ലുലു മാളിൽ ഒരു കിടിലൻ ഷോപ്പിങ്,ഫോർട്ട് കൊച്ചിയും ജൂതത്തെരുവും കണ്ടൊരു യാത്ര; ഇതാ കൊച്ചി വൈബ്സ് പാക്കേജ്
ഒരു ദിവസത്തേക്ക് ആയാലും മതി ഒരു യാത്ര പോയേ മതിയാകൂ എന്നാണോ?, എന്നാൽ നിങ്ങൾക്ക് അനുയോജ്യമായൊരു ട്രാവൽ പാക്കേജുണ്ട്. കൊല്ലം കെ എസ് ആർ ടി സിയുടെ 'കൊച്ചി മെട്രോ വൈബ്സ് പാക്കേജ്'. കടലും കായലും കണ്ട് വയറ് നിറയെ ഭക്ഷണവും കഴിച്ച് മെട്രോയും കയറിയിറങ്ങി പോകാനൊക്കുന്നൊരു മികച്ച യാത്ര. കൊച്ചിയിൽ ഒരു ദിവസം കൊണ്ട് കാണാൻ പറ്റുന്ന കാഴ്ചകൾ എല്ലാം തന്നെ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായി അറിയാം
എത്രപോയാലും കണ്ട് മതിവരാത്ത നഗരമാണ് കൊച്ചി. നഗര കാഴ്ചകൾ മാത്രമല്ല കൊച്ചിയിൽ ഉള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ജൂതത്തെരുവും അങ്ങനെ കാഴ്ചകൾ ഏറെയാണ്.ഇവയെല്ലാം കാര്യമായി തന്നെ കാണണമെന്ന് ആഗ്രഹിക്കുകയും എന്നാൽ ഒറ്റ പോക്കിൽ ഇവിടങ്ങളെല്ലാം കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ലെന്നും തോന്നുന്നവർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഈ പാക്കേജ്.

ഈ മാസം 22 നാണ് യാത്ര. അതിരാവിലെ 5 മണിയോടെ തന്നെ കൊല്ലത്ത് നിന്ന് യാത്ര പുറപ്പെടും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം നഗരം, വാട്ടർ മെട്രോ, റെയിൽ മെട്രോ, ലുലു മാൾ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും കാണുക.
ഫോർട്ട് കൊച്ചിയിലേക്ക്
ആദ്യ യാത്ര ഫോർട്ട് കൊച്ചിയിലേക്കാണ്. കൊച്ചിയിൽ എത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ പട്ടണമായ ഇവിടേക്കുള്ള യാത്ര യഥാർത്ഥത്തിൽ ചരിത്രത്തിലേക്കുള്ള യാത്രയാണ്. വ്യത്യസ്തമായ കലയും സംസ്കാരവും ചരിത്ര നിർമ്മിതികളുമെല്ലാം സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം. പാക്കേജിൽ ഇവിടുത്തെ ദേവാലയങ്ങൾ, ഷൂട്ടിങ് സ്ഥലങ്ങൾ, ഫോർട്ട് കൊച്ചി ബീച്ച് എന്നിവയെല്ലാമാണ് സന്ദർശിക്കുക. അതിന് ശേഷം നേരെ മട്ടാഞ്ചേരിയിലേക്ക് പോകും.
കാണാം ഈ കാഴ്ചകൾ
മട്ടാഞ്ചേരിയെന്നാൽ സിനഗോഗും ജൂത തെരുവുമെല്ലാമാണ്. ഇവിടങ്ങൾ കണ്ട് ഡച്ച് കൊട്ടാരവും കണ്ടായിരിക്കും മടക്കം. കൊളോണിയൽ വാസ്തു ശൈലിയിൽ പണി കഴിപ്പിച്ച ഡച്ച് കൊട്ടാരും മറക്കാനാകാത്ത കാഴ്ചയാകും സമ്മാനിക്കുക.
ഭക്ഷണം കഴിക്കണ്ടേ..
അലഞ്ഞ് തിരിഞ്ഞ് കഴിയുമ്പോഴേക്കും വിശപ്പിങ്ങ് എത്തും. അധികം ആലോചിക്കാതെ പ്രസിദ്ധമായ കായീസ് ബിരിയാണീസിൽ വെച്ച് ഉച്ചഭക്ഷണം. അതുകഴിഞ്ഞ് വാട്ടർ മെട്രോയിൽ കയറും. ഹൈക്കോടതി ജങ്ഷനിലേക്കാണ് യാത്ര. വാട്ടർ മെട്രോ കഴിഞ്ഞാൽ പിന്നെ നേരെ റെയിൽ മെട്രോയിലേക്ക്. നേരെ ചെന്ന് ഇറങ്ങുന്നത് ലുലു മാളിലും.
ലുലു മാളിൽ കറങ്ങാം
രണ്ട് മണിക്കൂറാണ് ലുലു മാളിൽ സമയം ചെലവഴിക്കാൻ സാധിക്കുക. ഭക്ഷണം കഴിച്ച്, ഷോപ്പിങ്ങ് നടത്തി പരമാവധി ആസ്വദിച്ച് കഴിഞ്ഞാൽ കൊല്ലത്തേക്ക് മടക്കം. രാത്രി 10 മണിയോടെ കൊല്ലത്ത് മടങ്ങിയെത്തും. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും -9747969768, 8921950903, 9495440444












Click it and Unblock the Notifications