മലരിക്കലിൽ പൂക്കാലം...ആമ്പൽ വസന്തം കാണേണ്ടേ?, കൊച്ചരീക്കൽ ഗുഹയും വെള്ളച്ചാട്ടവുമെല്ലാം കാണാം
ആനവണ്ടിയിൽ എവിടേക്ക് യാത്ര പോയാലും അത് പ്രത്യേകമൊരു 'ഫീൽ' ആണെന്നാണല്ലോ സഞ്ചാരികൾക്കിടയിൽ പൊതുവെയുള്ളൊരു ചർച്ച. മഴ കനത്തതോടെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ചിലയിടങ്ങളിലേക്ക് താത്കാലികമായി നിർത്തിവെച്ചത് സഞ്ചാരികൾക്ക് വലിയ ദുഃഖമായിരുന്നു സമ്മാനിച്ചത്. എന്തായാലും മഴ മാറിയതോടെ പൂർവ്വാധികം ശക്തിയോടെ യാത്രകൾ വീണ്ടും ഓടി തുടങ്ങിയിട്ടുണ്ട്. ഏകദിന ദ്വിദിന പാക്കേജുകളെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഇന്ന് പറയുന്നത് കൊട്ടാക്കര കെഎസ്ആർടിസിയുടെ മലരിക്കൽ പാക്കേജിനെ കുറിച്ചാണ്. ആമ്പൽ വസന്തം മാത്രമല്ല കേട്ടോ പാക്കേജിൽ . മറ്റ് പലതും ഒറ്റ ദിവസത്തിൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. സപ്റ്റംബർ 1 നാണ് പാക്കേജ്. ആദ്യം മലരിക്കൽ ആമ്പൽ വസന്തമായിരിക്കും സന്ദർശിക്കുക.

മലരിക്കൽ പൂക്കാലം കാണാം
സഞ്ചാരികൾക്ക് പ്രീയപ്പെട്ട ഇടമാണ് കോട്ടയം ജില്ലയിലെ മലരിക്കലിൽ ഉള്ള ആമ്പൽപ്പൂ പാടങ്ങൾ. നിറഞ്ഞ് പൂത്ത് നിൽക്കുന്ന ആമ്പലുകളുടെ വസന്തം കാണാൻ ഓരോ വർഷവും സഞ്ചാരികൾ ഇവിടേക്ക് ഒഴുകാറുണ്ട്. ഇക്കുറിയിതാ മലരിക്കലിൽ ആമ്പൽ വസന്തത്തിന് തുടക്കമായി കഴിഞ്ഞു.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് മലരിക്കലിൽ ആമ്പലുകൾ പൂത്തുലഞ്ഞ് നിൽക്കുന്നത്. തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക്, തിരുവായിക്കരിയിലെ 950 ഏക്കർ പാടശേഖരം എന്നിവിടങ്ങളിലാണ് ആമ്പലുകൾ വിരിഞ്ഞ് നിൽക്കുക. ഈ വർഷം ആമ്പലുകൾ കൂടുതലുള്ളത് തെക്കുഭാഗത്തെ തിരുവായ്കരിയിലാണ്.
മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി 2018 ജനുവരി ഒന്നിനാണ് മലരിക്കൽ ജല ടൂറിസം കേന്ദ്രം ആരംഭിക്കുന്നത്. ഇന്ന് കോട്ടയം ജില്ലയിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മലരിക്കൽ മാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 3 മാസം കൊണ്ട് 1.5 കോടിയുടെ വരുമാനം മലരിക്കലിൽ നിന്ന് ഉണ്ടായത്രേ. ദിവസവും പതിനായിരക്കണക്കിന് പേരാണ് ഇവിടേക്ക് എത്തുക.
രാവിലെ 7 തൊട്ട് 9 വരെയാണ് പാടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. . ആമ്പൽ കാണാൻ 120 ൽ പരം വള്ളങ്ങൾ ഇത്തവണ തയ്യാറാക്കിയിട്ടുമുണ്ട്.
പാക്കേജിലെ മറ്റ് സ്ഥലങ്ങൾ ഇതാ
പഴമയുടെ പെരുമയിൽ തലയുയർത്തി നിൽക്കുന്ന തൃപ്പുണിത്തറ ഹിൽ പാലസ്, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം എന്നിവയും പാക്കേജിൽ ആസ്വദിക്കാം.സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലായിരിക്കും യാത്ര. 830 രൂപയാണ് ഒരാൾക്കുള്ള ചാർജ്. 39 സീറ്റുകൾ മാത്രമാണ് ഉള്ളത്.
രാവിലെ 4.30 ന് കൊട്ടാരക്കര നിന്നും പുറപ്പെടുന്ന യാത്ര രാത്രി 09.മണിക്ക് തിരികെ കൊട്ടാരക്കര എത്തി ചേരും.സീറ്റുകൾ ബുക്ക് ചെയ്യാനായി വിളിക്കാം :
9567124271, 94472 81459,94962 69719, 9995672679












Click it and Unblock the Notifications