ കാണാം. ദുബാരെ ആനക്യാമ്പ്, ഹാരങ്കി ഡാം, നിസർഗധാമ ദ്വീപ്, മടിക്കേരി കോട്ട, ഓംകാരേശ്വരക്ഷേത്രം, ആബി വെള്ളച്ചാട്ടം എന്നിവയൊന്നും കൂർഗ് പോയാൽ മിസ് ചെയ്യരുത് കേട്ടോ.












Click it and Unblock the Notifications