ആളില്ലാതെ ഓടി മധുര-ബെംഗളൂരു വന്ദേഭാരത്;700 സീറ്റുകൾ കാലി..കേരളത്തിന് കോച്ചുകൾ കൂട്ടി നൽകാതെ റെയിൽവെ
കൊച്ചി; പുതിയ എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 55000ത്തോളം പേർ യാത്ര ചെയ്തുവെന്ന കണക്കുകൾ കഴിഞ്ഞ ദിവസമാണ് റെയിൽവെ പുറത്തുവിട്ടത്. ഹൈ ഒക്യുപെൻസി റേറ്റ് റെക്കോഡ് ചെയ്ത സർവ്വീസ് കൂടിയാണിതെന്ന് റെയിൽവെ വ്യക്തമാക്കുന്നു. ക്രിസ്മസ്-പുതുവസ്ത അവധിക്കാലത്തും വന്ദേഭാരത് ടിക്കറ്റിനായി ആളുകളുടെ പിടിവലിയാണ്. ഇതിനോടകം തന്നെ ബുക്കിങ്ങുകളെല്ലാം ഫുൾ ആയി. വെയ്റ്റിങ്ങ് ലിസ്റ്റ് 100 കവിഞ്ഞു.
ആവശ്യക്കാർ ഏറിയ സാഹചര്യത്തിൽ വന്ദേഭാരതിൻ്റെ കോച്ചുകൾ ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. 8 ൽ നിന്ന് 16 ആയോ 20 ആയോ കോച്ചുകൾ ഉയർത്തിയാൽ പ്രതിസന്ധിക്ക് പൂർണ പരിഹാരം കാണാമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ റെയിൽവെ ഈ ആവശ്യത്തിന് മുന്നിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിലെ വന്ദേഭാരത് കോച്ചുകൾ പ്രയോജനപ്പെടുത്തിക്കൂടേയെന്നാണ് യാത്രക്കാരുടെ സംഘടനകൾ ചോദിക്കുന്നത്.

നിലവിൽ കോയമ്പത്തൂർ-ബെംഗളൂരു, മധുര-ബെംഗളൂരു വന്ദേഭാരതുകളുടെ പകുതിയിലധികം സീറ്റുകളും കാലിയാണ്. വെള്ളിയാഴ്ചയോടുന്ന മധുര - ബെംഗളൂരു വന്ദേഭാരതിൽ ചെയർകാറിൽ മാത്രം 700 സീറ്റുകൾ കാലിയാണ്. ശനിയാഴ്ച 671 സീറ്റുകളും ഞായറാഴ്ച 545 സീറ്റുകളും ഒഴിവുണ്ട്. ഇടദിവസങ്ങളിൽ പലപ്പോഴും 700 സീറ്റിന് മുകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ ഈ ട്രെയിനാകട്ടെ 16 കോച്ചുകളുമായാണ് ഓടുന്നത്.
ഈ 16 കോച്ച് ട്രെയിൻ എറണാകുളത്തിന് അനുവദിച്ച് 8 കോച്ചുള്ള എറണാകുളം-ബെംഗളൂരു ട്രെയിൻ മധുര-ബെംഗളൂരു റൂട്ടിലേക്ക് നൽകിയാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം. പക്ഷെ റെയിൽവെ ഇക്കാര്യത്തിൽ മൌനം തുടരുകയാണ്.
കോയമ്പത്തൂർ - ബെംഗളൂരു റൂട്ടിൽ നിലവിൽ വന്ദേഭാരത് ഓടുന്നുണ്ട്. ഈ ട്രെയിനിലും മിക്ക ദിവസങ്ങളിലും സീറ്റുകൾ കാലിയാണ്. ഈ മാസം 19 മുതൽ 23 വരെ മാത്രം പലപ്പോഴും ഇരുനൂറിലധികം സീറ്റുകൾ ഒഴിവുണ്ട്. 8 കോച്ചുകളാണ് ഈ ട്രെയിന് ഉള്ളത്. ഈ ട്രെയിൻ ഈ ട്രെയിൻ എറണാകുളം വരെ നീട്ടിക്കോടെ എന്ന ആവശ്യവും ഉയരുന്നുണ്ട്. സർവ്വീസ് നീട്ടുകയാണെങ്കിൽ എറണാകുളത്ത് നിന്ന് പുലർച്ചെ പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരുവിലെത്തും. ഉച്ചയ്ക്കുള്ള വന്ദേഭാരതിലെ തിരക്ക് കുറയ്ക്കാൻ ഇത് വഴിയൊരുക്കും. 8 കോച്ച് 16 ആക്കിയാൽ വലിയ വിഭാഗം യാത്രക്കാർക്കാർ ഈ ട്രെയിൻ പ്രയോജനപ്പെടുത്താൻ സാധിക്കും.
അതേസമയം നിലവിലെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്നുള്ള ആവശ്യങ്ങളും കേരളത്തിൽ നിന്നുള്ള എംപിമാർ ഉയർത്തുന്നുണ്ട്. ഇത് കൂടി അനുവദിക്കപ്പെട്ടാൽ വന്ദേഭാരത് തീർച്ചയായും കേരളത്തിലെ റെയിൽ യാത്രകളിൽ ഗെയിം ചെയ്ഞ്ചറാകും.












Click it and Unblock the Notifications