ഭൂതത്താൻ കെട്ട്, ആനകൾ വെള്ളം കുടിക്കാനെത്തുന്ന മാങ്കുളവും മറ്റ് കാഴ്ചകളും; പാക്കേജ് അറിയാം
കോട്ടയം: ഡാമും തൂക്കുപാലവും ഒരു ജംഗിൾ സഫാരിയും ഒറ്റ യാത്രയിൽ ആസ്വദിക്കും. അതും വെറും 950 രൂപയ്ക്ക്. കോട്ടയം കെ എസ് ആർ സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര ഒരുക്കിയിരുന്നത്. ഇനി ഏതൊക്കെ സ്ഥലങ്ങളാണ് പോകുന്നത് വിശദമായി അറിയാം.
ഭൂതത്താൻ കെട്ട് ഡാം
തട്ടേക്കാടിന് സമീപം സ്ഥുതി ചെയ്യുന്ന മനോഹരമായ അണക്കെട്ടാണ് ഭൂതത്താൻ കെട്ട്. സുരക്ഷിതത്വത്തിനായി കുന്നും മലകളും നിർമ്മിച്ചത് ഭൂതങ്ങൾ ആണെന്ന ഐതിഹ്യത്തിൽ നിന്നാണ് ഭൂതത്താൻകെട്ട് എന്ന പേര് ഉത്ഭവിച്ചത്. ഒരു രാത്രികൊണ്ട് ശിവന്റെ ഭൂതകണങ്ങളാണ് ഈ ഇത് നിർമ്മിച്ചതെന്നാണ് വിശ്വാസം. കാട്ടിലൂടെയുളള നടത്തവും, തടാകത്തിലെ ബോട്ടുയാത്രയും ആണ് ഇവിടെ പ്രധാനം.

ഇഞ്ചത്തൊട്ടി
പെരിയാറിന് കുറുകെ നിർമ്മിച്ച തൂക്കുപാലമാണ് ഇഞ്ചത്തൊട്ടി. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നുകൂടിയാണിത്. പക്ഷിനിരീക്ഷണത്തിനും മീൻപിടിത്തത്തിനുമാണ് പ്രധാനമായി ഇവിടേക്ക് ആളുകൾ എത്തുന്നത്. അതിമനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലമായത് കൊണ്ട് തന്നെ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനായും നിരവധി പേർ ഇവിടെ എത്താറുണ്ട്.
മാമലക്കണ്ടം
കെഎസ്ആർടിസുയുടെ വളരെ ഹിറ്റായ യാത്രകളിൽ ഒന്നാണ് മാമലക്കണ്ടം മാങ്കുളം ആനക്കുളം വഴി ലച്ച്മി എസ്റ്റേറ്റ് വഴിയുള്ള ജംഗിൾ സഫാരി. കാടിന്റെ ഭംഗി എല്ലാ അർത്ഥത്തിലും ആസ്വദിക്കാൻ പറ്റിയൊരു യാത്ര കൂടിയാണിത്. ഇടുക്കി എറണാകുളം ജില്ലകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമായ മാമലക്കണ്ടം പേര് കേട്ടിരിക്കുന്നത് ഇവിടുത്തെ പ്രകൃതി ഭംഗിക്കാണ്. ഓഫ് റോഡ് യാത്രകൾക്ക് ധാരാളമായി ആളുകൾ ഇവിടെ എത്താറുണ്ട്.
മാങ്കുളം
തേയിലത്തോട്ടങ്ങളുടേ പച്ചപ്പും വനത്തിന്റെ വന്യതയുമെല്ലാം കൂടിച്ചേർന്ന് നിൽക്കുന്ന പ്രകൃതിയൊരുക്കിയ അത്ഭുത ഗ്രാമമാണ് മാങ്കുളം. ആനകൾ കൂട്ടമായി കുളിക്കാനെത്തുന്ന സ്ഥലം കൂടിയാണിത്. ഇവിടെ പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് കാടാണ്. ഇവിടേക്കാണ് ആനകൾ എത്താറുള്ളത്. ഇവിടെനിന്ന് യാത്ര തുടരുന്നത് ലക്ഷ്മി എസ്റ്റേറ്റ് വഴിയാണ്.
സമയവും ബുക്കിങ്ങും ഇങ്ങനെ
രാവിലെ 05:30 മണിക്ക് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ്. വാഹനങ്ങളിൽ കോട്ടയം ഡിപ്പൊയിൽ എത്തുന്നവർക്ക് പാർക്കിങ്ങ് സൗകര്യം ലഭ്യമാണ് . ഉച്ചഭക്ഷണം ഒഴികെയുള്ള ഭക്ഷണ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ് . കാലാവസ്ഥയനുസരിച്ച് യാത്ര ദിവസങ്ങളിൽ മാറ്റം വരാം.എല്ലാ യാത്രകളും സീറ്റുകൾ നിറഞ്ഞതിന് ശേഷം മാത്രമാണ് നടക്കുക. നേരിട്ട് കോട്ടയം ഡിപ്പോയിലെത്തി പണം അടച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും കെ എസ് ആർ ടി സി അറിയിച്ചു.












Click it and Unblock the Notifications