കാടിന് നടുവിലെ മാമലക്കണ്ടവും ഇടുക്കിയുടെ കാണാകാഴ്ചകളും! വേനൽക്കാലം തകർക്കാം, ഡബിൾ ബെല്ലടിച്ചു പോകാം
എറണാകുളം: വേനലവധിക്ക് ഒരു യാത്രയെങ്കിലും കുടുംബമായി പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ അല്ലേ, പണവും വേണമല്ലോ. കുട്ടികളും കുടുംബവുമായൊക്കെ ഒരു യാത്ര പോകണമെങ്കിൽ ചില്ലറ തുകയൊന്നും പോര.
പക്ഷേ പോക്കറ്റ് കാലിയാകാതെ യാത്ര പോയി വരാനൊരു എളുപ്പവഴിയുണ്ട്, എന്താണെന്നല്ലേ? കെ എസ് ആർ ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകൾ തന്നെ. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വിവിധ ഡിപ്പോകൾ ബജറ്റ് പാക്കേജുകൾ നടത്തുന്നുണ്ട്. ഈ മാസം എറണാകുളം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പോകുന്ന പാക്കേജുകളെ കുറിച്ച് അറിയാം.

ഇടുക്കിയിലെ മനോഹരകാഴ്ചകൾ തന്നെയാണ് യാത്രയിലെ ഹൈലൈറ്റ്. ഇതിൽ പ്രാധനം മൂന്നാർ തന്നെ. ഈ പൊള്ളുന്ന ചൂടിൽ മൂന്നാറിലെ കുളിര് ആസ്വദിച്ച് മടങ്ങാവുന്ന തരത്തിലാണ് പാക്കേജ്. മറയൂരിലേക്കും കാന്തല്ലൂരിലേക്കും ട്രിപ്പുണ്ട്. മൂന്നാർ-കാന്തല്ലൂർ പാക്കേജ്, പൊൻമുടി-ചതുരംഗപ്പാറ എന്നിങ്ങനെയാണ് പാക്കേജുകൾ. മൂന്നാർ പാക്കേജിന് 790 രൂപയാണ് ചെലവ്. പൊൻമുടി യാത്രക്ക് 840 ഉം. ഇടുക്കിയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ
പരുന്തുംപാറ കൂടാതെ രാമക്കൽമേട്-അഞ്ചുരുളിയും പുതിയ പാക്കേജിൽ ഉൾപ്പെുന്നു.
എറണാകുളം ജില്ലയിൽ ഉൾവനത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന മാമലകണ്ടത്തിലേക്കും പ്രത്യേക പാക്കേജ് ഉണ്ട്. കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ചെന്നാൽ മാമലക്കണ്ടത്ത് എത്താം. യാത്രികർ ഒരിക്കലെങ്കിലും പോകേണ്ട കാനന പാതയാണ് ഇത്. മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിൻ പുറങ്ങളുമൊക്കെയായി മനസിനെ ഏറെ സന്തോഷിപ്പിക്കുന്നതാണ് ഈ യാത്ര.
അതിരപ്പള്ളി, വാഴച്ചാൽ, ചതുരംഗപ്പാറ, വട്ടവട എന്നിവടങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. ഏകദിന യാത്രകളാണ് ഇവയെല്ലാം.
ഗ്രൂപ്പായി പോകണോ? ബസ് ബുക്ക് ചെയ്ത് അങ്ങ് പോകാമെന്നേ
അവധിയായതോടെ ഒന്നിച്ച് യാത്രകൾ പോകാമെന്നായിരിക്കും പലരുടേയും പ്ലാൻ. അങ്ങനെയെങ്കിൽ എറണാകുളം ഡിപ്പോയിലേക്ക് വിളിച്ചോളൂ. റെസിഡെന്റ്സ് അസോസിയേഷന്‍, കുടുംബശ്രീ, ചങ്ങാതിക്കൂട്ടങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ 50 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ബുക്ക് ചെയ്ത് യാത്ര പോകാൻ ഡിപ്പോ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രാ പാക്കേജുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് -എറണാകുളം-81291 34848, പിറവം-94462 06897, കൂത്താട്ടുകുളം-94974 15696, കോതമംഗലം-98469 26626, ആലുവ-97479 11182, നോര്‍ത്ത് പറവൂര്‍ - 97459 62226, അങ്കമാലി - 98477 51598, പെരുമ്പാവൂര്‍ - 75589 91581, മൂവാറ്റുപുഴ - 94477 37983.












Click it and Unblock the Notifications