മലൈക്കള്ളൻ ഗുഹ,മുരുകമല, മൂന്നാർ... തീർന്നില്ല; ഓണാവധി പൊളിക്കാൻ കിടിലൻ പാക്കേജ്
ഓണത്തിന് വീട്ടിൽ പൂവിട്ട് സദ്യ ഉണ്ടാൽ മാത്രം മതിയോ? കുടുംബവുമൊത്ത് ഒരു ഗംഭീര യാത്ര പോകേണ്ടേ? അല്ലാതെന്ത് ഓണാവധിയും ആഘോഷവും. കുടുംബവുമൊത്തെ ഒരു യാത്ര എന്നൊക്കെ പറയുമ്പോൾ കീശ കാലിയാകില്ലേയെന്നായിരിക്കും ചിലരെങ്കിലും ചിന്തിക്കുക. ആശങ്ക വേണ്ട, കുറഞ്ഞ ചിലവിൽ തന്നെ യാത്ര പോകാം. കണ്ണൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം യാത്രകൾ ഏറ്റവും കുറഞ്ഞ ചിലവിൽ കിടിലൻ പാക്കേജുകളാണ് ഈ മാസം അവതരിപ്പിച്ചിരിക്കുന്നത്.
പതിവ് സ്ഥലങ്ങളായ ഗവി, വയനാട്, പൈതൽമല, റാണിപുരം, കോഴിക്കോട് പാക്കേജുകൾ ഇത്തവണയും യാത്രയിൽ ഉണ്ട്. ഇതുകൂടാതെ യാത്രക്കാർ അധികം പരിചിതമല്ലാത്ത ചില സ്ഥലങ്ങൾ കൂടി ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് മലൈക്കള്ളൻ ഗുഹ,മുരുകൻ മല എന്നിവയെല്ലാം.മൂന്നാർ യാത്രയിലാണ് അധികം കേട്ട് കേൾവിയില്ലാത്ത ഈ സ്ഥലങ്ങൾ കാണാൻ അവസരം ലഭിക്കുക.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം കഴിഞ്ഞ് ഗ്യാപ് റോഡിൽ കുറച്ച് ദൂരം ചെന്നാലാണ് മലൈക്കള്ളൻ ഗുഹ കാണാനാകുക. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങൾക്ക് ഭീഷണിയുയർത്തിയിരുന്ന മലൈക്കള്ളൻ തങ്കയ്യയെന്ന മോഷ്ടാവ് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലമാണത്രേ ഇത്. ഒരാൾക്ക് വളരെ എളുപ്പത്തിൽ കടന്ന് പോകാൻ കഴിയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഗുഹയിലൂടെ പോയാൽ തമിഴ്നാട്ടിൽ എത്തുമെന്നാണ് പറയുന്നത്. ഇവിടെ നിന്ന് നോക്കിയാൽ മുട്ടുകാട് പാടശേഖരം, ബൈസൺവാലി, ടീകമ്പനി, ജോസ്ഗിരി പള്ളി, കരിമല തുടങ്ങയ പ്രദേശങ്ങൾ കാണാം.
ചന്ദനമരങ്ങളുടെ നാടായ മറയൂരിലെ പ്രധാന കാഴച്ചകളിലൊന്നാണ് പുരാതനമായ മുനിയറകള്‍. മുരുകൻ കുന്നിൽ ധാരാളം മുനിയറകൾ ഉണ്ട്. മുനികള്‍ താമസിച്ചിരുന്ന സ്ഥലമാണിതെന്നാണ് ചിലർ പറയുന്നത്. എന്നാൽ അക്കാലത്തെ ഗോത്രതലവൻമാരെ സംസ്കരിച്ചിരുന്ന സ്ഥലങ്ങളാണ് മുനിയറകൾ എന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്. കാന്തല്ലൂർ പട്ടം കോളനിക്ക് മുകളിലാണ് മുരുകൻ മല സ്ഥിതി ചെയ്യുന്നത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് ട്രെക്കിങ് നടത്തുന്നവർ ഇവിടെയെത്തിയാണ് ഉദയവും അസ്തമയവുമെല്ലാം കണ്ട് മടങ്ങാറുള്ളത്.
ഈ മൂന്നാർ യാത്രയിലും ഈ രണ്ട് സ്ഥലങ്ങളും കൂടാതെ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, ഇറച്ചിൽപാറ വെള്ളച്ചാട്ടം, വെള്ളച്ചാട്ടം, ഭ്രമരം പോയിന്റ്, കാന്തലൂർ ഫ്രൂട്ട് ഗാർഡൻ, മറയൂർ ചന്ദനത്തോട്ടം ,സിഗ്നൽ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്. ആനയിറങ്കൽ ഡാം, ശാന്തൻപാറ , ചതുരംഗപ്പാറ എന്നിവിടങ്ങളും സന്ദർശിക്കും. 16, 20, 27 തീയതികളിലാണ് ഇവിടേക്കുള്ള യാത്ര.












Click it and Unblock the Notifications