രണ്ട് പുതിയ ട്രെയിനുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍; മലയാളി ഹാപ്പി, രാമേശ്വരം, താമ്പരം യാത്ര എളുപ്പം
കോഴിക്കോട്: മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. രണ്ട് പുതിയ ട്രെയിനുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. മംഗലാപുരം മുതല്‍ രാമേശ്വരം വരെയാണ് ഒരു ട്രെയിന്‍. മംഗളൂരു-താമ്പരം റൂട്ടിലാണ് മറ്റൊന്ന്. ഏറെ കാലമായി ആവശ്യപ്പെടുന്നതാണ് രാമേശ്വരം ട്രെയിന്‍. നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.
ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളായ രാമേശ്വരം, പളനി എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ സഹായകമാകും പുതിയ ട്രെയിന്‍. ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമാണ് മംഗളൂരൂ-രാമേശ്വരം എക്‌സ്പ്രസിനുണ്ടാകുക. അതേസമയം, താമ്പരം-മംഗളൂരു ജങ്ഷന്‍ റൂട്ടില്‍ അമൃത ഭാരത് എക്‌സ്പ്രസ് ആണ് സര്‍വീസിന് ഒരുങ്ങുന്നത് എന്ന് ദക്ഷിണ റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് ഒന്നിന് നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. മധുരയില്‍ വച്ചാണ് പരിപാടി. മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്പ്രസ്, താമ്പരം-മംഗളൂരു ജങ്ഷന്‍ അമൃത ഭാരത് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-ചര്‍ലപള്ളി അമൃത ഭാരത് എക്‌സ്പ്രസ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
ട്രെയിന്‍ സമയം ഇങ്ങനെ
16621/16622 എന്ന നമ്പറിലുള്ള ട്രെയിന്‍ ആണ് രാമേശ്വരം-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. എല്ലാ ശനിയാഴ്ചയും വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
2024 മാര്‍ച്ചില്‍ മംഗളൂരു-രാമേശ്വരം ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും സര്‍വീസ് സാധ്യമായിരുന്നില്ല. പാമ്പന്‍ പാലത്തിന്റെ പണി ഉള്‍പ്പെടെ പല തടസങ്ങള്‍ കാരണം സര്‍വീസ് തുടങ്ങുന്നത് നീട്ടി വയ്ക്കുകയായിരുന്നു. രാമേശ്വരം റെയില്‍വെ സ്റ്റേഷനിലും ഒട്ടേറെ നവീകരണം നടത്തേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാമ്പന്‍ പാലം വീണ്ടും സജ്ജമായതോടെയാണ് ട്രെയിന്‍ വേണമെന്ന ആവശ്യം സജീവമായത്.
രാമേശ്വരത്തുള്ള നിരവധി മല്‍സ്യത്തൊഴിലാളികള്‍ മംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് കൂടി നേട്ടമാകും പുതിയ സര്‍വീസ്. കൂടാതെ മലബാറിലെ തീര്‍ഥാടകര്‍ക്കും ഗുണം ചെയ്യും. പളനിയിലേക്കും രാമേശ്വരത്തേക്കും പോകുന്നവര്‍ക്ക് ഈ ട്രെയിന്‍ തിരഞ്ഞെടുക്കാം. ഇതുവരെ മലബാറില്‍ നിന്ന് നേരിട്ട് രാമേശ്വരത്തേക്ക് ട്രെയിന്‍ സര്‍വീസ് ഇല്ലായിരുന്നു.
മംഗളൂരുവില്‍ നിന്ന് തുടങ്ങി പാലക്കാട്, മധുര, മനമധുര തുടങ്ങിയ സ്റ്റേഷനുകള്‍ പിന്നിട്ടാണ് മംഗളൂരുവില്‍ നിന്നുള്ള പ്രതിവാര ട്രെയിന്‍ രാമേശ്വരത്തെത്തുക. രാമനാഥ സ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ രാമേശ്വരത്തുണ്ട്. തമിഴ്‌നാട്ടിലെ പ്രധാന ഹൈന്ദവ തീര്‍ഥാടന കേന്ദ്രമാണിത്.












Click it and Unblock the Notifications